Image

മൊസാര്‍ട്ടും സ്റ്റാര്‍ലിങ്ങ്‌സും (ലൈലാ അലക്‌സ്)

Published on 07 November, 2018
മൊസാര്‍ട്ടും സ്റ്റാര്‍ലിങ്ങ്‌സും (ലൈലാ അലക്‌സ്)
ആ അപാര്‍ട്‌മെന്റില്‍ വന്നപ്പോഴേ ഞാന്‍ ശ്രദ്ധിച്ചിരുന്നു അവിടുത്തെ നിശബ്ദത. ഇരുന്നൂറോളും യൂണിറ്റുകള്‍ ഉള്ള ആ കോംപ്ലക്‌സില്‍ അങ്ങനെ ഒരു നിശബ്ദത ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അത്രയും ആളുകള്‍ താമസിക്കുന്നയിടത്തു ഞാന്‍ ആഗ്രഹിക്കുന്ന ശാന്തത കിട്ടുമോയെന്നു ന്യായമായും ഭയന്നിരുന്നു. പിന്നെ ഏജന്‍റ് നിര്‍ബന്ധിച്ചപ്പോള്‍ ഒന്ന് വന്നു നോക്കിയേക്കാമെന്നു കരുതി വന്നതായിരുന്നു, പക്ഷെ, കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു, അത് തന്നെ വാടകയ്ക്ക് എടുക്കാനും തീരുമാനിച്ചു. ശബ്ദായമാനമായ ജീവിതത്തിന്‍റെ വര്‍ണപ്പകിട്ടുകളില്‍ നിന്നും കുറച്ചുകാലത്തേക്കെങ്കിലും ഒരു മോചനം വേണ്ടിയിരുന്ന എനിക്ക് അവിടുത്തെ ആ നിശബ്ദത ആയിരുന്നു ആവശ്യം.
ഈ പറഞ്ഞതുകൊണ്ട് വാള്‍ഡണില്‍ താപസജീവിതം നയിച്ച തോറോവിനേപ്പോലെയോ , ചെക്കോവിന്റെ കഥയിലെ ചെറുപ്പക്കാരനെ പോലെയോ എന്തെങ്കിലും തെളിയിക്കാനോ, നേടാനോ ആയിരുന്നില്ല ആ തീരുമാനം. ഒരുപക്ഷെ, ആ അവസ്ഥകളുടെ നേരെ വിപരീതമായ മനോനില ആയിരുന്നു എന്റെ തീരുമാനത്തിനു പിന്നില്‍ എന്ന് പറയാമായിരുന്നു. രോഗാതുരമായ ശരീരത്തിനും മനസ്സിനും പരിപൂര്‍ണ വിശ്രമം... അതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അതായിരുന്നു ശബ്ദമുഖരിതമായ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള എന്റെ തീരുമാനത്തിന് പിന്നില്‍. വായിച്ചു പകുതിയാക്കിയ പുസ്തകം ഉറങ്ങാന്‍ പോകും മുന്‍പേ മടക്കി വെക്കുംപോലെ ഒരു ചെറിയ ഇടവേള.......
അങ്ങനെ ആരെയും കാണാതെ, ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെ ഓരോ ദിവസവും വിചാരങ്ങളില്‍ മാത്രം മുഴുകി, ഞാന്‍ ജീവിച്ചു തുടങ്ങി.
രാവിലെ ഉണര്‍ന്നെഴുന്നേറ്റു ഒരു കപ്പ് കാപ്പിയും എടുത്തു ഞാന്‍ പാടിയോയില്‍ ഇറങ്ങി ഇരിക്കും. മുന്‍പിലുള്ള പൂന്തോട്ടത്തില്‍ ഒന്ന് രണ്ടു സ്റ്റാര്‍ലിങ്‌സ് കൊത്തിപ്പെറുക്കി നടക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ആകെ ഒരു വിനോദം എന്ന് പറയാന്‍… ആ സ്റ്റാര്‍ലിങ്‌സിനോട് എനിക്ക് എന്തോ ഒരു പ്രത്യേക മമത തോന്നിയിരുന്നു: ഒരു പക്ഷെ അവ കൊച്ചുന്നാളില്‍ വീട്ടുമുറ്റത്തു കണ്ടിരുന്ന മൈനകളെ ഓര്‍മ്മിപ്പിച്ചതുകൊണ്ടാവും.
അല്ലെങ്കില്‍, സാല്‍സ്ബര്‍ഗില്‍ ജനിച്ച ആ സംഗീത പ്രതിഭ അനശ്വരമാക്കിയ കുഞ്ഞിക്കിളിയെ ഓര്‍മിച്ചതാവും: വിയന്നയില്‍ മൊസാര്‍ട് എന്ന സംഗീതജ്ഞന്റെ ആ കുഞ്ഞു വളര്‍ത്തുപക്ഷി… ഒരു സിംഫണി അതേപടി അനുകരിച്ചു മൊസാര്‍ട്ടിനെ അമ്പരിപ്പിച്ച പ്രകൃതിയിലെ അനുകരണവീരന്‍! ഇങ്ങനെയൊക്കെ പറഞ്ഞാലും, സ്വദേശമായ യുറോപ്പിലോ, കുടിയേറിയ അമേരിക്കയിലോ ഇഷ്ടക്കാരില്ലാത്ത, പേരിലെ നക്ഷത്രത്തിളക്കം ജീവിതത്തില്‍ ഒട്ടുമേ ഇല്ലാത്ത പാവം ജന്മം!
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയില്‍ ചിലതു എന്നോട് സൗഹൃദം കൂടാന്‍ വന്നു തുടങ്ങി. എന്റെ അടുത്തൊന്നും വരാറില്ലായിരുന്നു ആദ്യമാദ്യം. ദൂരെ മാറി തല ചെരിച്ചു എന്റെ വിമൂകമായ സ്വകാര്യതയിലേക്കു ഒരു എത്തിനോട്ടം…. എന്നെ നോക്കി, 'സുഖമല്ലേ’ എന്നൊരു അന്വേഷണം. അത്രയേ ഉള്ളൂ. ഞാന്‍ മറുപടി പറയുന്നത് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ പറന്നുകളയുകയും ചെയ്യും.
ഈ സന്ദര്‍ശനങ്ങള്‍ നിത്യേന എന്നവണ്ണം ആയപ്പോള്‍ അവയ്ക്കു ആഹാരമോ വെള്ളമോ കൊടുക്കേണ്ടേ എന്ന് എന്നിലെ ആതിഥേയ എന്നോട് ചോദിച്ചു. തോട്ടത്തില്‍ അവിടെ അവിടെയായി ബേര്‍ഡ് ഫീഡറുകള്‍ ഉണ്ടായിരുന്നെങ്കിലും അവയിലൊന്നും ആരും ധാന്യങ്ങളോ മറ്റോ നിറയ്ക്കുന്നത് ഞാന്‍ കണ്ടിരുന്നില്ല. അന്ന് ഞാന്‍ പുറത്തു പോയപ്പോള്‍ ധാന്യമണികളും അണ്ടിപ്പരിപ്പും വാങ്ങി ആ ഫീഡറില്‍ നിക്ഷേപിച്ചു. അടുത്ത ദിവസം ആ കിളികള്‍ വരാനായി കാത്തിരുന്നു. അവ വന്നെങ്കിലും ഫീഡറില്‍ നിന്നും ഒന്നും തിന്നാന്‍ കൂട്ടാക്കിയില്ല. സ്റ്റാര്‍ലിങ്‌സിനെക്കുറിച്ചും അവയുടെ ഭക്ഷണരീതികളെക്കുറിച്ചും ഇന്‍റര്‍നെറ്റില്‍ നിന്നും മറ്റും നല്ലവണ്ണം പഠിച്ച ശേഷമാണ് അവയ്ക്കായുള്ള തീറ്റ വാങ്ങിയത്. പിന്നെ എന്തുകൊണ്ടാണ് അവ ഞാന്‍ കൊടുക്കുന്ന തീറ്റ ഭക്ഷിക്കാത്തതു എന്ന് എനിക്ക് തീരെയും മനസ്സിലായില്ല.
എനിക്ക് സങ്കടം തോന്നി. എന്റെ ഉപചാരത്തെ അങ്ങനെ പാടെ അവഗണിക്കുന്നതില്‍ അനല്പമായ അമര്‍ഷവും. എടുത്തു പറയത്തക്ക ആകര്‍ഷകമായ ആകാരമോ നിറമോ ശബ്ദമോ ഇല്ലാത്ത, മണ്ണില്‍ നിന്നും പുഴുക്കളേയും, വിരകളെയും കൊത്തിപ്പെറുക്കുന്ന 'ശല്യക്കാര്‍' എന്ന് പൊതുവെ പറയപ്പെടുന്ന ഈ കറുത്ത പക്ഷിക്കൂട്ടത്തിനു വേണ്ടി സമയവും പണവും കളഞ്ഞത് വെറുതെ ആയി. ഇവയ്ക്കു ആരാണ് 'നക്ഷത്രക്കുഞ്ഞുങ്ങള്‍' എന്നര്‍ഥം വരുന്ന സ്റ്റാര്‍ലിങ്‌സ് എന്ന് പേരിട്ടത് എന്ന് ആലോചിച്ചു പോയി ഞാന്‍.
ദിവസങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഞാന്‍ ഫീഡര്‍ നിറയ്ക്കുന്ന പതിവ് നിര്‍ത്തി. പാടിയോയില്‍ ഇറങ്ങി ഇരിക്കുന്ന പതിവും.
കുറേക്കഴിഞ്ഞു, ഒരു ദിവസം ആ ഫീഡറില്‍ നിന്നും അരിമണികള്‍ കൊത്തിപ്പെറുക്കാന്‍ ഒരു സ്റ്റാര്‍ലിംഗ് വന്നു. ചെറിയ ഒരു മഴ പെയ്തു ഒഴിഞ്ഞ ശേഷമായിരുന്നു അത്. അതിന്റെ നെഞ്ചിലെ കറുത്ത തൂവലുകള്‍ മഴയേറ്റു നനഞ്ഞൊട്ടിയിരുന്നു. എന്നിരുന്നാലും എന്തോ ഒരു ഉത്സാഹം അതിന്റെ ചടുലമായനീക്കങ്ങളില്‍ കാണാമായിരുന്നു. മുറിക്കുള്ളില്‍ നിന്നും ജനാലയിലൂടെ ഞാന്‍ അതിന്റെ നീക്കങ്ങള്‍ നോക്കി നിന്നു. അത് തല ചെരിച്ചു ചുറ്റും നോക്കി; പിന്നെ ആ ഫീഡറിനടുത്തേക്കു പറന്നുചെന്ന് ദിവസങ്ങള്‍ക്കു മുന്‍പേ നിക്ഷേപിച്ചിരുന്ന അരിമണികള്‍ കൊത്തിപ്പെറുക്കാന്‍ തുടങ്ങി. ഞാന്‍ അതിനെ നോക്കി നിന്നു.
ആ ചെറിയ വയര്‍ നിറഞ്ഞപ്പോള്‍ അത് തല ഉയര്‍ത്തി നോക്കി: ആരോടാണ് നന്ദി പറയേണ്ടത് എന്ന് ചോദിക്കും പോലെ. ജനാലയ്ക്കല്‍ നില്‍ക്കുന്ന എന്നെ അതിനു കാണാമായിരുന്നില്ല. മഴ മാറി തെളിഞ്ഞു വരുന്ന വെയിലില്‍ അത് അതിന്റെ ചെറു ശരീരം ഉണക്കിക്കൊണ്ടു കുറച്ചു നേരം അവിടെ ചുറ്റിപറ്റി ഇരുന്നു. പിന്നെ ഉച്ചത്തില്‍ ചിലച്ചുകൊണ്ട് പറന്നു പൊങ്ങി. അതിന്റെ കറുത്ത തൂവലുകള്‍ക്കിടയിലെ ചെറിയ വെളുത്ത നക്ഷത്രപ്പൊട്ടുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.
പിന്നെയുള്ള ദിവസങ്ങളില്‍ ആ പക്ഷികള്‍ എന്റെ തോട്ടത്തില്‍ വരുമ്പോള്‍ ഒക്കെയും ഞാന്‍ അവയ്ക്കായി കരുതി വെക്കുന്ന ധാന്യമണികള്‍ ആ ഫീഡറില്‍ നിന്നും കൊത്തിപ്പെറുക്കുന്നതു പതിവായി. എന്ന് മാത്രമല്ല ദിവസങ്ങള്‍ കഴിയും തോറും അവയുടെ എണ്ണം കൂടി വരുന്നത് ഞാന്‍ കണ്ടു. അവയുടെ ചിലപ്പ് കേള്‍ക്കുമ്പോള്‍ ഒക്കെയും ഞാന്‍, മുറി തുറന്നു തോട്ടത്തിലേക്ക് ഇറങ്ങുന്നതും പതിവായി.
മെല്ലെ മെല്ലെ അവയുടെ ചിലപ്പ് എന്റെ ജീവിതത്തിലേക്ക് കടന്നുകയറുകയായിരുന്നു. ശബ്ദങ്ങള്‍ അനുകരിക്കാന്‍ പ്രാവീണ്യം ഉള്ളവ എങ്കിലും ഒട്ടും സുഖകരമല്ലാത്ത ചിലപ്പ് മാത്രമേ ഞാന്‍ അവയില്‍ നിന്ന് കേട്ടിരുന്നുള്ളൂ. മോസര്‍ട്ടിന്റെ സിംഫണിയിലെ ഹൃദയഹാരിയായ സ്വരങ്ങള്‍ ഇവയില്‍ ഒന്ന് അനുകരിച്ചിരുന്നു എന്നത് അവിശ്വസനീയമായി തോന്നിയിരുന്നു ആ നാളുകളില്‍
അന്ന് ഞാന്‍ ബേര്‍ഡ്ഫീഡറില്‍ ധാന്യങ്ങള്‍ നിറക്കാനായി ഇറങ്ങി ചെല്ലുമ്പോള്‍ തോട്ടത്തില്‍ അവിടെ അവിടെയായി ഉണ്ടായിരുന്ന ബെഞ്ചുകളില്‍ ഒന്നില്‍ ആരോ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. തല ഉയര്‍ത്താതെ ഫീഡറിന്റെ അടുത്തേക്ക് നടക്കുകയായിരുന്നു അതുവരെയും എന്റെ പതിവ്. പതിവില്ലാതെ അവിടെ ഒരാളെ കണ്ടപ്പോള്‍ ഇടംകണ്ണിലൂടെ ഞാന്‍ അയാളെ ശ്രദ്ധിച്ചു. അയാളും എന്നെ ശ്രദ്ധിക്കുണ്ട് എന്ന് എനിക്ക് തോന്നി, അത് ഭാവിച്ചില്ല എങ്കിലും.
അങ്ങനെയും കടന്നു പോയി കുറെ ദിവസങ്ങള്‍. പിന്നെ എപ്പോഴോ ആ ഒരാള്‍ എന്റെ നേരെ തലയുയര്‍ത്തി നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിനു മറുപടിയായി ഒരു ചെറു പുഞ്ചിരി ഞാന്‍ എന്റെ ചുണ്ടിലും വരുത്തി. അടുത്ത ദിവസം അത് 'ഗുഡ് മോര്‍ണിംഗ്' എന്നതിലേക്കും പിന്നെയുള്ള ദിവസങ്ങളില്‍ ഒന്നോ രണ്ടോ വാക്കുകളില്‍ ഉള്ള സംഭാഷണങ്ങളിലേക്കും അത് വളര്‍ന്നു.
പിന്നെപിന്നെ, ആ ബെഞ്ചുകളില്‍ ഇരിക്കാന്‍ വരുന്നവരുടെ എണ്ണം മെല്ലെ മെല്ലെ കൂടി. എന്ന് മാത്രമല്ല അവര്‍ എല്ലാവരും സംഭാഷണങ്ങളില്‍ പങ്കുചേരാനും തുടങ്ങി. രാവിലത്തെ ആ കുശലം പറച്ചിലുകള്‍ പക്ഷിക്കൂട്ടത്തിന്റെ ചിലപ്പ് പോലെ ആ പ്രദേശത്താകെ വ്യാപിക്കാനും.
സ്റ്റാര്‍ലിങ്‌സിന് വേണ്ടുന്ന ധാന്യങ്ങള്‍ ആ ബേര്‍ഡ് ഫീഡറില്‍ നിറക്കുന്നത് ഞാന്‍ പതിവാക്കി; രാവിലെ തോട്ടത്തില്‍ കാറ്റു കൊണ്ടിരിക്കുന്നവരോട് കുശലം പറയുന്നതും. സ്റ്റാര്‍ലിംഗ്‌സിന് വേണ്ടുന്ന ചെറുധാന്യങ്ങള്‍ വാങ്ങാനായി പെറ്റ് സ്‌റ്റോറില്‍ പോകുന്നത് എന്റെ ദിനചര്യയുടെ ഭാഗമായി . അത്തരം ഒരു യാത്ര കഴിഞ്ഞു വരുമ്പോള്‍ ആണ് ഞാന്‍ അയാളെ കണ്ടത് ഞാന്‍ താമസിക്കുന്ന കോംപ്ലക്‌സിന്റെ മാനേജര്‍. ജോലിക്കാരെയും കൂട്ടി അയാള്‍ ആ ബേര്‍ഡ് ഫീഡര്‍ മാറ്റുകയായിരുന്നു. അയാള്‍ എന്റെ അടുത്തേക്ക് വന്നു.
'മാം... ഈ ബേര്‍ഡ് ഫീഡര്‍ മാറ്റുകയാണ്. ഇവിടെ വരുന്ന കിളികള്‍ താമസക്കാര്‍ക്ക് ശല്യം ആണെന്ന് അറിഞ്ഞിരുന്നില്ല.' അയാള്‍ പറഞ്ഞു
ഞാന്‍ ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് നോക്കി
'എനിക്ക് പരാതി തന്നിരിക്കുന്നു രാവിലെ ഈ തോട്ടത്തില്‍ നടക്കാനും, കാറ്റുകൊള്ളാനും ഇറങ്ങുന്നവര്‍... ഈ കിളികളുടെ ചിലപ്പു ഇവിടുത്തെ ശാന്തതക്ക് ഭംഗം വരുത്തുന്നു അതുമല്ല, അവ കാഷ്ടിച്ചു ഈ ബെഞ്ചുകള്‍ വൃത്തികേടാക്കുന്നു...'
‘അതെന്താ ഇപ്പോള്‍ ഇങ്ങനെ ഒരു പരാതി? ഇവ ഇവിടെ വരാന്‍ തുടങ്ങിയത് ഈയിടെ ഒന്നും അല്ലല്ലോ. ഞാന്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയത് മുതല്‍ കാണുന്നതാണ് ഇവയെ. അന്നൊന്നും ഇല്ലാത്ത ഈ പരാതി ഇപ്പോഴെന്തേ?' ഞാന്‍ ചോദിച്ചു.
'അത് മാഡം. എനിക്കറിയില്ല. ഇതിനു മുമ്പേ ഇവിടെ ആരും ഇങ്ങനെ തോട്ടത്തില്‍ ഇറങ്ങി ഇരിക്കയും മറ്റും ഇല്ലായിരുന്നു. ഇത് ഈയിടെ തുടങ്ങിയ പതിവാണ്...'
എനിക്ക് സങ്കടം തോന്നി. ആ കിളികള്‍
ബേര്‍ഡ് ഫീഡറില്‍ ഭക്ഷണം നോക്കി വരുമ്പോള്‍...
പക്ഷെ, ഞാന്‍ എന്ത് ചെയ്യാനാണ്?
പിറ്റേന്ന് ഞാന്‍ തോട്ടത്തിലേക്ക് പോയില്ല. അതിന്റെ പിറ്റേന്നും, അതിനടുത്ത ദിവസവും ഞാന്‍ അവിടേക്കു ഇറങ്ങിയില്ല. ആ സാധു കിളികള്‍ ആഹാരം തേടി വരുന്നതും, ആ ഫീഡര്‍ കാണാതെ നിരാശരായി പോകുന്നതും മനസ്സിലോര്‍ത്തു ഞാന്‍ കരഞ്ഞു.
ഏകദേശം ഒരാഴ്ചയോളം ഞാന്‍ അപാര്‍ട്‌മെന്റില്‍ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞു കാണണം. ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ അന്ന് ഉണര്‍ന്നത്. അത് അയല്‍ക്കാരില്‍ ഒരാള്‍ ആയിരുന്നു
'ആര്‍ യു ഓള്‍ റൈറ്റ്? കുറച്ചു ദിവസമായി പുറത്തേക്കു കണ്ടില്ല’ വാതില്‍ തുറന്നപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു.
ഞാന്‍ വാതില്‍ തുറന്നു പിടിച്ചുകൊണ്ടു വെറുതെ ചിരിച്ചു.
'പിന്നെ അറിഞ്ഞോ? ആ ബേര്‍ഡ് ഫീഡര്‍ അവിടെ നിന്നും മാറ്റി. ഇപ്പോള്‍ കിളികളുടെ ശല്യം തീരെ ഇല്ല. കിളികള്‍ കാഷ്ഠിച്ചു ബെഞ്ചുകള്‍ വൃത്തികേടാക്കാറുമില്ല. സമാധാനമായി അവിടെ ഇരിക്കാം.'
അത് കേട്ടപ്പോള്‍ എനിക്ക് ദേക്ഷ്യം ഇരച്ചുകയറി.. ആ കുഞ്ഞിക്കിളികളെ ഒടിച്ചുകളഞ്ഞിട്ടു….
'സോറി. എനിക്ക് അല്പം തിരക്കുണ്ട്' പരുഷമായി പറഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ കൊട്ടിയടച്ചു. അവര്‍ പോയിക്കഴിഞ്ഞ ഉടനെ 'ഡു നോട് ഡിസ്റ്റര്‍ബ്' എന്ന് ഒരു സൈന്‍ ഉണ്ടാക്കി വാതിലില്‍ തൂക്കുകയും ചെയ്തു. എന്നിട്ടും അരിശം തീരാതെ, കംപ്യുറ്ററില്‍ ലോഗ് ഇന്‍ ചെയ്തു മാനേജര്‍ക്ക് മെയില്‍ അയച്ചു: 'എന്റെ അപ്പാര്‍ട്‌മെന്റിന് മുന്‍പിലുള്ള ബെഞ്ചില്‍ മറ്റുള്ളവര്‍ വന്നിരിക്കുന്നത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആയതിനാല്‍ ആ ബെഞ്ച് ദയവായി നീക്കം ചെയ്യണം'.
അന്ന് തന്നെ ആ ബെഞ്ച് അവിടെ നിന്നും നീക്കം ചെയ്യപ്പെട്ടു. വീണ്ടും എന്റെ ദിവസങ്ങള്‍ നിശബ്ദമായി കൊഴിഞ്ഞുവീഴാന്‍ തുടങ്ങി. ഉച്ചത്തിലുള്ള ആരവങ്ങളോ, അടക്കിപ്പിടിച്ച മര്‍മ്മരങ്ങളോ ഏതും ഇല്ലാത്ത നിറംകെട്ട ശാന്തത …. തോട്ടത്തില്‍ നിന്നുള്ള കുശലം പറച്ചിലിന്റെ ശബ്ദങ്ങള്‍ എന്റെ അപ്പാര്‍ട്‌മെന്റില്‍ എത്തിപ്പെടാതിരിക്കാന്‍ ഞാന്‍ ആ വശത്തെ ജനാലകള്‍ മുറുകെ അടച്ചു.
എങ്കിലും ആ പക്ഷിക്കൂട്ടത്തിന്റെ മര്‍മരങ്ങള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല ഉറക്കത്തിലും അവയുടെ ചിലപ്പ് എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. ആ ചിലപ്പില്‍ അവ എന്നെ കുറ്റപ്പെടുത്തുന്നതു എനിക്ക് കേള്‍ക്കാമായിരുന്നു. എന്റെ നിസ്സഹായാവസ്ഥ ഞാന്‍ അവയെ എങ്ങനെ ബോധ്യപ്പെടുത്താനാണ്? അവയ്ക്കു വിശപ്പടക്കാന്‍ ധാന്യങ്ങളും, ചേക്കേറാന്‍ ചില്ലകളും മറ്റെവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടാവുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. എന്നിരുന്നാലും, അവ പഴയതുപോലെ ഈ തോട്ടത്തില്‍ കൊത്തിപ്പെറുക്കി നടക്കുന്നത് കാണാന്‍ എനിക്ക് കൊതിയായിരുന്നു.
അസ്തമന സൂര്യന്റെ ചെങ്കതിരുകള്‍ മറഞ്ഞു നനുത്ത ഇരുള്‍ പരന്നു തുടങ്ങുന്ന ത്രിസന്ധ്യാനേരമായിരുന്നു അത്… പ്രകൃതിയിലെ ജീവജാലങ്ങള്‍ താന്താങ്ങളുടെ കൂടണയാന്‍ വെമ്പുന്ന സന്ധ്യാനേരം... ഈ തോട്ടത്തില്‍ നിന്ന് ആട്ടിപ്പായിച്ചുകളഞ്ഞ ആ സ്റ്റാര്‍ലിങ്‌സ് എവിടെയാണാവോ കൂടണയുന്നത്…? എത്ര ശ്രമിച്ചിട്ടും ഒതുക്കാന്‍ കഴിയാത്ത ഒരു വിതുമ്പല്‍ എന്റെ ഉള്ളില്‍ നിന്നുയര്‍ന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി... എന്റെ പാവം സ്റ്റാര്‍ലിങ്‌സ്.... എവിടെ ആണ് അവ ചേക്കേറുന്നത്? അവയ്ക്ക് ചേക്കേറാന്‍ എവിടെയാണ് ഒരിടം?
കൊട്ടിയടച്ച ജനാലയ്ക്കല്‍ ഒരു മുട്ട് കേട്ടതുപോലെ... ഞാന്‍ ചെവി വട്ടം പിടിച്ചു . ഒരു കുഞ്ഞിക്കിളി ജനാല ഗ്ലാസില്‍ അക്ഷമയോടെ കൊത്തുകയാണ്. ആ കുഞ്ഞിച്ചുണ്ടുകള്‍ പറയുകയാണ്.. 'തുറക്കൂ... പുറത്തേക്കു വരൂ...' ഞാന്‍ വാതില്‍ തുറന്നു. ഒരു സ്റ്റാര്‍ലിങ്... എന്നെ തേടി വന്നിരിക്കുന്നു: അപ്പോള്‍ അവ എന്നോട് പിണക്കത്തിലല്ല... അനിര്‍വചനീയമായ സന്തോഷം എന്റെ ഉള്ളില്‍ നിറഞ്ഞു. ഞാന്‍ തോട്ടത്തിലേക്ക് ഇറങ്ങി. തന്റെ ദൗത്യം നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തോടെ ആവണം ആ കുഞ്ഞിക്കിളി ചിലച്ചുംകൊണ്ടു പറന്നു പോയി.
ഞാന്‍ അതിനെ നോക്കി നിന്നു. തിര അടങ്ങിയ മൂകമായ കടല്‍ പോലെ പരന്നു കിടക്കുന്ന മാനത്തു നോക്കി നില്‍ക്കുമ്പോള്‍, ആകാശത്തിന്റെ ഒരു കോണില്‍ അനേകം അനേകം കറുത്ത പൊട്ടുകള്‍ ചേര്‍ന്ന് ഭീമാകാരമായ ഒരു മേഘരൂപം രൂപപ്പെടുന്നത് ഞാന്‍ കണ്ടു. കണ്ണഞ്ചിക്കുന്ന വേഗത്തില്‍ ആ മേഘരൂപം ആകൃതി മാറുന്നത് എനിക്ക് കാണാമായിരുന്നു. നിരന്തരമായി ആകൃതി മാറുന്ന, ചലിക്കുന്ന ഭീമാകാരീ.… സന്ധ്യയുടെ ചുവപ്പു കലര്‍ന്ന മാനത്തു തിളങ്ങുന്ന കറുത്ത പൊട്ടുകള്‍ ജീവനുള്ള ചലിക്കുന്ന ചിത്രങ്ങള്‍ മാനത്തു വിരിയുന്നു. ആഴക്കടലില്‍ പിറവിയെടുക്കുന്ന തിര പൊട്ടിചിന്നി കരയിലേക്കടുക്കുന്നതുപോലെ ചക്രവാളത്തില്‍ ഉരുവായ ആ ഭീമാകാരന്‍ തിരമാല എന്റെ നേരെ പറന്നു വരികയാണ്...
ഒരു കലെയ്ഡിസ്‌കോപ്പിലെന്നപോലെ അനുനിമിഷം മാറിമറിഞ്ഞു ത്രസിക്കുന്ന ആ ചിത്രങ്ങള്‍ എഴുതുന്നത് എനിക്കുവേണ്ടിയാണെന്നു എനിക്ക് തോന്നി…. അദ്ഭുതത്തോടെ ഞാന്‍ മനസ്സിലാക്കി… സ്റ്റാര്‍ലിങ് മര്‍മറേഷന്‍* !! അവര്‍ണനീയമായ ദൃശ്യഭംഗി വിടര്‍ത്തി ചേക്കേറാന്‍ പോകുന്ന സ്റ്റാര്‍ലിങ് പക്ഷിക്കൂട്ടം.... എന്റെ സ്റ്റാര്‍ലിങ്‌സ്....
ആയിരം ആയിരം സ്റ്റാര്‍ലിങ്‌സ് അവയുടെ കുഞ്ഞിച്ചിറകുകള്‍ പ്രകൃതിയുടെ ഏതോ അതിശയകരമായ താളത്തില്‍ സമന്വയിപ്പിച്ചു തീര്‍ത്ത ആ ദൃശ്യവിസ്മയത്തില്‍ എന്നെ തന്നെ മറന്നു നില്‍ക്കുമ്പോള്‍ മോസര്‍ട്ടിന്റെ കോണ്‍സെര്‍ട്ടോ** ധ്വനികള്‍ എവിടെ നിന്നോ ഞാന്‍ കേട്ട് തുടങ്ങി.
* Starling murmuration
**Mozart’s Piano Concerto No 17 in G K453
Join WhatsApp News
Sudhir Panikkaveetil 2018-11-08 15:57:07
കളകളാരവം (murmuration) മുഴക്കികൊണ്ട് 
എണ്ണമറ്റ     പക്ഷിക്കൂട്ടം    സായം സന്ധ്യക്ക് 
കറുത്തപൊട്ടുകൾ നല്കി പറന്നകലുന്ന 
കാഴ്ച എഴുത്തുകാരിയുടെ മനസ്സിലേക്ക്  മൊസാർട്ടിനെയും 
അദ്ദേഹം ഓമനിച്ച് വളർത്തിയ പക്ഷിയെയും കൊണ്ടുവരുന്നു.
 കഥാകാരിയും അത്തരത്തിൽ ഒരു  പക്ഷിയുമായി 
ചങ്ങാത്തത്തിലായിരുന്നു.  എന്നാൽ ആ ബന്ധം 
സാഹചര്യങ്ങൾ തകർത്തപ്പോൾ അവരിൽ 
ദു :ഖമുണ്ടായി. ആ തപ്ത ചിന്തകൾ മൊസാർട്ടിന്റെ 
ലോകത്ത് അവരെ എത്തിക്കുന്നു. വളരെ വൈകാരികമായിരുന്നു 
മൊസാർട്ടും പക്ഷിയും തമ്മിൽ ബന്ധം . പക്ഷിക്ക് 
വേണ്ടി മൊസാർട്ട് അദ്ദേഹത്തിന്റെ  തോട്ടത്തിൽ 
ഒരു സ്മാരകശിലയൊരുക്കിയെന്നൊക്കെ നമ്മൾ 
വായിച്ചത് ഓർക്കുമ്പോൾ തന്റെ പൂന്തോട്ടത്തിൽ 
കൊത്തിപ്പെറുക്കാൻ വന്ന പക്ഷികളുമായി 
എഴുത്തുകാരി ഇണങ്ങുകയും അവരെ മറ്റുള്ളവർ 
പറപ്പിച്ച് കളഞ്ഞപ്പോൾ ദു :ഖിക്കുന്നതും 
ആ ദുഃഖം നമുക്ക് അവർ അനുഭവപ്പെടുത്തി 
തരുകയും ചെയ്യുമ്പോൾ കൃത്രിമത്വമില്ലാത്ത 
ഒരു നല്ല കഥ നമ്മൾ ആസ്വദിക്കുന്നു. 
അഭിനന്ദങ്ങൾ ശ്രീമതി ലൈല അലക്സ്. 

വിദ്യാധരൻ 2018-11-08 18:41:11
സംഗീതത കച്ചേരിയിൽ അജ്ഞനായ ഈ വായനക്കാരനെയും, എഴുത്തുകാരി മോസർട്ടിന്റെ കൺസേർട്ടോ 17 കേൾപ്പിക്കുകയും , മൊസാർട്ട് എന്ന സംഗീതജ്ഞന് സ്‌റ്റെർലിംഗ്‌ എന്ന മൈനയുമായി എന്ത് ബന്ധവുമാണുള്ളതെന്ന് അറിയാനുള്ള കൗതകം ജനിപ്പിക്കുകയും ചെയ്‍തപ്പോൾ, ഞാൻ എഴുത്തിനെ അനുനയിപ്പിക്കുന്ന എഴുത്ത് എന്ന് വിളിക്കുന്നു.  ഒരു ശില്പിയുടെ പാടവത്തോടെ എഴുത്തുകാരി കഥ കോറിയിട്ടിരിക്കുന്നു 

അദ്ദേഹത്തിൻറെ ചെല്ല മൈനക്ക് കൺസേർട്ടോ 17 ന്റെ ആദ്യത്തെ അഞ്ചു ധ്വനികളെ ചൂളം വിളിയിലൂടെ പ്രകടിപ്പിക്കാൻ കഴിയുമായിരുന്നു എന്ന്  അദ്ദേഹത്തിൻറെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു 

സംഗീതത്തെ കുറിച്ച് ചിന്തിക്കുമ്പോൾ വി സി ബാലകൃഷ്ണപണിക്കരുടെ ഈ കവിതാ ശകലം ഓർമയിൽ വരുന്നു . 

"ജ്യോതിർഭ്രമത്താൽ ഉളവാംമൊലികൊണ്ടിതാദ്യ
സാഹിത്യഗീതികളകൾക്കുദയം വരുത്തി
നേരായുദിർത്തൊരാ മൃദു സ്വരതാളമേളം 
ജീവാതുജീവത സുഖത്തെ വളർത്തിടുന്നു"

Jyothylakshmy Nambiar 2018-11-08 23:32:26

വായിച്ചുതുടങ്ങിയപ്പോൾ അവസാനം വരെ വായിയ്ക്കാനുള്ള ഒരു ആകാംഷ ഉളവായി. മനസ്സിൽ തോന്നിയ ഒരു കൊച്ചു വികാരത്തെ എഴുത്തുകാരി വളരെ മനോഹരമായി വായിയ്ക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ  പകർന്നിരിയ്ക്കുന്നു.   തികച്ചും നൈസർഗ്ഗികമായ  ഒരു അവതരണം.  

നിലവാരം 2018-11-09 21:07:23
ശ്രീമതി ലൈല അലക്സിന്റെ മറ്റു കഥകളുടെ നിലവാരം ഈ കഥയ്കില്ല എന്നു പറയേണ്ടിയിരിക്കുന്നു. കഥയിൽ മോസാർട്ട് എന്ന പേര് ഉപയോഗിച്ചിരുന്നില്ലെങ്കിൽ, സ്റ്റാർലിങ്ങ് എന്നതിനു പകരം മൈന എന്ന്  ഉപയോഗിച്ചിരുന്നെങ്കിൽ, കഥയ്ക്ക് യാതൊരു മാറ്റവും വരില്ലായിരുന്നു. ഒരു സാധാരണ കഥയ്ക്ക് മോസാർട്ട്, സ്റ്റാർലിങ്ങ് എന്നൊക്കെ ചേർത്ത് കൊഴുപ്പിച്ചുവെന്ന് മാത്രം. പക്ഷേ ക്രാഫ്റ്റ് തരക്കേടില്ല.
ബെയിഥോവൻ 2018-11-09 22:30:01
 മോസർട്ടിന് പകരം പിന്നെ ഉമ്പായി എന്ന് എഴുതണമായിരുന്നോ ? താൻ എവിടുത്തുകാരനാടോ ? മൊസാർട്ട് ആരാണെന്ന് നിലവാരത്തിന് അറിയാമോ ? ഓല പീപ്പി പുള്ളിയാ കണ്ടു പിടിച്ചത് .നിലവാരമില്ലാത്ത അഭിപ്രായം എഴുതി വിട്ട് നല്ലൊരു കഥയെ തരം താഴ്ത്താൻ ശ്രമിക്കുന്ന തന്റെ തലയ്ക്കത്ത് അസൂയ കൂടു കൂട്ടിയിരിക്കുകയാണ് . വലിയ കാല താമസമില്ലാതെ കഷണ്ടിയും ബാധിക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക