Image

പതിനാലുകാരി ശ്രേയ രാമചന്ദ്രന് ഗ്ലോറിയ ബാരണ്‍ പ്രൈസ്‌

Published on 27 September, 2018
പതിനാലുകാരി ശ്രേയ രാമചന്ദ്രന് ഗ്ലോറിയ ബാരണ്‍ പ്രൈസ്‌
കാലിഫോര്‍ണിയ: ഇന്ത്യന്‍ കൗമാരക്കാരിയും പരിസ്ഥിതി സംരക്ഷണ വിദഗ്ധയുമായ ശ്രേയ രാമചന്ദ്രന്‍ 2018ലെ 'ഗ്ലോറിയ ബാരണ്‍ പ്രൈസ് ഫോര്‍ യംഗ് ഹീറോ'സിന് അര്‍ഹയായി. 14 കാരിയിയ ശ്രേയ ഈ അഭിമാന പുരസ്‌കാരം നേടുന്ന നോര്‍ത്ത് അമേരിക്കയിലെ 25 പേരിലൊരാളായി. 'ഗ്രേ വാട്ടര്‍ പ്രോജക്ടി'ന്റെ ഉപജ്ഞാതാവായ ശ്രേയയുടെ ജല സംരക്ഷണം മുന്‍നിര്‍ത്തിയുള്ള നിസ്തുല സംഭാവനകളെ മാനിച്ചാണ് ഗ്ലോറിയ ബാരണ്‍ പ്രൈസിന് തിരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

വീടുകളിലെയും മറ്റും സിങ്കുകളില്‍ നിന്നും കുളിമുറികളില്‍ നിന്നും വാഷിങ് മെഷീനില്‍ നിന്നുമൊക്കെ പുറം തള്ളുന്ന മലിന ജലമാണ് ഗ്രേ വാട്ടര്‍. ഈ മലിന ജലം ഉപയോഗ ശൂന്യമാണെന്ന പൊതു ധാരണ പൊളിച്ചെഴുതിക്കൊണ്ടാണ് ശ്രേയ ഗ്രേ വാട്ടര്‍ പ്രോജക്ടിന് രൂപം കൊടുത്തത്. ഇത്തരം മലിന ജലം പുനരുപയോഗിക്കാമെന്നും അതുവഴി കടുത്ത വരള്‍ച്ചയെ ഫലപ്രദമായി നേരിടാമെന്നും ശ്രേയ തന്റെ കഠിനാധ്വാനത്തിലൂടെ തെളിയിക്കുകയുണ്ടായി.

'ലോണ്ടറി റ്റു ലോണ്‍' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് കാലിഫോര്‍ണിയ പ്ലമ്പിങ് കോഡ് മനസിലാക്കിയ ഈ മിടുക്കി ജല സംരക്ഷണം സംബന്ധിച്ച് നിരവധി സെമിനാറുകള്‍ നടത്തിയിട്ടുണ്ട്. സോപ്പ് നട്‌സ് പോലെയുള്ള ഓര്‍ഗാനിക് ഡിറ്റര്‍ജന്റുകള്‍ ഗ്രേ വാട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വസ്ത്രങ്ങളും മറ്റും അലക്കുന്നതിനുള്ള ചെലവ് കുറഞ്ഞവയും ലോകമെമ്പാടും സുലഭമായി ലഭിക്കുന്നതുമായ ഒരു മാംസള ഫലമാണ് സോപ്പ് നട്ട്. ഇത് വെള്ളത്തിലിട്ടാല്‍ സോപ്പിന്റേതുപോലെ പതയുണ്ടായിവരും. 

സോപ്പ് നട്ടിന്റെ പാരിസ്ഥിതിക സുരക്ഷ സംബന്ധിച്ച് ശ്രേയ കഠിന ഗവേഷണങ്ങള്‍ നടത്തുകയുണ്ടായി. മൂന്നു വര്‍ഷത്തെ ഗവേഷണ പഠനങ്ങള്‍ക്കൊടുവില്‍ സോപ്പ് നട്ട് ഗ്രേ വാട്ടര്‍ മണ്ണിനോ മനുഷ്യനോ ചെടികള്‍ക്കോ ജലജീവികള്‍ക്കോ യാതൊരു ദോഷവുമുണ്ടാക്കില്ലെന്ന് കണ്ടെത്തി. ഗ്രേ വാട്ടറിന്റെ പുനരുപയോഗം പ്രചരിപ്പിക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി ശ്രേയ ഇപ്പോള്‍ കാലിഫോര്‍ണിയയിലെ നിരവധി വാട്ടര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

തന്റെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രസിഡന്റിന്റെ എണ്‍വയണ്‍മെന്റല്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ശ്രേയയെ തേടിയെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ 'ഗ്ലോബല്‍ വെയ്‌സ്റ്റ് വാട്ടര്‍ ഇനിഷ്യേറ്റീവി'ല്‍ പങ്കാളിയാവാന്‍ ശ്രേയയെ ക്ഷണിച്ചിട്ടുണ്ട്. എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ഗ്രേ വാട്ടര്‍ കരിക്കുലം' തയ്യാറാക്കുന്ന തിരക്കിലുമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാന ഭാജനമായി മാറിക്കഴിഞ്ഞ ശ്രേയ. ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍കരിക്കുന്നതിനും, എളിയ തുടക്കങ്ങള്‍ സമൂഹ നന്‍മയ്ക്കുള്ള  വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന സന്ദേശം പകരുന്നതിനും വേണ്ടിയാണ് ഈ പാഠ്യ പദ്ധതിക്ക് കൊച്ചു ശ്രേയ രൂപം നല്‍കുന്നത്.

''എന്റെ സമൂഹത്തില്‍ ഗുണപരവും സുനിശ്ചിതവുമായ സ്വാധീനം ചെലുത്താന്‍ എനിക്ക് സാധിക്കുമെന്ന് ചെറുപ്പത്തിലേ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു. ഒരു മാറ്റത്തെക്കുറിച്ച് ചിന്തിച്ചാല്‍ മറ്റുള്ളവര്‍ അത് എനിക്കുവേണ്ടി ചെയ്തുതരുമെന്ന് വിശ്വസിച്ച് കാത്തുനില്‍ക്കാതെ ഞാന്‍ തന്നെ മുന്നിട്ടിറങ്ങി അക്കാര്യം നിര്‍വഹിക്കും...'' തികഞ്ഞ ആത്മവിശ്വാസത്തോടെ ശ്രേയ പറയുന്നു. 

അമേരിക്കന്‍ ഫാന്റസി സാഹിത്യകാരനും  റോഡ്‌സ് സ്‌കോളറുമായ കൊളറാഡോയിലെ തോമസ് ആര്‍ച്ചിബാള്‍ഡ് ബാരന്റെ പേരില്‍ 2001ലാണ് ഗ്ലോറിയ ബാരണ്‍ പ്രൈസ് ഏര്‍പ്പെടുത്തിയത്. സമൂഹത്തെ പ്രചോദിപ്പിക്കുന്ന, ദീര്‍ഘ വീക്ഷണമുള്ള, ഓജസുള്ള നോര്‍ത്ത് അമേരിക്കക്കാരായ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നതാണ് ഈ പുരസ്‌കാരത്തിന്റെ ലക്ഷ്യം. 

സമൂഹത്തിനും പരിസ്ഥിതിക്കും വേണ്ടി സുപ്രധാനവും ശ്രദ്ധേയവും ക്രിയാത്മകവുമായ സംഭാവനകള്‍ ചെയ്യുന്ന എട്ടിനും 18നും ഇടയ്ക്ക് പ്രായമുള്ള 25 വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ഷം തോറും ഈ വിശിഷ്ട അംഗീകാരം നല്‍കുന്നത്. ഇക്കുറി ശ്രേയയുടെ പുരസ്‌കാര ലബ്ധിയിലൂടെ ഇന്ത്യന്‍ സമൂഹവും അഭിമാനിതരാവുന്നു.

പതിനാലുകാരി ശ്രേയ രാമചന്ദ്രന് ഗ്ലോറിയ ബാരണ്‍ പ്രൈസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക