Image

വെള്ളിമൂങ്ങ എന്ന ചിരിപ്പൂരമൊരുക്കിയ ജോജി തോമസിന്റെ രചന: ജോണി ജോണി യെസ് അപ്പ

മീട്ടു റഹ്മത്ത് കലാം Published on 28 October, 2018
വെള്ളിമൂങ്ങ എന്ന ചിരിപ്പൂരമൊരുക്കിയ ജോജി തോമസിന്റെ രചന: ജോണി ജോണി യെസ് അപ്പ
വെള്ളിമൂങ്ങ എന്ന ചിരിപ്പൂരമൊരുക്കിയ ജോജി തോമസിന്റെ രചനയില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ജോണി ജോണി യെസ് അപ്പയുടെ വിശേഷങ്ങള്‍

പ്രിയ സംവിധായകന്‍ ജി .മാര്‍ത്താണ്ഡന്റെ വാക്കുകളിലൂടെ. ..

അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലാമത്തെ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. നാല് സിനിമകളും വേറെവേറെ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം ആണല്ലോ?

സംവിധായകന്‍ എന്ന നിലയില്‍ ഓരോ സിനിമയിലും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഓരോ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പവും വര്‍ക്ക് ചെയ്യുമ്പോള്‍ പല പുതിയ അറിവുകളും കിട്ടും. ആദ്യചിത്രമായ ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് ചെയ്യുമ്പോള്‍ എഴുത്തിന്റെ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബെന്നി.പി. നായരമ്പലത്തിന്റെ സ്‌ക്രിപ്റ്റ് ആണെന്നത് വലിയൊരു ആത്മവിശ്വാസം തന്നിരുന്നു. ഇമ്മാനുവല്‍ കണ്ടിഷ്ടപ്പെട്ടാണ് വിജീഷിനൊപ്പം അച്ഛാദിന്നില്‍ പ്രവര്‍ത്തിച്ചത്. ബിപിന്‍ ചന്ദ്രനുമായുള്ള സൗഹൃദം പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുങ്ങാന്‍ കാരണമായി.

ജോണി ജോണി യെസ് അപ്പ സംഭവിക്കുന്നത് വളരെ യാദൃച്ഛികമായാണ്. വെള്ളിമൂങ്ങയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് തിരക്കഥാകൃത്ത് ജോജി തോമസിനെ പരിചയപ്പെടുന്നത്. സിനിമ തീയറ്ററില്‍ കണ്ടതും എനിക്കവനെ വിളിച്ച് അഭിനന്ദിക്കണമെന്ന് തോന്നി. അടുത്തൊന്നും ഒരുസിനിമയും എന്നെ അത്രമാത്രം ചിരിപ്പിച്ചിരുന്നില്ല. ടിനി ടോമിന്റെ കയ്യില്‍ നിന്നാണ് അന്ന് രാത്രി തന്നെ ജോജിയുടെ ഫോണ്‍ നമ്പര്‍ വാങ്ങുന്നതും വിളിക്കുന്നതും. ഒരുമിച്ച് അടുത്ത ചിത്രം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞതും. ഒന്നരവര്‍ഷം ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ഈ സിനിമ രൂപപ്പെടുത്തി എടുത്തത്.

സ്‌ക്രിപ്റ്റിന്റെ ഓരോ ഘട്ടത്തിലും സംവിധായകന്‍ കൂടെ ഉണ്ടാകുന്നത് സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും?

പല രീതിയിലാണ് സിനിമയെ ഓരോ സംവിധായകനും സമീപിക്കുന്നത്. സിനിമയുടെ ആദ്യാവസാനം ഒപ്പമിരിക്കുന്നതാണ് എന്റെ സന്തോഷം. നമുക്ക് വേണ്ടതെന്താണെന്ന് അപ്പപ്പോള്‍ പറയാന്‍ കഴിയുമെന്ന് മാത്രമല്ല നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും സാധിക്കും. തര്‍ക്കിച്ചും ചര്‍ച്ച ചെയ്തുമൊക്കെയാണ് പുതിയ വഴിത്തിരിവുകളിലേക്ക് കഥ പോകുന്നത്. ഞാന്‍ അത് ആസ്വദിക്കുന്ന ആളാണ്.

അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം ന്യൂ ജനറേഷന്‍ സിനിമകളില്‍ നിന്ന് അപ്രത്യക്ഷമാവുന്ന് പരാതിയുണ്ടല്ലോ. കുടുംബ ചിത്രവുമായി കടന്നുവരുമ്പോള്‍ എന്തുതോന്നുന്നു?

അന്നുമിന്നും ന്യൂ ജെന്‍ സിനിമ എന്നൊരു കാറ്റഗറി ഉള്ളതായി വിശ്വസിക്കുന്നില്ല . പ്രേക്ഷകന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാണ് സിനിമ എടുക്കാറ്. അത് നന്നാക്കാന്‍ മാത്രമാണ് ശ്രമം. എന്റെ വീട്ടില്‍ എന്റെ അമ്മ, സഹോദരങ്ങള്‍ ഒക്കെയായി ആ കെട്ടുപാടിലും വ്യവസ്ഥയിലുമെല്ലാം സന്തോഷം ഉണ്ടെന്ന് കരുതുന്നതുകൊണ്ട് കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യാനാണ് താല്പര്യം.

ജോണി ജോണി യെസ് അപ്പ എന്ന പേരിനു പിന്നില്‍?

കൊച്ചുകുട്ടികള്‍ക്ക് വരെ ക്യാച്ച് ചെയ്യാവുന്ന ടൈറ്റില്‍ എന്നതിലുപരി കഥയുമായും ബന്ധമുണ്ട്. വിജയരാഘവന്‍ അവതരിപ്പിക്കുന്ന കറിയാ മാഷാണ് ഇതിലെ അപ്പന്‍. ഗീത ചേച്ചിയാണ് അമ്മയുടെ റോളില്‍. ഇവര്‍ക്ക് മൂന്ന് മക്കളാണ്- പീറ്റര്‍ (ടിനി ടോം), ജോണി (കുഞ്ചാക്കോ ബോബന്‍), ഫിലിപ്പ് (ഷറഫുദ്ദീന്‍). ജെയ്സ ആയി അനു സിതാര എത്തുമ്പോള്‍ മമതാ മോഹന്‍ദാസും തുല്യ പ്രാധാന്യത്തോടെ ഒപ്പമുണ്ട്. കലാഭവന്‍ ഷാജോണ്‍, ലെന അങ്ങനെ എല്ലാവരും തന്നെ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാത്തരം പ്രേക്ഷര്‍ക്കും ആസ്വദിക്കാവുന്ന സിനിമയാണ്. ഒരുപാട് ചിരിപ്പിക്കുകയും ചിരിയിലൂടെ തന്നെ കണ്ണുനനയ്ക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ. ഇതിലൊരു വലിയ സസ്‌പെന്‍സ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതാണ് ചിത്രത്തിന്റെ കാതലായ ഭാഗം.

ജോണിയായി കുഞ്ചാക്കോ ബോബന്‍?

ഫിലിം ഇന്‍ഡസ്ടറിയില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി നില്‍ക്കുന്ന ആളാണ് ചാക്കോച്ചന്‍. സൗന്ദര്യത്തിന്റെയും സ്വീകാര്യതയുടെയും കാര്യത്തില്‍ അന്നുമിന്നും ഒരുപോലെ നില്‍ക്കുന്ന ആളാണ്. തൊട്ടടുത്ത വീട്ടിലെ പയ്യനോടുള്ള ഇഷ്ടമാണ് മലയാളി പ്രേക്ഷകര്‍ക്ക് അദ്ദേഹത്തോട്. ഈ ഇഷ്ടം എനിക്കുമുണ്ട്. ഷൂട്ടിങ് സ്ഥലത്തു വന്നാല്‍ ഒന്നിരിക്കുക പോലുമില്ല. നമ്മുടെ കൂടെ നില്‍ക്കും. ഇത്ര സൗമ്യനായൊരു ഹീറോയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഭാഗ്യമാണ്. ചാക്കോച്ചനെന്ന നടനെ ഒരു പ്രേക്ഷകനെന്ന നിലയില്‍ എങ്ങനെ കാണാനാണോ ഞാന്‍ ആഗ്രഹിക്കുന്നത്, അത്തരത്തിലാണ് ജോണി എന്ന കഥാപാത്രത്തെ മോള്‍ഡ് ചെയ്തിരിക്കുന്നത്. പ്രണയമായാലും, ഇമോഷന്‍സ് ആയാലും തമാശകളായാലും എല്ലാം നന്നായി തന്നെവന്നിട്ടുണ്ട്.

ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടല്ലോ?

ആദ്യമായാണ് എന്റെ ചിത്രത്തില്‍ ഇത്രയധികം ഗാനങ്ങള്‍. അഞ്ച് പാട്ടും വ്യത്യസ്തമായാണ് ഷാന്റഹ്മാന്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതവും ഷാനിന്റെതാണ്. വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനും റഫീഖ് അഹമ്മദുമാണ് അരികിലാരോ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. സനൂപും അനികയും വരുന്ന ഈ പാട്ട് പാടിയിരിക്കുന്നത് ബിജിപാലിന്റെ മകന്‍ ദേവദത്തും ദീപക് ദേവിന്റെ മകള്‍ ദേവികയുമാണ്.

ലൊക്കേഷന്‍?

നീണ്ടൂരും എറണാകുളവുമായാണ് ഷൂട്ടിങ് നടന്നത്. കോട്ടയം ജില്ലയില്‍ ജനിച്ചു വളര്‍ന്നിട്ടും നീണ്ടൂര്‍ പോലൊരു സ്ഥലത്തിന്റെ ഭംഗി എനിക്ക് മനസ്സിലായത് ഈ സിനിമ എടുത്തപ്പോഴാണ്. ഓരോ ഫ്രയിമും അതിമനോഹരമാണ്. ഇത്രനല്ല സ്ഥലം കേരളത്തില്‍ ഉണ്ടോ എന്നു ചിന്തിച്ചുപോകും.
കടപ്പാട്: മംഗളം
വെള്ളിമൂങ്ങ എന്ന ചിരിപ്പൂരമൊരുക്കിയ ജോജി തോമസിന്റെ രചന: ജോണി ജോണി യെസ് അപ്പ
വെള്ളിമൂങ്ങ എന്ന ചിരിപ്പൂരമൊരുക്കിയ ജോജി തോമസിന്റെ രചന: ജോണി ജോണി യെസ് അപ്പ
വെള്ളിമൂങ്ങ എന്ന ചിരിപ്പൂരമൊരുക്കിയ ജോജി തോമസിന്റെ രചന: ജോണി ജോണി യെസ് അപ്പ
വെള്ളിമൂങ്ങ എന്ന ചിരിപ്പൂരമൊരുക്കിയ ജോജി തോമസിന്റെ രചന: ജോണി ജോണി യെസ് അപ്പ
വെള്ളിമൂങ്ങ എന്ന ചിരിപ്പൂരമൊരുക്കിയ ജോജി തോമസിന്റെ രചന: ജോണി ജോണി യെസ് അപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക