ഹ്യൂസ്റ്റന്‍ : മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്റെ ഈ വര്‍ഷത്തെ (2012)
മാര്‍ച്ചുമാസ സമ്മേളനം ഏപ്രില്‍ 1-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫൊര്‍ഡ്
ഡിസ്‌ക്കൗന്‍ട് ഗ്രോസേഴ്‌സിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ സമ്മേളിച്ചു.
മതത്തിനും സമൂദായത്തിനും അതീതമായി ചിന്തിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും
ചെയ്ത, കാലംചെയ്ത ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്റെ
മാനവ്യദര്‍ശനമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.
മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അദ്ധ്യക്ഷതവഹിച്ച
സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മണ്ണിക്കരോട്ടിന്റെ
സ്വാഗതപ്രസംഗത്തില്‍, ഗ്രീഗോറിയോസ് കാലത്തെ അതിജീവിച്ച, കഴിഞ്ഞ
നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാന്മാരില്‍ പ്രധാനപ്പെട്ട
ഒരാളായിരുന്നുവെന്ന് അറിയിച്ചു.
അമേരിക്കയില്‍ ഗ്രിഗൊറിയന്‍ വിഷന്റെ പ്രചാരകനും സാഹിത്യകാരനുമായ ജോണ്‍
കുന്നത്തായിരുന്നു മുഖ്യപ്രഭാഷകന്‍. അദ്ദേഹം സമ്മേളനത്തില്‍
പങ്കെടുത്തവരില്‍ മാര്‍ ഗ്രീഗോറിയോസിനെ അറിയാവുന്നവരില്‍നിന്നും
പരിചയമുള്ളവരില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു.
ബഹുഭാഷാപണ്ഡിതന്‍, തത്വചിന്തകന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, പ്രസംഗകന്‍
എന്നീ നിലകളില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു മാര്‍ ഗ്രീഗോറിയോസ്.
അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും മിക്കവാറും
അന്താരാഷ്ട്രതലങ്ങളിലായിരുന്നു. മനുഷ്യസ്വഭാവത്തിന്റെ ആഴവും പരപ്പും
അന്തസും ആത്യന്തികമായ ഭാഗധേയവും എന്താണെന്ന് അദ്ദേഹം അന്വേഷിച്ചു. വേള്‍ഡ്
കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റായിരിന്ന മാര്‍ ഗ്രീഗോറിയോസാണ്
1993-ല്‍ ചിക്കാഗൊയില്‍ നടന്ന ലോകമതസമ്മേളനം ഉദ്ഘാടനം ചേയ്ത് പ്രസംഗിച്ചത്.
സ്വാമി വിവേകനാന്ദന്‍ 1893-ല്‍ പങ്കെടുത്ത ലോകമതസമ്മേളനത്തിന്റെ നൂറാം
വാര്‍ഷികമായിരുന്നു അത്. മതസൗഹാര്‍ദ്ദത്തിലൂടെ മാനവസാഹോദര്യം എന്ന സ്വാമി
വിവേകാനന്ദന്റെ സന്ദേശം മാര്‍ ഗ്രീഗോറിയോസ് ആവര്‍ത്തിച്ചു.
വിവേകാനന്ദനുശേഷം വിദേശസര്‍വ്വകലാശാലകളില്‍ ഭാരതത്തിന്റെ വിജയപതാക
പാറിച്ചയാളാണ് പൗലോസ് മാര്‍ ഗ്രീഗോറിയോസ് എന്ന് സുകുമാര്‍ ആഴിക്കോട്
അഭിപ്രായപ്പെട്ടിരുന്നു.
1922-ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ച പോള്‍ വര്‍ഗ്ഗീസ് പിന്നീട് ഇന്‍ഡ്യന്‍
ഓര്‍ത്തഡോക്‌സ് സഭയിലെ പൗലോസ് മാര്‍ ഗ്രീഗോറിയോസ് ആകുകയായരിന്നു. ജോണ്‍
കുന്നത്ത് മാര്‍ ഗ്രീഗോറിയോസിന്റെ ജീവിതദര്‍ശനത്തിന്റെ വിവിധ തലങ്ങള്‍
വിവരിച്ചു പ്രസംഗിച്ചു. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് 1996-ല്‍
കാലംചെയ്തു.
തുടര്‍ന്ന് ജി. പുത്തന്‍കുരിശ് ‘അടിമത്തത്തിന്റെ നിഴലില്‍’ എന്ന കവിത
അവതരിപ്പിച്ചു. 2010-ല്‍ മോറട്ടേനിയ എന്ന ആഫ്രിക്കന്‍ രാജ്യത്തെ
അടിമത്തത്തില്‍നിന്നും രക്ഷപെട്ട മോള്‍ക്കീര്‍ മിന്റ് യാര്‍ബ (Molkeer Mint
Yaarba) എന്ന സ്ത്രീയ്ക്ക് യജമാനനില്‍നിന്നും ഏറ്റുവാങ്ങേണ്ടിവന്ന
കദനകഥയുടെ വിലാപരൂപമാണ് പ്രസ്തുത കവിത. അവള്‍ക്ക് യജമാനനില്‍നിന്നും പിറന്ന
കുഞ്ഞിനെ അയാള്‍തന്നെ പെരിയുന്ന വെയിലില്‍ പൊള്ളുന്ന മണല്‍കൂമ്പാരത്തില്‍
വലിച്ചെറിഞ്ഞു കൊല്ലുന്ന സംഭവത്തെ ആസ്പദമാക്കി രചിച്ച, ആരേയും
നൊമ്പരപ്പെടുത്തുന്ന കവിതയാണ് അടിമത്തത്തിന്റെ നിഴല്‍.
തുടര്‍ന്നു ചര്‍ച്ചയില്‍ ഫാ. ജോണ്‍ ഗീവര്‍ഗീസ്, തോമസ് വൈക്കത്തുശ്ശേരി,
ജോസഫ് കരിപ്പായില്‍, ടി.എന്‍. ശാമുവല്‍, നൈനാന്‍ മാത്തുള്ള, എ.സി. ജോര്‍ജ്,
ഈശോ ജേക്കബ്, ജോസഫ് തച്ചാറ, ഫിലിപ്പ് തെക്കേല്‍, ബൈജു, ജോണ്‍ മാത്യു, ബേബി
മാത്യു, സക്കറിയ വില്ലി, ജോളി വില്ലി, ജി. പുത്തന്‍കുരിശ്, ജോര്‍ജ്
മണ്ണിക്കരോട്ട് എന്നിവര്‍ സജീവമായി പങ്കെടുത്തു. മലയാളം സൊസൈറ്റിയുടെ വൈസ്
പ്രസിഡന്റ് ജോളി വില്ലിയുടെ നന്ദി പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്)
281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281
998 4917,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217