Image

സ്വപ്നവര്‍ണ്ണങ്ങള്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 05 November, 2018
സ്വപ്നവര്‍ണ്ണങ്ങള്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)
വരകള്‍ വര്‍ണ്ണങ്ങളായ് കൊഴിയുന്ന
നാളുകളില്‍
വിരിയുന്ന സ്വപ്നങ്ങള്‍ മഴവില്ലുപോലെ
നിറതിങ്കള്‍ മാനത്തുദിക്കുന്ന നേരം
നീ എന്റെ മാറത്തു പടരുന്ന പോലെ

നിറയെ പൂത്തൊരു ചെമ്പകച്ചോട്ടില്‍ ഞാന്‍
നിന്‍ വരവോര്‍ത്തെത്ര കാത്തു നിന്നു
സമയമാം കാലത്തിന്‍ ചക്രം തിരിഞ്ഞ പോല്‍
എത്ര നാള്‍ നിന്നെ ഞാന്‍ ഓര്‍ത്തു നിന്നു

പാലൊത്ത പുഞ്ചിരി വിരിയുമാ ചെഞ്ചൊടി
പാരിതില്‍ വിരിയുന്ന പാലൊളി പോല്‍.
മിഴികളില്‍ വിരിയുന്ന മാദക ഭംഗി നല്‍
മന്ദാരപ്പൂവിന്റെ പുഞ്ചിരി പോല്‍

എന്തിനെന്നെന്തിനെന്നറിയാതെ ഞാനെത്ര
കടലോളം ദു:ഖത്തില്‍ ആഴ്ന്നുപോയി
തീരത്ത് തലതല്ലി കരയുന്ന തിരകളെ
കണ്ടെത്ര കാലം കൊതിച്ച പോലെ

ഓര്‍ത്തുവെയ്‌ക്കേണം എന്നോര്‍ത്തു കുറിച്ച
കുറിമാനമൊക്കെ ചിതലരിച്ചു....
അങ്ങിങ്ങു ചിതറിയൊരിത്തിരി ഓര്‍മ്മയോ
വര്‍ണ്ണങ്ങളായ് ഉടല്‍ മൂടിടുന്നു

മഴയായി മഞ്ഞായി മായാത്തൊരോര്‍മ്മയായ്
കാലങ്ങള്‍ മുന്നിലൂടൊഴുകീടവെ ....
മൗനത്തിന്‍ മൂടുപടത്തില്‍ നാം നമ്മളെ
നാം പോലുമറിയാതെ ഉറക്കിടുന്നു

പറയുവാനേറെയുണ്ടെങ്കിലും എല്ലാം
വെറും ....പഴങ്കഥയായിന്ന് മാറീടവെ
ശാന്തമായൊഴുകുന്ന കടലില്‍ ഞാന്‍
തിരകളെ തേടുന്നതിന്നാര്‍ക്കു വേണ്ടി......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക