Image

മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട അഞ്ചു പേരെ വിട്ടയയ്ക്കാന്‍ തയാറെന്ന് ഒഡീഷ സര്‍ക്കാര്‍

Published on 07 April, 2012
മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട അഞ്ചു പേരെ വിട്ടയയ്ക്കാന്‍ തയാറെന്ന് ഒഡീഷ സര്‍ക്കാര്‍
ഭുവനേശ്വര്‍: തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ പൗരനെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട ആറ് പേരില്‍ അഞ്ചു പേരെ വിട്ടയയ്ക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് ഇക്കാര്യം അറിയിച്ചത്.

96 മണിക്കൂറിനുള്ളില്‍ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഇറ്റാലിയന്‍ പൗരന്റെ കാര്യത്തില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് മാവോയിസ്റ്റ് നേതാവ് സഭ്യസാചി പാണ്ഡ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 54 കാരനായ പവോലോ ബൊസൂസ്‌കോ എന്ന ഇറ്റാലിയന്‍ പൗരനാണ് മാവോയിസ്റ്റുകളുടെ തടവില്‍ കഴിയുന്നത്. ഇയാള്‍ക്കൊപ്പം തട്ടിക്കൊണ്ടുപോയ മറ്റൊരു ഇറ്റാലിയന്‍ പൗരനെ നേരത്തെ വിട്ടയച്ചിരുന്നു. എന്നാല്‍ പവോലോയെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ കടുത്ത ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ എംഎല്‍എ ജിന ഹിക്കാകയെ മോചിപ്പിക്കുന്ന കാര്യത്തിലും മാവോയിസ്റ്റുകള്‍ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.

അരാതി മജ്ഹി, മനോഹന്‍ പ്രധാന്‍, സുക നാച്ചിക, ചക്ര തടിംഗി, ബിജയ് തടിംഗി, ശുഭശ്രീ ദാസ് എന്നിവരെയാണ് വിട്ടയയ്ക്കണമെന്ന് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ചര്‍ച്ചകളെ പ്രഹസനമായാണ് സമീപിക്കുന്നതെന്ന ആരോപണം മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിഷേധിച്ചു. സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച സ്ഥിതിക്ക് ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് നവീന്‍ പട്‌നായിക് മാവോയിസ്റ്റുകളോട് അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക