Image

ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ടെറന്‍സന്‍ തോമസിന്‌ ഡബ്ല്യു.എം.എയുടെ പിന്തുണ

ജോയിച്ചന്‍ പുതുക്കുളം Published on 06 April, 2012
ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ടെറന്‍സന്‍ തോമസിന്‌ ഡബ്ല്യു.എം.എയുടെ പിന്തുണ
ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ (ഡബ്ല്യു.എം.എ)യുടെ മുന്‍ പ്രസിഡന്റും, ഫൊക്കാന ജോയിന്റ്‌ സെക്രട്ടറിയുമായ ടെറന്‍സണ്‍ തോമസിനെ ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ വെസ്റ്റര്‍ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ല്യു.എം.എ) ഐക്യകണ്‌ഠ്യേന പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളില്‍ കൂടി കടന്നുവന്ന്‌ സാമൂഹിക സേവനത്തിന്റെ ചുവടുകള്‍ പിന്തുടരുന്ന ടെറന്‍സണ്‍ യുവതലമുറയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌. കേരള-ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാനുള്ള സംഘടനാ പ്രവര്‍ത്തന മികവും, സാഹചര്യ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്‌ അഭിപ്രായ സമന്വയത്തിന്റെ പാതയില്‍ ഏവരേയും ഒത്തിണക്കിക്കൊണ്ട്‌ സംഘടനാ മികവ്‌ തെളിയിച്ച ഇദ്ദേഹം ഫൊക്കാനയ്‌ക്ക്‌ നെടുംതൂണായി പ്രവര്‍ത്തിക്കുയുണ്ടായി.

അതുല്യമായ സംഭാവനകള്‍ സേവനരംഗത്ത്‌ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്‌. മനസ്സ്‌ ഉറച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അനാഥാലയത്തിന്റെ മുഖ്യ ചുമതലകളില്‍ ഒന്ന്‌ അദ്ദേഹം വഹിക്കുന്നുണ്ട്‌. നിര്‍ധന കുടുംബങ്ങളിലുള്ള ധാരാളം കുട്ടികളുടെ പഠന ചെലവ്‌ കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി ഏറ്റെടുത്ത്‌ നടത്തിവരുന്നു. സേവനം ആണ്‌ തന്റെ ലക്ഷ്യമെന്ന്‌ പലതവണ തെളിയിച്ചിട്ടുള്ള ശ്രീ ടെറന്‍സണ്‍ വെസ്റ്റ്‌ചെസ്റ്ററിലെ അറിയപ്പെടുന്ന ഒരു ബിസിനസ്‌ സംരംഭകന്‍ കൂടിയാണ്‌.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ കാമ്പയിനുകളില്‍ അറിയപ്പെടുന്ന മലയാളി, ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ മെമ്പര്‍, പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ മുന്‍ ട്രസ്റ്റി, ട്രസ്റ്റീ ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ തിളങ്ങുന്ന വ്യക്തിത്വം കാഴ്‌ചവെച്ചിട്ടുള്ള ടെറന്‍സണ്‍ കേരളത്തില്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ നിന്നുമാണ്‌ അമേരിക്കയിലെത്തിയത്‌. ഭാര്യ ജോയ്‌സ്‌ ടെറന്‍സണ്‍ ആതുരസേവന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. അഞ്‌ജലി, ആഷ, അഖില്‍ എന്നിവര്‍ മക്കളാണ്‌.

പാരമ്പര്യ രാഷ്‌ട്രീയ ചുവടുകളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ സേവനതൃഷ്‌ണയുമായി മുന്നോട്ടുകുതിക്കുന്ന ടെറന്‍സണ്‍ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി മനസുകളെ കീഴടക്കും എന്നതില്‍ സംശയമില്ല. പ്രതിഫലേച്ഛയില്ലാതെയുള്ള സംഘടനാ പ്രവര്‍ത്തനവും കേരളത്തിന്റെ തനതായ സാംസ്‌കാരിക തനിമയും വിനയാന്വിതമായ അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനശൈലിയിലൂടെയും ചുരുങ്ങിയ കാലംകൊണ്ട്‌ ധാരാളം സ്ഥാനങ്ങള്‍ തേടിയെത്തുകയും അത്‌ അലങ്കരിക്കാനും സാധിച്ചിട്ടുണ്ട്‌. സ്‌കൂള്‍-കോളജ്‌ തലങ്ങളില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, ചെയര്‍മാന്‍ എന്നീ പദവികളിലൂടെ തുടങ്ങിയ പോരാട്ടം ഇപ്പോഴും തുടരുന്നു. നന്നേ ചെറുപ്പത്തിലെ അമേരിക്കയില്‍ എത്തുകയും, 20-ല്‍ അധികം വര്‍ഷമായി ന്യൂറോഷലില്‍ സ്ഥിരതാമസക്കാരനുമായ ടെറന്‍സണ്‍ വെസ്റ്റ്‌ ചെസ്റ്ററിലെ ഇന്ത്യന്‍ യുവതലമുറയില്‍ പ്രഥമഗണനീയനാണ്‌. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ-സംഘടനാ പ്രവര്‍ത്തന രംഗങ്ങളില്‍ താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നത്‌ സഹധര്‍മ്മിണി ജോയ്‌സ്‌ ടെറന്‍സണ്‍ ആണ്‌.

ഫൊക്കാനയുടെ ഇപ്പോഴത്തെ ജോയിന്റ്‌ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത്‌ വലിയ ഭാഗ്യമായി കരുതുന്നു എന്നും, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ പിന്തുണ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അസോസിയേഷനോടനുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നുവെന്നും ടെറന്‍സണ്‍ തോമസ്‌ പറഞ്ഞു.
ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ടെറന്‍സന്‍ തോമസിന്‌ ഡബ്ല്യു.എം.എയുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക