Image

നിങ്ങള്‍ എന്തുകൊണ്ട് വോട്ടു ചെയ്യണം (ജി. പുത്തന്‍കുരിശ്)

Published on 21 October, 2018
നിങ്ങള്‍ എന്തുകൊണ്ട് വോട്ടു ചെയ്യണം (ജി. പുത്തന്‍കുരിശ്)
മുപ്പത്തിയഞ്ചു വികസിത രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കഴിഞ്ഞ ദേശീയ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് ജനങ്ങള്‍ വോട്ടിങ്ങില്‍ പങ്കെടുത്ത രാജ്യം അമേരിക്കയാണെന്ന് പറഞ്ഞാല്‍ അവിശ്വസിനീയമായി തോന്നിയേക്കാം. ആയിരത്തി തൊള്ളായിരത്തി അറുപത്തിയെട്ടിനു ശേഷം രണ്ടായിരത്തി എട്ടില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍സ് വോട്ട് ചെയ്യതതെന്ന് നാം വീമ്പിളക്കുമ്പോഴും, പതിനെട്ടു വയസ്സിനും അതിനു മുകളില്‍ലുള്ളുവരുമായ പത്ത് പേരില്‍ നാലുപേര്‍ വോട്ട് ചെയ്യാതെ വീട്ടിലിരുന്നു എന്നതാണ് സത്യം. ലോകത്തിലെ ഏറ്റവും പഴയതും അവിച്ഛിന്നമായ ജനാധിപത്യമാണ് അമേരിക്കയെങ്കില്‍ തന്നെ അനുഭവവും വോട്ടു ചെയ്യാനുള്ള ഔല്‍സുക്യവും തമ്മിലുള്ള അന്തരം എത്രയുണ്ടെന്ന് മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നു

ജനങ്ങള്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് അവരെ നിരുത്സാഹപ്പെടുത്തുന്ന പല ഘടകങ്ങളുമുണ്ട്. രാഷ്ട്രീയത്തിലുള്ള പണത്തിന്റെ സ്വാധീനം, ഇലക്ടറല്‍ കോളേജ് സംവിധാനം (ഒരു സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ വോട്ട് കിട്ടിയതുകൊണ്ട് ആ സ്ഥാനാര്‍ത്ഥി വിജയക്കണമെന്നില്ല. ഇലക്ടറല്‍ കോളേജിന്റെ വോട്ടിന്റെ അടാസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്), ജെറിമാന്‍ഡറിങ്ങ് (ഒരു പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി നിയോജക മണ്ഡലത്തിലെ സമ്മതിദായകരുടെ ജാതി വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ അനുസരിച്ച് ആ മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ മാറ്റി മറിക്കുന്ന രീതി), കണ്‍ഗ്രഷണല്‍ ഡിസ്റ്ററിക്ക് (കോണ്‍ഗ്രസ്സിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ഒരോ പത്തുവര്‍ഷവും നടത്തുന്ന ജനസംഖ്യ കണക്കെടുപ്പു പ്രകാരമാണ്. എഴുനൂറ്റി പതിനൊന്നായിരം ജനങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്ന കണക്കനുസരിച്ച്) തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ജനങ്ങള്‍ക്ക് അവരുടെ വോട്ടിനെ കുറിച്ചുള്ള മതിപ്പ് കുറയ്ക്കുന്നു മിഡ്‌ടേം ഇലക്ഷനില്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാത്തതുകൊണ്ട് വോട്ട് ചെയ്യാന്‍ പോകുന്നവരുടെ എണ്ണം പൊതു തിരഞ്ഞെടുപ്പിനെക്കാള്‍ വളരെ കുറവാണ്.

ഒരു പ്രസിഡണ്ടിന് എന്ത് ചെയ്യാന്‍ കഴിയുമെന്നത് ആ പ്രസിഡണ്ടിന്റെ കോണ്‍ഗ്രസ്സിലും സെനറ്റിലുമുള്ള സ്വധീനത്തെ ആശ്രയിച്ചിരിക്കും. ഭരണത്തിലിരിക്കുന്ന പ്രസിഡണ്ടിന്റെ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സിലും സെനറ്റിലും ഭൂരിപക്ഷം കിട്ടുന്നില്ലങ്കില്‍ ആ പ്രസിഡണ്ട് ഒരു മുടന്തന്‍ താറാവിന് സമമായിരിക്കും. ജനങ്ങള്‍ വോട്ടു ചെയ്യാന്‍ പോകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. ചിലര്‍ക്ക് സമ്പത്ത് വ്യവസ്ഥയാണ് കാരണമെങ്കില്‍ മറ്റു ചിലര്‍ക്ക് ഇമിഗ്രേഷനായിരിക്കും, ചിലര്‍ക്ക് പ്രോ ചോയിസാണെങ്കില്‍ മറ്റ് ചിലര്‍ക്ക് പ്രോ ലൈഫ് ആയിരിക്കും ചിലര്‍ക്ക് മിനിമം വേജ് കൂട്ടാനാണെങ്കില്‍ മറ്റു ചിലര്‍ക്ക് ഹെല്‍ത്ത് ഈഷ്വറന്‍സായിരിക്കും കാരണം. എന്തായാലും ജനം വോട്ട് ചെയ്യുന്നില്ലാ എങ്കില്‍ അവര്‍ പിന്‍ന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്കോ അവരുടെ പാര്‍ട്ടിക്കോ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

ഏറ്റവും കൂടുതല്‍ ജനം വോട്ടു ചെയ്യാന്‍ പോകുന്നത് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തീകരിക്കുന്നു. മിക്കവാറും മിഡ്‌ടേമില്‍ വളരെ കുറച്ചു ജനങ്ങളെ വോട്ടു രേഖപ്പെടുത്താറുള്ളുയെന്ന് കണക്കുകള്‍ രേഖപ്പെടുത്തുന്നു. രണ്ടായിരത്തി പതിനാലില്‍ രണ്ടായിരത്തി പന്ത്രണ്ടിനേക്കാള്‍ ഇരുപത്തി ഒന്‍പത് ശതമാനം കുറവ് വെളുത്ത വര്‍ഗ്ഗക്കാരാണ് മിഡ് ടേമില്‍ വോട്ട് ചെയ്തത്. ആ സമയത്ത് തന്നെ നാല്‍പ്പത് ശതമാനം കുറവ് കറുത്ത വര്‍ഗ്ഗക്കാരും നാല്‍പ്പത്തി മൂന്ന് ശതമാനം കുറവ് ഏഷ്യന്‍ അമേരിക്കന്‍സും, നാല്‍പ്പത്തി നാല് ശതമാനം കുറവ് ലറ്റീനോകളുമാണ് വോട്ട് ചെയ്തത്. ഇടക്കാല തിരഞ്ഞെടുപ്പിനെ ജനം അവഗണിക്കുമ്പോള്‍ അതിന്റെ അനന്തര ഫലം വര്‍ഷങ്ങളോളം പ്രതിധ്വനിക്കുമെന്നുള്ളതാണ് സത്യം. അല്ലെങ്കില്‍ നിങ്ങളുടെ പ്രസിഡണ്ട് അഥവാ പാര്‍ട്ടി ഒരു മുടന്തന്‍ താറാവായി മാറും.

നിങ്ങള്‍ വോട്ട് ചെയ്യാതിരുന്നാല്‍ നങ്ങളുടെ അവകാശങ്ങളും നിങ്ങള്‍ക്ക് കിട്ടേണ്ട വിഭവങ്ങളും വോട്ടു ചെയ്തവര്‍ക്ക് പങ്കിട്ടു കൊടുക്കും. രണ്ടായിരത്തി പന്ത്രണ്ടില്‍ ഡാര്‍ട്ട് മൗത്തിലേയും എയിലിലേയും സാമ്പത്തിക വിദസ്ദ്ധര്‍ നടത്തിയ പഠനത്തില്‍, ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ചിലെ വോട്ടിങ്ങ് റൈറ്റ്‌സ് ആക്ട്(തെക്കന്‍ സംസ്ഥാനങ്ങളിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ ലിറ്റററി ടെസ്റ്റ് പാസാകണം എന്ന നിയമത്തെ അസാധുവാക്കികൊണ്ടുള്ള നിയമം) പ്രകാരം തെക്കന്‍ സംസ്ഥാനങ്ങളിലെ സമ്പത്ത് കറുത്ത വര്‍ഗ്ഗക്കാര്‍ തിങ്ങി പാര്‍ക്കുന്ന കൗണ്ടികളിലേക്ക് മാറ്റുകയുണ്ടായി. അത്‌പോലെ തന്നെ ജനങ്ങള്‍ വോട്ട് ചെയ്യാതിരുന്നാല്‍ ജെറിമാന്‍ഡറിങ്ങിലൂടെയും കണ്‍ഗ്രഷണല്‍ ഡിസ്റ്ററിക്കിങ്ങിലൂടെയും അവര്‍ക്ക് കിട്ടേണ്ട ആനുകുല്യങ്ങള്‍ മറ്റുള്ളവര്‍ കരസ്ഥമാക്കും.

നിങ്ങള്‍ ഇഷ്ടപ്പെടാത്ത വ്യക്തി തിരഞ്ഞെടുക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ തന്നേയും, നിങ്ങള്‍ വോട്ടു ചെയ്യാതിരിക്കരുത്. കാരണം അവരു നേടുന്ന അല്ലെങ്കില്‍ നേടിക്കൊണ്ടിരുന്ന വോട്ടിന്റെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം വരുത്തുവാന്‍ സഹായിക്കും. അത് അവരുടെ നിലപാടുകളെ മറ്റുള്ളവരെയും ഉള്‍കൊള്ളത്തക്ക രീതിയില്‍ മാറ്റുവാന്‍ നിര്‍ബന്ധിതരാക്കും. മൂന്നാമതൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണ്ട വന്നാലും അതില്‍ തെറ്റില്ലായെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ റോസ് പെറോട്ടിന്റെ സ്ഥാനാര്‍ത്തിത്വവും അയാള്‍ നേടിയ വോട്ടും അമേരിക്കയുടെ കമ്മി ബഡ്ജറ്റിനെ മിച്ച ബഡ്ജറ്റാക്കി മാറ്റാന്‍ തക്കവണ്ണം ബില്‍ ക്ലിന്റണെ നിര്‍ബന്ധിതനാക്കി എന്നുള്ളതാണ്.

വോട്ടു ചെയ്യാനുള്ള അവകാശം അമേരിക്ക അടക്കം പലരാജ്യങ്ങളിലേയും ജനങ്ങള്‍ സമരങ്ങളിലൂടേയും പോരാട്ടങ്ങളിലുടേയും നേടിയെടുത്തതാണ്. പല രാജ്യങ്ങളും അതിനായി ഇന്നും മല്ലിടുകയും പോരാടുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടം ഈ രാജ്യത്തിനുണ്ടായിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍സ്, ലറ്റീനോസ്, ഏഷ്യന്‍സ് അങ്ങനെ പലരും ഇന്നും വോട്ടു ചെയ്യുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നിങ്ങളുടെ വോട്ട് എത്രമാത്രം വിലപ്പെട്ടതെന്ന് തിരിച്ചറിയുക. അമേരിക്കയുടെ അനേക ട്രില്ലിയണ്‍ ഡോളറിന്റെ കടം ഇല്ല,ായ്മ ചെയ്യാന്‍ സോഷ്യല്‍ സെക്യൂരിറ്റിയും, മെഡക്കെയറും, മെഡിക്കെയിഡും വെട്ടി ചുരുക്കണമെന്ന് മിച്ച് മക്കാനലിനിനെ പോലുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍, നിങ്ങള്‍ നിസംഗരായി വോട്ട് ചെയ്യാതിരിക്കുമെങ്കില്‍, അത് നിങ്ങളുടെ തന്നെ അടിത്തറ തോണ്ടുകയായിരിക്കും ചെയ്യുന്നത്.

“തിരഞ്ഞെടുപ്പ് ജനങ്ങളുടേതാണ്. അത് അവര്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു. ആളി കത്തുന്ന അഗ്‌നിക്കെതിരെ അവര്‍ പുറം തിരിഞ്ഞു നിന്നാല്‍ അവര്‍ക്ക് അവരുടെ പൊള്ളി പൊങ്ങിയ കുമിളകളുടെ മേല്‍ ഇരിക്കേണ്ടി വരും” (എബ്രഹാം ലിങ്കണ്‍)     
നിങ്ങള്‍ എന്തുകൊണ്ട് വോട്ടു ചെയ്യണം (ജി. പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക