Image

വിഷമ വൃത്തം (കവിത: ജയന്‍ വര്‍ഗീസ്)

Published on 05 November, 2018
വിഷമ വൃത്തം (കവിത: ജയന്‍ വര്‍ഗീസ്)
കൃഷ്‌ണേന്ദു പക്ഷത്തിലെ
ഇലക്കിളിക്കന്നി പോല്‍
ഇനിയെത്ര കാലമെന്‍ ഭൂമി ?

മഴുവേറ്റു വീഴുന്ന
മഴക്കാടുകളില്‍ നിന്ന്
മരണത്തിന്റെ പാദ പതന നാദം !

മഴയറ്റു പോവുന്ന
മലരണിക്കാടുകളില്‍ നിന്ന്
മഴപ്പക്ഷിയുടെ രോദനം !

കാര്‍ബണ്‍ ഡയോക്‌സിന്റെ
കറുത്ത നഖങ്ങള്‍ മാന്തിക്കീറിയ
ഓസോണ്‍ ലയറിന്റെ കന്യകാത്വം !

അന്തരീക്ഷ വായുവിന്റെ
അതി താപ താണ്ഡവത്തില്‍
അടി പിണഞ്ഞുരുകുന്ന ധ്രുവ ശിരസ്സുകള്‍ !

അണു സ്‌പോടന പരന്പരകളുടെ
അതി കന്പനത്തില്‍
അന്തര്‍ സമുദ്ര ഭൂകന്പങ്ങള്‍ !

അതിന്റെ അതി മര്‍ദ്ദത്തില്‍
അതിര് വരകള്‍ ലംഘിക്കുന്ന
സുനാമിത്തിരകള്‍ !

റിയാക്ടര്‍ വേസ്റ്റുകളില്‍ നിന്ന്
പുറത്തൊഴുകുന്ന റേഡിയേഷനില്‍
കാന്‍സറിന്റെ വിഷ വിത്തുകള്‍ !

രാസ ജൈവായുധങ്ങളുടെ
പിന്‍വാതില്‍ പ്രൊഡക്ടുകളായി
പേരറിയാ രോഗങ്ങള്‍ !

മുലപ്പാല്‍ പോലെ
വിശുദ്ധമായ ആകാശത്തില്‍
നിക്ഷേപിക്കപ്പെടുന്ന വിഷ വിത്തുകള്‍ !

കാന്‍സറും , എയിഡ്‌സും,
ആന്ത്രാക്‌സും, പക്ഷിപ്പനിയും,
കാറും, കോളും, കടല്‍ക്കാറ്റും പ്രളയവും !

അധികാര ഗര്‍വില്‍
മദം പൊട്ടുന്ന ഭരണാധിപന്മാര്‍
വിസര്‍ജ്ജിക്കുന്ന യുദ്ധപ്പഴുപ്പുകള്‍ !

ആര്‍ക്കു വേണ്ടിയാണിതൊക്കെ സാര്‍?
നിനക്കോ, നിന്റെ തലമുറകള്‍ക്കോ ?
ഏറിയാല്‍ എണ്‍പത്തിന്റെ
താല്‍ക്കാലിക വിസയിലാണ് നീ ?
മടങ്ങുവാന്‍ സമയമെത്തുന്നു സാര്‍ !
മനസ്സമാധാനത്തോടെ മടങ്ങുവാന്‍
മടിക്കല്ലേ? കരുതിയിരിക്കുക !
Join WhatsApp News
തിന്നു കുടിച്ചു സന്തോഷിക്കുക 2018-11-05 19:05:27
സാർ ഞാൻ സമാധാനം തേടി 
പോകാത്ത സ്ഥലങ്ങളില്ല സാർ 
ഞാൻ ഇഷ്ടംപോലെ സമ്പാദിച്ചു സാർ 
പക്ഷെ രാത്രിയിൽ 
എനിക്ക് ഉറക്കം ഇല്ലാതെയായി
എന്റെ ഭാര്യ പിണങ്ങിപോയി 
അവൾ എന്റെ പണത്തിന്റെ 
പകുതി അടിച്ചുകൊണ്ടുപോയി 
മക്കൾ നല്ലൊരുഭാഗം വേറെയും 
എന്റെ സമാധാന കേട് ആരോട് പറയാൻ 
അങ്ങെയാണ് ഞാൻ സഭാപ്രസംഗി 
എട്ടിന്റെ അഞ്ചു വായിക്കാൻ ഇടയാത്
  ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; 
തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ
 മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു 
നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ 
അവന്നു നല്കുന്ന ആയുഷ്കാലത്തു 
അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ 
നിലനില്ക്കുന്നതു ഇതുമാത്രമേയുള്ളു. 
എന്നുതുടങ്ങി ഞാൻ സ്വാർത്ഥനായി
അന്ന് തുടങ്ങി ഞാൻ കള്ളു കുടിക്കാൻ 
തുടങ്ങി. ട്രംപിനെപ്പോലെ വിവാഹം കഴിക്കും 
ഉപേക്ഷിക്കും. സ്റ്റോമി ഡാനിയേൽ, ഹുരിക്കെയിൻ 
മറിയ ചുഴലികാട്ടമ്മിണി ഇവരെല്ലാം എന്റെ 
സന്തത സഹചാരികളാണ് .  ജാക്ക് ഡാനിയേൽ 
ജോണി വാക്കർ ശിവാ സ്ത്രീകൾ 
ഇവരെല്ലാം എന്റെ കൂട്ടുകാരാണ് . 
ആകാശത്തു നക്ഷത്രങ്ങൾ തിളങ്ങിയില്ലെങ്കിൽ 
എനിക്ക് ഒരു ചുക്കുമില്ല . സുനാമി അടിച്ചാൽ 
എന്നെ അത് കൊണ്ടുപോകാത്തിടത്തോളം കാലം 
ഞാനെന്തിന് വിഷമിക്കണം. ഓസോൺ 
അത് എന്ത് കുന്തമാണ് ? റേഡിയേഷൻ 
ഇന്നുവരെ ഞാൻ അതിനെ കണ്ടിട്ടില്ല 
എൺപത് വയസ്സ്? റെസ്റ്റിയസ്ട്രോണിന്റെ 
സ്റ്റോക്ക് തീർന്നു കഴിഞ്ഞാർക്ക് ജീവിക്കണം
പോകുമ്പോൾ പോകട്ടെ  സാറേ!
എന്തിന് ഞങ്ങളെ ഇങ്ങനെ 
വിഷമ വൃത്തത്തിൽ ആക്കുന്നു ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക