Image

തൊടുപുഴയില്‍ വൈറല്‍പനി, മഞ്ഞപ്പിത്തം

Published on 07 April, 2012
തൊടുപുഴയില്‍ വൈറല്‍പനി, മഞ്ഞപ്പിത്തം
തൊടുപുഴ: താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വൈറല്‍പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചെങ്കണ്ണ്, അതിസാരം എന്നിവ പടരുന്നു.
നേരത്തേ പുറപ്പുഴയില്‍ മലമ്പനി സ്ഥിരീകരിച്ചിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിനി മരിക്കുകയും ചെയ്തു. ഇവിടെ അഞ്ചുപേരില്‍ രോഗം കണ്ടെത്തുകയും ചെയ്തു.
 വേനല്‍മഴയെത്തുടര്‍ന്ന് മലിനജലം കെട്ടിക്കിടക്കുന്നതും കുടിവെള്ളസ്രോതസ്സുകള്‍ മലിനമായതുമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ ഇടയാക്കുന്നത്. ചെങ്കണ്ണ് ബാധിച്ച നിരവധി പേര്‍ ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നു.
ടൗണിലും ഗ്രാമപ്രദേശങ്ങളിലും പല ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈച്ചയുടെയും കൊതുകിന്‍െറയും ശല്യം വ്യാപകമാണ്. തിളപ്പിച്ചാറിയ വെള്ളമല്ല പല ഹോട്ടലുകളിലും നല്‍കുന്നത്. മലിന  വെള്ളം കുടിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തവും അതിസാരവും വൈറല്‍പനിയും ബാധിക്കുന്ന സ്ഥിതിയാണ്.
കുടിവെള്ളസ്രോതസ്സുകളോടനുബന്ധിച്ച മാലിന്യക്കൂമ്പാരവും വെള്ളം മലിനമാകാന്‍ ഇടയാക്കുന്നു. മാലിന്യനിര്‍മാര്‍ജനത്തിന് പല പഞ്ചായത്തിലും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുടിവെള്ളസ്രോതസ്സുകളും കിണറുകളും കുളങ്ങളും ക്ളോറിനേറ്റ് ചെയ്യാനും ഓടകള്‍ ശുചീകരിക്കാനും ഇത്തവണ പല പഞ്ചായത്തിലും  നടപടി ഉണ്ടായില്ല. ഇതുമൂലം രോഗാണുക്കള്‍ പടരുന്ന സ്ഥിതിയാണ്. കൊതുകുശല്യവും പലയിടത്തും രൂക്ഷമാണ്.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതരും നഗരസഭയും ത്രിതല പഞ്ചായത്തുകളും ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക