Image

സുപ്രീം കോടതി വിധി അക്ഷരംപ്രതി നടപ്പിലാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍

ബാലഗോപാല്‍ .ബി.നായര്‍ Published on 04 October, 2018
സുപ്രീം കോടതി വിധി അക്ഷരംപ്രതി നടപ്പിലാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍
' സാധാരണ നിലയില്‍ ഇന്ന് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അനുമതി സുപ്രിം കോടതി നല്‍കി കഴിഞ്ഞു. സുപ്രിം കോടതി അനുമതി നല്‍കിക്കഴിഞ്ഞാല്‍ മറ്റൊരു നിയമം ഉണ്ടാകുന്നതുവരെ അതാണ് നിയമം. അതിനാവശ്യമായിട്ടുള്ള നടപടികളെല്ലാം സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് '

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനം സംബന്ധിച്ച് റിപ്പോട്ടര്‍ ടി വി യുടെ വെബ്ബില്‍ വന്ന വാര്‍ത്ത ആണിത്. വാര്‍ത്ത സമ്മേളനം ഞാന്‍ കണ്ടില്ല. പക്ഷേ ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് ഈ പോസ്റ്റ്.

പരമോന്നത നീതി പീഠം ആയ സുപ്രീം കോടതിയുടെ വിധികളോട് പിണറായി വിജയന്‍ സര്‍ക്കാരിന് ഇത്ര ബഹുമാനം തോന്നുന്നത് കാണുമ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷം തോനുന്നു. കേരളത്തിലെ മറ്റൊരു സര്‍ക്കാരും സുപ്രീം കോടതി വിധികളെ ഇത്ര അധികം ബഹുമാനിച്ച് കണ്ടിട്ടില്ല. എനിക്ക് നേരിട്ട് അറിവുള്ള ചില കേസുകളുടെ ചരിത്രം ഇവിടെ കുറിക്കാം.

1. 2016 ഡിസംബര്‍ 16 

ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് ദേശിയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ മദ്യവില്‍പ്പന ശാലകളും 2017 മാര്‍ച്ച് 31 നകം പൂട്ടാന്‍ നിര്‍ദേശിച്ചു.

പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്ത നടപടി : 2017 ഫെബ്രുവരിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ പക്കല്‍ ഒരു നിയമ ഉപദേശം വാങ്ങി. ആര്‍ക്കും മനസിലാകുന്ന ഇംഗ്ലീഷില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ വിധിയെ കുറിച്ചാണ് മുകുള്‍ റോത്തഗിയില്‍ നിന്ന് നിയമ ഉപദേശം വാങ്ങിയത്. മുകുള്‍ റോത്തഗി നല്‍കിയ ഉപദേശം ഇതായിരുന്നു ' നിരോധനം ബാറുകള്‍ക്കും, ഹോട്ടലുകള്‍ക്കും ബാധകം അല്ല'.

ബാര്‍ ഉടമകളെ ബാധിക്കുന്ന വിധി ഉണ്ടായപ്പോള്‍ സുപ്രീം കോടതി വിധിയോട് മുഖ്യമന്ത്രി ഇന്ന് കാണിച്ച ബഹുമാനം ഒന്നും അന്ന് കണ്ടില്ല.

2. 2017 മാര്‍ച്ച് 22 

ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച്, അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചട്ട വിരുദ്ധമായി പ്രവേശനം കരസ്ഥമാക്കിയ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഉത്തരവിട്ടു. 

കോടതിയോട് അതിയായ ബഹുമാനം ഉള്ള പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ രണ്ട് കോളേജുകളിലെയും വിദ്യാര്‍ത്ഥി പ്രവേശനം ക്രമ പെടുത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കുക ചെയ്തത്. പിന്നീട് ഓര്‍ഡിനന്‍സ് സുപ്രീം കോടതി വീണ്ടും സ്‌റ്റേ ചെയ്തു. നിയമസഭാ വിളിച്ച് കൂട്ടി നിയമ നിര്‍മ്മാണം നടത്തിയാണ് ഈ വിദ്യാഭ്യാസ കോഴ കച്ചവടം സര്‍ക്കാര്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചത്. 

കോടതി വിധിയോട് അന്ന് കാണിച്ച ബഹുമാനം ഒക്കെ കേരളം കണ്ടെത്തതാണ്.

3. 2017 ഏപ്രില്‍ 24 

ജസ്റ്റിസ് മാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ടി പി സെന്‍കുമാറിനെ ഡി ജി പി ആയി വീണ്ടും നിയമിക്കാന്‍ ഉത്തരവിട്ടു.

കോടതിയോട് അതിയായ ബഹുമാനം ഉള്ള പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ഒടുവില്‍ സുപ്രീം കോടതിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക് മാപ്പ് പറയേണ്ടി വന്നു. 

3. 2017 ജൂലൈ 3 

ജസ്റ്റിസ് മാരായ അരുണ്‍ മിശ്ര അമിതാവ റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് മലങ്കര ഓര്‍ത്തോഡോക്‌സ് സഭാ തര്‍ക്ക കേസില്‍ വിധി പ്രസ്താവിച്ചു.

1934 ലെ മലങ്കര സഭാ ഭരണഘടന പ്രകാരം ആണ് മലങ്കര പള്ളികളുടെ ഭരണം നടത്തണം എന്നായിരുന്നു വിധി. 

തര്‍ക്കത്തില്‍ കിടക്കുന്ന പള്ളികള്‍ 1934 ലെ മലങ്കര സഭാ ഭരണഘടന പ്രകാരം ഭരിക്കണം എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ പിറവം പള്ളിയുടെ കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ താത്പര്യം ഉണ്ട്. ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് പിറവം പള്ളിയുടെ കാര്യം അറിയാന്‍ താത്പര്യം പ്രകടിപ്പിച്ചത്. മണര്‍കാട് പള്ളിയുടെ കാര്യവും അറിയാന്‍ താത്പര്യം ഉണ്ട്.

4. തെരുവ് നായകളുടെ കടി ഏറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന വിധി നടപ്പിലാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒടുവില്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ വിളിച്ച് വരുത്തി കോടതി അലക്ഷ്യ നടപടി സ്വീകരിക്കും എന്ന് ഭീഷണി പെടുത്തിയതിന് ഞങ്ങള്‍ പലരും സാക്ഷി ആണ്. നഷ്ടപരിഹാരം നല്‍കണം എന്ന ആദ്യ വിധിയോട് സര്‍ക്കാര്‍ എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാണ് നീട്ടി കൊണ്ട് പോയത്.

ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍.

കോടതി വിധികളെ മാനിക്കാതെ മറ്റ് വഴികള്‍ ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നിയത് വെറുതെ അല്ല എന്ന് മനസിലായെല്ലോ.

Join WhatsApp News
Dr.Philip George 2018-10-05 07:46:13
Excellent  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക