Image

ശബരിമലയെ തകര്‍ക്കാന്‍ പ്രത്യക്ഷമായ ശ്രമം നടന്നാല്‍ കനത്ത വില കൊടുക്കേണ്ടി വരും: കെ. സുരേന്ദ്രന്‍.

Published on 19 October, 2018
ശബരിമലയെ തകര്‍ക്കാന്‍ പ്രത്യക്ഷമായ ശ്രമം നടന്നാല്‍ കനത്ത വില കൊടുക്കേണ്ടി വരും:  കെ. സുരേന്ദ്രന്‍.


കോഴിക്കോട്‌: ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം കയ്യിലെടുക്കാന്‍ മടിക്കില്ലെന്ന്‌ ബിജെപി നേതാവ്‌ കെ. സുരേന്ദ്രന്‍. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. സര്‍ക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ്‌ ശബരിമലയില്‍ നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ശബരിമലയെ തകര്‍ക്കാന്‍ പ്രത്യക്ഷമായ ശ്രമം നടന്നാല്‍ കനത്ത വില കൊടുക്കേണ്ടി വരും. വേണമെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും. ഇത്‌ വരെ സമാധാനപരമായാണ്‌ ഇടപെട്ടത്‌. ഇത്‌ എല്ലായ്‌പോഴും ഉണ്ടാവില്ല. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇടപെടണം. രക്തച്ചൊരിച്ചില്‍ ഉണ്ടാവണ്ട എന്നാണ്‌ ബി.ജെ.പിയുടെ നിലപാട്‌. അതിന്‌ സമ്മതിക്കില്ല എന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. കടകംപള്ളി നിരത്തിലിറങ്ങില്ല. സി പി എം രാഷ്ട്രീയം കളിച്ചാല്‍ ഞങ്ങളും കളിക്കും.സുരേന്ദ്രന്‍ പറഞ്ഞു.

റിവ്യൂ പെറ്റീഷന്‍ വരുന്നതിനു മുമ്പ്‌ യുവതികളെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും മന്ത്രിയും സര്‍ക്കാരും ചേര്‍ന്ന്‌ നടത്തുന്ന തന്ത്രമാണ്‌ നടക്കുന്നത്‌. ശബരിമല തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. യുവതികള്‍ക്ക്‌ പോലീസ്‌ വേഷം നല്‍കിയതില്‍ മുഖ്യമന്ത്രി മറുപടി പറയണം. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടാണ്‌ എത്തിയതെന്നാണ്‌ യുവതിയുടെ കൂടെവന്നയാള്‍ പറഞ്ഞത്‌. സര്‍ക്കാര്‍ ഗൂഢാലോചനയാണ്‌ നടന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. അന്യമതവിശ്വാസികള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നത്‌ ആത്മീയ നേതാക്കള്‍ തടയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക