Image

ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി

Published on 05 November, 2018
ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി
ന്യൂജേഴ്സി: മഹാപ്രളയത്തിന്റെ ദുരന്ത സ്മരണകളുമായി 62 വയസു പൂര്‍ത്തിയാക്കിയ കേരളം ലോകമെങ്ങും പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ലോകമലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളത്തിനും മലയാള ഭാഷക്കും ഉചിതമായ ആദരവ് നല്‍കി മാതൃകയായി.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മലയാള ഭാഷയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത രണ്ടു വ്യക്തികളെ ആദരിച്ചുകൊണ്ടു വേള്‍ഡ് മലയാളി കൗണ്‍സില്‍(ഡബ്ല്യൂ എം സി)ന്യൂജേഴ്സി ചാപ്റ്റര്‍ കേരള പിറവി ദിനത്തില്‍ എഡിസണ്‍ ഹോട്ടലില്‍ നടത്തിയ ചടങ്ങ് ലാളിത്യം കൊണ്ടും പങ്കാളിത്തംകൊണ്ടും സമ്പന്നമായിരുന്നു. മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് ഏറ്റുവും കൂടുതല്‍ പ്രയത്നിച്ചിട്ടുള്ള ജനനി മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ജെ. മാത്യു, രണ്ടു ദശാബ്ദത്തിലേറെ അമേരിക്കയില്‍ മലയാളം ഓണ്‍ലൈന്‍ പത്രം നടത്തി വരുന്ന അമേരിക്കന്‍മലയാളികള്‍ നെഞ്ചേറ്റിയ ഇ-മലയാളി പത്രത്തിന്റെ എഡിറ്റര്‍ ജോര്‍ജ് ജോസഫ് എന്നിവരെ ആദരിച്ചുകൊണ്ടാണ് കേരളത്തിനും മലയാള ഭാഷക്കും പിറന്നാള്‍ മധുരമൊരുക്കിയത്. ആദരവുകള്‍ക്കും അവാര്‍ഡുകള്‍ക്കും പിടികൊടുക്കാതെ അംഗീകാരങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കാറുള്ള ഈ രണ്ടു മഹത് വ്യക്തികളെയും ഒരേ വേദിയില്‍ കൊണ്ടുവന്ന് ആദരിച്ചത് തന്നെ വേള്‍ഡ് മലയാളി കൗണ്‍സിലിന് കേരള പിറവി ദിനത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെ.

ഭാഷ മരിക്കുന്നില്ല എന്നതിന് തെളിവായിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ഈ പരിപാടിയിലെ പങ്കാളിത്തവും ഏറെ സജീവമായിരുന്ന ചര്‍ച്ചകളും. അമേരിക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകളും ഭാഷയുടെ വളര്‍ച്ചക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്തുവരുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളും അമേരിക്കയിലെ ഭാവി തലമുറയുടെ ഭാഷ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു. കേരളത്തില്‍ അടുത്തകാലത്തുണ്ടായ മഹാപ്രളയത്തിന്റെ ദുഃഖം ഉള്‍ക്കൊണ്ടുകൊണ്ടും കേരളത്തിന്റെ പുനരുദ്ധാരണത്തില്‍ അഭിമാനം കൊണ്ടുമാണ് ഭാഷയുടെ എല്ലാ മഹത്വങ്ങളും വിളിച്ചോതിയ കേരളപിറവി ദിനം കൊണ്ടാടിയത്.

കേരളം കേരളം കേളി കേട്ടുണരുന്ന കേരളം... എന്ന് തുടങ്ങുന്ന വികാര നിര്‍ഭരമായ ഗാനത്തോടെ തുടങ്ങിയത് കേരളപ്പിറവി ദിനത്തിന് ഉചിതമായ ഒരു സമ്മാനമായിരുന്നു. ദൈവത്തിന്റെ കൈവയ്പ്പു ചാര്‍ത്തിയ പ്രകൃതിയുടെ പറുദീസയായ കേരളത്തെ വര്‍ണിക്കാന്‍ ഇത്ര മനോഹരമായ മറ്റൊരു ഗാനമുണ്ടെന്നു തോന്നുന്നില്ല. മിനിമോള്‍ എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ ശ്രീകുമാരന്‍ തമ്പി എന്ന കവിയുടെ രചനയിലൂടെ യേശുദാസ് അനശ്വരമാക്കിയ 1977 ലെ ഈ ഗാനം രാജു ജോയി ആലപിച്ചപ്പോള്‍ ഗൃഹാതുരത്വം തുളുമ്പിയ നിമിഷങ്ങളായിരുന്നു സദസില്‍ അനുഭവപ്പെട്ടത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂ എം സി) ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്റ് പിന്റോ ചാക്കോ കണ്ണമ്പള്ളിയുടെ അധ്യക്ഷതയില്‍ നിറഞ്ഞ സദസിന് സ്വാഗതമോതി. ഷൈനി രാജു ആയിരുന്നു എംസി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മധു രാജന്‍ ആശംസ നേര്‍ന്നു. ജെ. മാത്യൂസിനെ ഡബ്ല്യൂ എം സി ചെയര്‍പേഴ്സണ്‍ തങ്കമണി അരവിന്ദന്‍ സദസിനു പരിചയപ്പെടുത്തി. ഡബ്ല്യൂ എം സിസ്ഥാപക നേതാവ് അലക്സ് കോശി ജെ. മാത്യൂസിന് ഫലകം നല്‍കി ആദരിച്ചു. അമേരിക്കന്‍ സംസ്‌കാരത്തില്‍ വളരുന്ന മലയാളികളുടെ മക്കളെ ഭാഷ പഠിപ്പിക്കുന്നത് അക്ഷരമാലകളില്‍ നിന്നാകരുതെന്നും അടുക്കളകളില്‍ നിന്നാവണം അവര്‍ ഭാഷ പേടിച്ചു തുടങ്ങേണ്ടതെന്നും മറുപടി പ്രസംഗം പറഞ്ഞ ജെ. മാത്യൂസ് പറഞ്ഞു.

ഇ-മലയാളിഎഡിറ്റര്‍ ജോര്‍ജ് ജോസഫിനെ രാജന്‍ ചീരന്‍ സദസിനു പരിചയപ്പെടുത്തി. എഴുത്തുകാരനും ഡബ്ല്യൂ എം സി നേതാവുമായ ആന്‍ഡ്രൂസ് പാപ്പച്ചന്‍ ജോര്‍ജ് ജോസഫിന് ഫലകം നല്‍കി ആദരിച്ചു. ഇ-മലയാളി ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലിലൂടെ താന്‍ ഉള്‍പ്പെടെ ഒരുപാട് എഴുത്തുകാര്‍ക്ക് എഴുതുവാനും എഴുത്തിനെ പ്രോത്സാഹിപ്പിക്കുവാനും ഇമലയാളിക്കും ജോര്‍ജ് ജോസഫിനും കഴിഞ്ഞതായി ആന്‍ഡ്രൂസ് പറഞ്ഞു. ഇമലയാളിയില്‍ ആര്‍ക്കും എഴുതാമെന്ന സാഹചര്യമുണ്ടായതാണ് യഥാര്‍ത്ഥത്തില്‍ ഒരുപാട് അമേരിക്കന്‍ എഴുത്തുകാരെ സൃഷ്ടിക്കാന്‍ കാരണമായതെന്ന് മറുപടി പ്രസംഗത്തില്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.

ദൃശ്യമാധ്യമരംഗത്തുനിന്നു ആദരവ് ഏറ്റുവാങ്ങിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ബ്രോഡ്ക്കാസ്റ് ഡയറക്ടര്‍ വിനി നായര്‍ കുട്ടികളുടെ പരിപാടികള്‍ക്ക് മുന്‍തൂക്കം നാകണമെന്ന്പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍, കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഡബ്ല്യൂ എം സി നേതാവ് ഡോ. ഗോപിനാഥന്‍ നായര്‍, സുധീര്‍ നമ്പ്യാര്‍, മഞ്ച് പ്രസിഡന്റ് ഡോ. സുജ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ച. സോമന്‍ ജോണ്‍ ഡബ്ല്യൂ എം സിയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളെക്കുറിച്ചു പ്രസംഗിച്ചു. ഫിലിപ്പ് മാരേട്ട് നന്ദി പറഞ്ഞു. ഷൈനി രാജു ആയിരുന്നു അവതാരിക.

അമേരിക്കയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് മാധ്യമങ്ങള്‍ വഹിച്ച പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷോളി കുമ്പിളുവേളില്‍ മോഡറേറ്ററായിരുന്നു. ജെ. മാത്യൂസ്, ജോര്‍ജ് ജോസഫ് , മധു രാജന്‍, വിനീ നായര്‍, ജിനേഷ് തമ്പി, ഫിലിപ്പ് മാരേട്ട് , അലക്സ് കോശി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇമലയാളി പോലുള്ള പത്രങ്ങളില്‍ വായനക്കാരുടേതായി വരുന്ന ചില പ്രതികരണങ്ങള്‍ പലപ്പോഴും അതിരുവിട്ടുപോകുമ്പോള്‍ അത് ആ ലേഖനമെഴുതിയ എഴുത്തുകാരെ മാനസികമായി തളര്‍ത്തുമെന്നു അഭിപ്രായപ്പെട്ട ജെ. മാത്യൂസിനു അനുകൂലമായും പ്രതികൂലമായും അഭിപ്രായമുയര്‍ന്നു. ജോര്‍ജ് ജോസഫിനെ വേദിയില്‍ ഇരുത്തിക്കൊണ്ടു തന്നെ പറയുകയാണെന്ന് അഭിപ്രായപ്പെട്ട ജെ. മാത്യൂസിനുള്ള ആദ്യത്തെ മറുപടി ജോര്‍ജ് ജോസെഫിന്റെതു തന്നെയായിരുന്നു. വായനക്കാരുടെ പ്രതികരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇമലയാളിക്കു ഒരുപാടു എഴുത്തുകാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് അഭിപ്രായപ്പെട്ട ജോര്‍ജ് ഇങ്ങനെ എഴുതിവന്നവര്‍ പലകുറി എഴുതി തെളിഞ്ഞാണ് ഒരു നല്ല എഴുത്തുകാരായി മാറിയതെന്നും ചൂണ്ടിക്കാട്ടി. കൈകാര്യം ചെയ്യാന്‍ പറ്റാത്തത്ര പ്രതികരണങ്ങളാണ് ദിവസേനെ ലഭിച്ചുകൊണ്ടിരിക്കുന്നത്. സഭ്യമല്ലാത്ത പ്രതികാരണം പ്രസിദ്ധികരിക്കാറില്ല. പ്രതികരണങ്ങള്‍ ആരെയെങ്കിലും വേദനപ്പിച്ചാല്‍ ചൂണ്ടിക്കാട്ടിയാല്‍ അവ നീക്കം ചെയ്യാറുമുണ്ട്.

വായനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രതികരണങ്ങളെന്നും അവ വരുന്നത് എഴുത്തുകാര്‍ക്ക് കൂടുതല്‍ നന്നായി എഴുതുവാന്‍ പ്രേരണ നല്‍കുമെന്നും ഫ്രാന്‍സിസ് തടത്തില്‍ പറഞ്ഞു. ലേഖനങ്ങളോ സാഹിത്യ സൃഷ്ടികളോ വായിക്കാതെ പ്രതികരണങ്ങള്‍ ഇടുന്നതാണ് അപകടം. അങ്ങനെ ഇടുന്നവര്‍ വായനക്കാരെ കൂടുതല്‍ ആശയകുഴപ്പത്തിലാക്കുകയും ചര്‍ച്ചയുടെ ഗതി തിരിച്ചുവിടുകയും ചെയ്യുമെന്നും ഫ്രാന്‍സിസ് പറഞ്ഞു.

അമേരിക്കയില്‍ പ്രിന്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളെപ്പോലെ ദൃശ്യമാധ്യമങ്ങളും വന്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്നു വിനി നായര്‍ അഭിപ്രായപ്പെട്ടു. സംഘടനകളും ബിസിനസുകാരുമൊക്കെ പിന്തുണ നല്‍കിയില്ലെങ്കില്‍ മാധ്യമങ്ങളുടെ നിലനില്പ്പ് തന്നെ അവതാളത്തിലാകുമെന്നും വിനി നായര്‍ പറഞ്ഞു.

ഡബ്ല്യൂ എം സി ലോകവ്യാപകമായി നടത്തിയ ഭൂമി മലയാളം ഭാഷ പ്രതിജ്ഞാ വാചകം തോമസ് മൊട്ടക്കല്‍ ചൊല്ലിക്കൊടുത്തു. ഡബ്ല്യൂ എം സി ന്യൂജേഴ്സി ചാപ്റ്റര്‍ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് ജിനേഷ് തമ്പി, മിനി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. നടകാചാര്യനും എഴുത്തുകാരനുമായ കാവാലം നാരായണ പണിക്കര്‍ രചിച്ച ആലായാല്‍ തറവേണം നടുക്കൊരമ്പലം വേണം, എന്ന് തുടങ്ങുന്ന ഗാനത്തിന് നൃത്താവിഷ്‌ക്കാരം നടത്തിയ പ്രമുഖ നര്‍ത്തകിയും കൊറിയോഗ്രാഫറുമായ മാലിനി നായരും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം കേരള പിറവിദിനത്തിനു തികച്ചും അനുയോജ്യമായി . ഡബ്ല്യൂ എം സി ഭാരവാഹികള്‍ ചേര്‍ന്ന് ആലപിച്ച 'അമ്മ മലയാളം എന്ന സംഘ ഗാനവും ഭാഷക്കുള്ള ആദരവും അംഗീകാരവുമായി. റോഷന്‍ ആന്‍ഡ്രൂസ് ഗാനം ആലപിച്ചു.

റിപ്പോര്‍ട്ട്: ഫ്രാന്‍സിസ് തടത്തില്‍
ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി
ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി
ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി
ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി
ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി
ഭാഷയ്ക്ക് ആദരവ് നല്‍കി കേരളത്തിനു പിറന്നാള്‍ സമ്മാനവുമായി ഡബ്ല്യൂ എം സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക