Image

വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച

ഫ്രാന്‍സിസ് തടത്തില്‍ Published on 26 October, 2018
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
ന്യൂജേഴ്സി: നൃത്തകലയുടെ വിവിധ ലയ ഭാവങ്ങള്‍ മിന്നിത്തെളിയുന്ന കലാശ്രീ സ്‌കൂള്‍ ഓഫ് ആര്ട്‌സിന്റെ ദൃശ്യ വിരുന്നിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും കൊച്ചു കലാകാരികളെയും കലാകാരന്മാരെയും ചിലങ്ക അണിയിച്ചുകൊണ്ടു ആയിരത്തിലേറെ ശിഷ്യ സമ്പത്തതു നേടിയ അനുഗ്രഹീത നര്‍ത്തകിയും അതുല്യ കൊറിയോഗ്രാഫറും ലോക പ്രശസ്ത കലാകാരിയുമായ ബീന മേനോന്‍ എന്ന ഗുരുവിനു പ്രണാമമര്‍പ്പിച്ചുകൊണ്ടു കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഒരു പടികൂടി കടന്ന് 26 മത് വാര്‍ഷികം ആഘോഷിക്കുകയാണ്. 

ഒക്ടോബര് 27നു ശനിയാഴ്ച വൈകുന്നേരം നാലിന് ഈസ്റ്റ് ബേണ്‍സ് വിക്കിലുള്ള ജെ.എം.പി എ സി ഓഡിറ്റോറിയത്തിലാണ് 13 മത് ബി.ടി. മേനോന്‍ അവാര്‍ഡ് ദാന ചടങ്ങും വാര്‍ഷികാഘോഷവും ഗുരു പൂജയും അരങ്ങേറുക. ഒരു ഗുരുവിനു നല്‍കാവുന്ന ഏറ്റവും വലിയ സമര്‍പ്പണമായിരിക്കും ഈ കലാസന്ധ്യയില്‍ ഗുരു ബീന മേനോന്റ ശിഷ്യഗണങ്ങള്‍ രണ്ടു മണിക്കൂര്‍ നീണ്ട മികവുറ്റ നൃത്താവതരണത്തിലൂടെ നല്‍കുക.

അതുല്യ കലാകാരിയായ ബീന മേനോന്‍ എന്ന പ്രതിഭ തന്റെ കഴിവും സമയവും മുഴുവന്‍ നൃത്തം എന്ന കലയുടെ ഉപാസനത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ്. ജീവിതത്തില്‍ ബീന മേനോന് അമ്മയും സഹോദരിയും കഴിഞ്ഞാല്‍ സ്വന്തമായുള്ളത് താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന മകനും നൃത്തവും ഏറെ വാത്സല്യത്തോടെ വളര്‍ത്തി പരിപോഷിപ്പിച്ചു പരിപാലിച്ചു വരുന്ന ശിഷ്യ ഗണങ്ങളുമാണ്. ഗുരു-ശിഷ്യ ബന്ധത്തിന്റ മാറ്ററിയണമെങ്കില്‍ ആ ശിഷ്യഗണങ്ങളോടു ചോദിക്കൂ അവര്‍ക്കു ബീന ആന്റി ആരാണെന്ന്. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം സ്ഥാനം നല്‍കുന്ന അല്ലെങ്കില്‍ അവരേക്കാളേറെ ബഹുമാനം നല്‍കുന്ന മറ്റൊരാള്‍ ഇവരുടെ ജീവിതത്തിലുണ്ടെന്നു കണിശമായും കുരുന്നു ശിഷ്യഗണങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ പറയുകയില്ല. കഴിഞ്ഞ 26 വര്‍ഷമായി തുടരുന്ന ഈ ഗുരു ശിക്ഷ്യ ബന്ധങ്ങള്‍ വര്ഷം കൂടും തോറും ഊഷ്മളമായിക്കൊണ്ടിരിക്കുന്നു.

ഷൈനിംഗ് സ്റ്റാര്‍ ഓഫ് കേരള എന്ന ബഹുമതി ലഭിച്ചിട്ടുള്ള ബീന മേനോന്‍ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലായിരുന്നു.കോളേജ് പ്രൊഫസര്‍ ആയിരുന്ന അമ്മയുടെ ഇരട്ട കുട്ടികളില്‍ ഒരാള്‍ ഭര്‍ത്താവ് ബി.ടി. മേനോനുമൊത്തു അമേരിക്കയില്‍ കുടിയേറിയത് ദൈവ നിയോഗമാകാം. ഉടപിറന്നവള്‍ ചെന്നൈയില്‍ അമ്മയോടൊപ്പം മറ്റൊരു വലിയ പ്രസ്ഥാനം വളര്‍ത്തുന്നതിനും പങ്കാളിയായി. 50 വര്ഷം മുന്‍പ് 'അമ്മ തുടങ്ങിയ ചെറിയ സ്‌കൂള്‍ ഇന്ന് ചെന്നൈയിലെ അറിയപ്പെടുന്ന വലിയ ഒരു പ്രസ്ഥാനമായി മാറി. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയതുമൂലം 2 ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളുകളാണ് നടത്തി വരുന്നത്.

എന്നാല്‍ ഇങ്ങിവിടെ അമേരിക്കയില്‍ ഇരട്ടകളില്‍ ഒരാള്‍ തുടങ്ങിയ നൃത്ത വിദ്യാലയത്തിലൂടെ ചിലങ്കയണിഞ്ഞത് ആയിരത്തില്‍ പരം പ്രതിഭകളാണ്. ന്യൂജേഴ്സി , ന്യൂയോര്‍ക്ക്, കണക്ടിക്കട്ട് തുടങ്ങിയ സംസ്ഥാങ്ങളില്‍ ഓടി നടന്നു നൃത്തം അഭ്യസിപ്പിച്ചിരുന്ന ബീന മേനോന്‍ ഇപ്പോള്‍ ന്യൂജേഴ്സിയില്‍ മാത്രമാണ് നൃത്ത വിദ്യാലയം നടത്തുന്നത്. ന്യൂയോര്‍ക്കിലും കണക്കിറ്റിക്കെട്ടിലുമൊന്നും നല്ല നൃത്താദ്ധ്യാപകരില്ലാത്തതിനാല്‍ രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വാഴങ്ങിയായിരുന്നു ബീന മേനോന്‍ ഇത്രയും ദൂരം സഞ്ചരിച്ചു നൃത്തം അഭ്യസിപ്പിച്ചിരുന്നത്, ഇന്ന് സ്ഥിതി മാറി. 

അവിടെയെല്ലാം നിരവധി നൃത്ത വിദ്യാലയങ്ങള്‍ ആരംഭിച്ചു. എന്നിരുന്നാലും ബീന മേനോന്റെ ശിഷ്യസമ്പത്തില്‍ മാറ്റമൊന്നും സംഭവിച്ചില്ല. ബാഴ്സലോണയില്‍ നടന്ന ലോക നൃത്ത ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയെ പ്രതിനിധീകരിച്ചു ഒന്നാം സ്ഥാനം നേടിയ കലാശ്രീ സ്‌കൂളിലെ പരിശീലകയെന്ന നിലയില്‍ പ്രത്യേക പുരസ്‌കാരത്തിനും ബീന അര്ഹയായിട്ടുണ്ട്. കൂടാതെ എണ്ണിയാലൊടുങ്ങാത്തത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബീനയുടെ ഊണിലും ഉറക്കത്തിലും നൃത്തം മാത്രമാണ്. ബീന മേനോന്റെ ആദ്യകാല ശിഷ്യരില്‍ പലരും സ്വന്തമായി നൃത്ത വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്. അവരില്‍ ചിലരുടെ മക്കള്‍ ഇപ്പോള്‍ ബീന മേനോന്റെ ശിഷ്യരാണ്,

26 വര്ഷം മുന്‍പ് നൃത്ത വിദ്യാലയം ആരംഭിക്കുമ്പോള്‍ താങ്ങും തണലുമായിരുന്ന പ്രിയതമന്‍ ബി.ടി. മേനോന്‍ 14 വര്ഷം ഒരു സന്ധ്യയില്‍ കലയുടെ രംഗഭൂമി വിട്ടു സ്വര്‍ഗീയ ഭവനത്തിലേക്ക് യാത്രയായി. ചുരുങ്ങിയ കാലം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കയറിയ കലാശ്രീയുടെയും ബീന മേനോന്റെയും യശസ്സ് പരമോന്നതിയിലെത്തി നില്‍ക്കുമ്പോഴാണ് ബീന മേനോനോട് യാത്രപോലും ചോദിക്കാതെ തന്റെ വളര്‍ച്ചയുടെ വഴികാട്ടിയായിരുന്ന ബി. ടി മേനോന്റെ മരണം. ഭര്ത്താവിന്റെ വിയോഗം തീര്‍ത്ത ശൂന്യതയില്‍ കൂട്ടായുണ്ടായിരുന്നത് കൗമാരം പോലുമെത്താത്ത കൊച്ചു മകന്‍ മാത്രം.അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ നല്‍കിയ ആല്‍മവിശ്വാസം കൈമുതലാക്കി ജീവിത യാത്രയില്‍ പതറാതെ താന്‍ പഠിച്ച നൃത്തം ഉപാസനയായി എടുത്ത ബീന ഒരു കൂസലുമില്ലാതെ ജീവിതത്തോട് പടവെട്ടി വിജയിച്ചു. പിന്നീടങ്ങോട്ടു നൃത്ത പരിശീലനം ഒരു സപര്യയായെടുത്ത് രാപകലില്ലാതെ കഠിനാധ്വാനംകൊണ്ട് നൃത്ത വേദികളിലെ മത്സരങ്ങള്‍ ഒന്നൊന്നായി വിജയിച്ച കലാശ്രീ സ്‌കൂളും ബീന മേനോനും പ്രശസ്തിയുടെ ഉത്തുംകശൃംഗത്തിലെത്തി. 

 ബി.ടി. മേനോന്റെ മരണത്തിന്റെ പിറ്റേ വര്ഷം മുതല്‍ വാര്ഷികാഘോഷത്തോടപ്പം ആരംഭിച്ച ബി. ടി. മേനോന്‍ പുരസ്‌കാരവേളയില്‍ വികാരവായ്‌പോടെ പറയുന്ന വാക്കുകളാണ് ഈ കലാകാരിയുടെ വിജയ രഹസ്യം. എല്ലാ വര്‍ഷവും അവര്‍ പറയുന്നു ഇ'തെല്ലാം കണ്ടുകൊണ്ടു അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും'. ആഴ്ച്ചയില്‍ ഏഴുദിവസവും നൃത്തത്തിനായി മാത്രം സമര്‍പ്പിച്ചിരിക്കുന്ന ഈ മഹത് ഗുരുവിന്റെ ജീവിതമാണ് കല. ഞായറാഴ്ചകളില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ എടുത്തും തന്റെ ശിഷ്യരെ ഏറ്റവും മികച്ചവരാക്കാന്‍ പരിശ്രമിക്കുന്ന ബീന കലയെ ഉപാസിക്കുന്നവര്‍ക്കു ഒരു വലിയ മാതൃക തന്നെയാണ്.

കഴിഞ്ഞ വര്ഷം ഏറെ പ്രസിദ്ധമായ നുവാര്‍ക്കിലെ എന്‍.ജെ പാക്കിലായിരുന്നു കലാശ്രീ ആര്‍ട്‌സ് സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം. സുപ്രസിദ്ധ നര്‍ത്തകിയും അഭിനേത്രിയുമായ സുഹാസിനി നയിച്ച നൃത്ത സന്ധ്യ അടുത്തകാലത്ത് അമേരിക്കയില്‍ നടന്ന ഏറ്റവും മികച്ച നൃത്തോത്സവമായിരുന്നു. മികച്ച കൊറിയോഗ്രാഫര്‍ കൂടിയായ ബീന മേനോന്‍ ഇത്രയേറെ കുട്ടികളെക്കൊണ്ട് ഫ്യൂഷന്‍ ചെയ്യിപ്പിക്കുന്നത് കണ്ടു ബോളിവുഡിലെ മികച്ച നൃത്തസംവീധായകര്‍ പോലും വിസ്മയപ്പെട്ടിട്ടുണ്ട്. ചടുലമായ ചുവടു വയ്പ്പുകളുടെ സാമാന്യമാണ് ബീനയുടെ കോറിയോഗ്രഫിയുടെ പ്രത്യേകത. ഒരേ സമയം മുപ്പതും അറുപതും വരെയുള്ള നൃത്ത സംഘം വേദിയില്‍ നൃത്തമവതരിപ്പിച്ചു തീരും മുന്‍പ് അടുത്ത സംഘം ഇടമുറിയില്ലാതെ വന്നു പോകുന്ന കാഴ്ച്ചകള്‍ വിസ്മയഭരിതമാണ്. ഓപ്പണിംഗ് ഡാന്‍സ് മുതല്‍ മംഗളം ചൊല്ലുന്നതുവരെ തിരശീല വീഴാതെയുള്ള ഒരു മാസ്മരിക കലാവിരുന്നുതന്നെയാണ് ബീന മേനോന്‍ എന്ന അതുല്യ പ്രതിഭ അഞ്ഞൂറില്‍ പരം ശിഷ്യ ഗണങ്ങളുടെ നൃത്ത സംഗമവേദിയായി ഒരുക്കുന്നത്.

ശിവശക്തി എന്ന ആശയത്തെ ആസ്പദമാക്കിയാണ് രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നൃത്ത ദൃശ്യവിരുന്നിനു ശനിയാഴ്ച വൈകുന്നേരം ഈസ്റ്റ് ബേണ്‍സ് വിക്കിലെ ജെ.എം.പി.എ.സി വേദിയാകുന്നത്. അഡ്രസ്: 200 RUES LANE, EAST BURNSWICK , NJ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ലയര്‍ കാണുക.
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക