Image

രാമന്‍ വൈദ്യര്‍ എന്ന വ്യവഹാരി (ബയോ ഫിക്ഷന്‍: ജോസഫ് എബ്രഹാം)

Published on 10 November, 2018
രാമന്‍ വൈദ്യര്‍ എന്ന വ്യവഹാരി (ബയോ ഫിക്ഷന്‍: ജോസഫ് എബ്രഹാം)
രാമന്‍ വൈദ്യര്‍കാവിമുണ്ടും വെള്ള ഉടുപ്പും വേഷം. തോളില്‍ സദാ സഹചാരിയായ തുണിസഞ്ചിയും. കോടതി മുറികളിലും വരാന്തകളിലും ഇടയ്ക്കിടെ കാണാറുള്ള വ്യവഹാരി, ചിലര്‍ക്കയാള്‍ ശല്യക്കാരനായ ഒരു വ്യവഹാരി. രാമന്‍ വൈദ്യരെ ഞാന്‍ പരിചയപ്പെടുന്നതും അടുത്തറിയുന്നതും അദ്ധേഹത്തിനെ വ്യവഹാരങ്ങളില്‍ സഹായിച്ച ഒരു വക്കീല്‍ എന്ന നിലയിലാണ്.

അന്നുഞാന്‍ വലിയ തിരക്കൊന്നുമില്ലാത്ത ഒരു ജൂനിയര്‍ വക്കീലായിരുന്നു. ജീവിതത്തില്‍ ധാരാളം സമയം ബാക്കി. അതുകൊണ്ട് കേസ് കഴിഞ്ഞു വന്നാലും ഞാന്‍ രാമന്‍ വൈദ്യരെ ഓഫീസില്‍ പിടിച്ചിരുത്തും. അതുകൊണ്ട് വേറൊരു ഗുണം കൂടിയുണ്ട് കേട്ടോ ആളുകള്‍ വിചാരിക്കും എന്‍റെ ഓഫീസില്‍എപ്പോഴും കക്ഷികളാണ് ഞാനൊരു തിരക്കുള്ള വക്കീലാണെന്നൊക്കെ.
ഭൂതകാല ബന്ധൂര ബാന്ധവങ്ങളിലൊന്നും വല്ലാതെ കുടുങ്ങി കിടക്കുന്നയാള്‍ ആയിരുന്നില്ല രാമന്‍ വൈദ്യര്‍ എന്നാലും ഞാന്‍ നിര്‍ബന്ധിക്കുമ്പോള്‍ പല പഴയ കാര്യങ്ങള്‍ പലതും പതിയെ ചികഞ്ഞു പുറത്തിടുമായിരുന്നു.

അച്ഛനില്‍ നിന്നും പിന്നീട് ഗുരുമുഖത്ത് നിന്നും വൈദ്യം പഠിച്ചു കഴിഞ്ഞപ്പോള്‍ ഇനി എന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരമായിക്കിട്ടിയ ആത്മീയ അഭിനിവേശത്തില്‍ ഒരു രാത്രി ആരോടും പറയാതെ യുവാവായ രാമന്‍ സിദ്ധാര്‍ത്ഥനെപ്പോലെ വീടുവിട്ടിറങ്ങി.കുറെയേറെ പുണ്യസ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞു. ചില സന്യാസിമാരുടെ കൂടെ ചേര്‍ന്ന് കുറച്ച് കാലം സന്യസിച്ചു. ഇതിനിടയില്‍ അല്പം ജ്യോതിഷവും വശത്താക്കി.

ഒരു രാത്രിയില്‍ കൂലംകുത്തിയൊഴുകുന്ന ഗോദാവരിയുടെ വിസ്തൃതമായ മണല്‍ പരപ്പില്‍ മലന്ന് കിടന്ന് പ്രപഞ്ച രഹസ്യങ്ങളിലേക്ക് കണ്ണുകള്‍ തുറന്ന് വെറുതെ നോക്കികിടക്കുമ്പോള്‍ പിന്നില്‍ കാലടികള്‍ക്ക് കീഴെ മണല്‍ അമരുന്ന ശബ്ദം കേട്ട് എഴുന്നേറ്റു തിരിഞ്ഞു നോക്കി. അവിടെ മുട്ടിന് താഴെ വരെ മാത്രം ഇറക്കമുള്ള കുറിയ മുണ്ടുടുത്ത് താംബൂലം നിറഞ്ഞ വദനം തുറന്നു ചിരിച്ചുകൊണ്ട് അച്ഛന്‍ നില്കുന്നു.
‘അച്ഛന്‍ എങ്ങിനെ ഇവിടെ’ എന്നൊക്കെ ചോദിയ്ക്കാന്‍ തുടങ്ങുന്നതിന് മുന്പായി ചോദ്യം ഇങ്ങോട്ട് വന്നു
“എന്താമകനെകര്‍മ്മമൊന്നുംചെയ്യാതെഎളുപ്പത്തില്‍ മോക്ഷ പ്രാപ്തിക്കായുള്ള വഴികള്‍ തേടുകയാണോ ” ?
ഉത്തരം പറയുവാന്‍ ആഗ്രഹിച്ചെങ്കിലും നാവ് അനങ്ങിയില്ല അണ്ണാക്കില്‍ ഒട്ടിപിടിച്ചപോലെ. അപ്പോള്‍ അച്ഛന്‍ തന്നെ പറഞ്ഞു.

“അവശ്യമുള്ള കര്‍മ്മകുശലതയും അറിവും നിനക്ക് ഈശ്വരന്‍ തന്നിട്ടുണ്ട്. അതൊക്കെ വേണ്ടവിധത്തില്‍ ഉപയോഗിക്കുകയാണ് ഈശ്വര പ്രീതിക്കും മുക്തിക്കും വേണ്ടത്. അല്ലാതെ മേലനങ്ങാതെ ഇങ്ങിനെ കിടന്നാല്‍ ആര്‍ക്കും ഒരു ഗുണമില്ല. കേട്ടിട്ടില്ലേ വിദ്യയും ഇരുമ്പും വെറുതെ ഇരുന്നാല്‍ തുരുംബെടുത്ത് കെട്ടുപോകുമെന്ന്”

അച്ഛന്റെ വാക്കുകള്‍ക്കു മുന്‍പില്‍ ഉത്തരമില്ലാതെ നിലാവില്‍ തിളങ്ങുന്ന വെള്ള മണലിലേക്ക് വെറുതെ ഉറ്റുനോക്കി തല കുമ്പിട്ടു നിന്നു. അല്പം കഴിഞ്ഞ് ശിരസ്സ് പതിയെ ഉയര്‍ത്തിനോക്കിയപ്പോള്‍ അച്ഛനെ അവിടെയെങ്ങും കണ്ടില്ല. ചുറ്റും കണ്ണോടിച്ച് നോക്കി. നിലാവില്‍ കുളിച്ച് നില്‍കുന്ന മണല്‍ പരപ്പും രാജമുണ്ട്രി എന്ന പട്ടണത്തിന്റെ തീരങ്ങളെ തല്ലിയൊതുക്കി തിരക്കിട്ട് ബംഗാള്‍ ഉള്‍കടലിലേക്ക് പായുന്ന ഗോദാവരിയും അല്ലാതെ ആരെയും കണ്ടില്ല. പക്ഷെ അച്ഛന്‍ ചവയ്ക്കുന്ന പ്രത്യേകസുഗന്ധതാംബൂലത്തിന്റെ ഗന്ധം അവിടെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. രാമന്റെ ഓര്‍മ്മയില്‍ അച്ഛന്റെ മണം എന്നത് എന്നും ആ താംബൂലത്തിന്റെ ഗന്ധം ആയിരുന്നു.
ഉണ്ടായിരുന്നതെല്ലാം ഒരു ചെറുമാറാപ്പില്‍ കെട്ടി ഉടന്‍ യാത്ര തിരിച്ചു. അഞ്ചാം ദിവസം പരിക്ഷീണിതനായി വീട്ടുപടിക്കലെത്തി. താടിയും മുടിയും നീട്ടി കോലംകെട്ടിരുന്നെങ്കിലും ഒറ്റനോട്ടത്തില്‍ അകലെനിന്നെ ആളെ തിരിച്ചറിഞ്ഞ അമ്മ ആര്‍ത്തലച്ചു ഓടിവന്ന് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.

“ഇന്ന്അഞ്ചു നാള്‍ ആയി. നേരത്തോടുനേരം വച്ചോണ്ടിരുന്നു. നീ എവിടെയാണെന്ന് അറിയില്ലാലോ,ന്നാലും വെറുതെ കാത്തിരുന്നു” ഇളയച്ഛന്‍ പറഞ്ഞു.

“നീഅറിഞ്ഞിരുന്നോരാമാഏട്ടന്‍പോയത് ? അല്ലഇപ്പോഴെങ്കിലും നിനക്ക് വരാന്‍ പറ്റിയതുകൊണ്ട് ചോദിച്ചതാ. അതിപ്പോ ന്തായാലും നന്നായി ബാക്കി കര്‍മ്മങ്ങള്‍ ഇനിയും ഉണ്ടല്ലോ. ”ഇളയച്ഛന്‍പറഞ്ഞുനിര്‍ത്തി.
ഉത്തരമൊന്നും രാമന്‍ പറഞ്ഞില്ല. പക്ഷെ താന്‍ വന്ന് അച്ഛനെ കണ്ടില്ലെങ്കിലും പോകുന്നതിന് മുന്‍പ് അച്ഛന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന കാര്യം ഓര്‍ത്തപ്പോള്‍ ആശ്വാസം തോന്നി.

ഉമ്മറത്ത് അമ്മയുടെ ചാരത്ത് രാമന്‍ ചേര്‍ന്നിരുന്നു. എന്തൊക്കയോ ചോദിക്കണം എന്ന് മനസ്സ് വെമ്പുന്നു. ഒന്നും പുറത്തേക്ക് വരുന്നില്ല. എവിടെനിന്നോ താംബൂലത്തിന്റെ സുഗന്ധം അടിക്കുന്നതായി തോന്നി. രാമന്‍ മനസ്സില്‍ പറഞ്ഞു. അച്ഛന്‍ പോയിട്ടില്ല അടുത്ത് തന്നെയുണ്ട്. അല്ലെങ്കില്‍ തന്നെ മൂത്ത മകനായ താന്‍ കര്‍മ്മങ്ങള്‍ ചെയ്യാതെ അച്ഛന്‍ എങ്ങിനെ പോകാനാണ്?

“നീനല്ലൊരുവൈദ്യരായിപേരെടുക്കുമെന്നാണ്അച്ഛന്‍എപ്പോഴുംപറയാറുള്ളത്. അച്ഛന്റെ കൈപ്പുണ്യം കൂടുതലായി കിട്ടിയിരിക്കുന്നത് നിനക്കാണെന്നാണ് ഈ ബാലന്‍ എപ്പഴും പറയുന്നത്”ഇളയച്ഛനെചൂണ്ടിഅമ്മപറഞ്ഞു.
“അതിലിപ്പയെന്നാ ഇത്ര സംശയം ? ഏട്ടന്റെ കൈപ്പുണ്യം അപ്പാടെ കിട്ടിയിരിക്കുന്നത് ഇവന് തന്നെയാണ്. അല്ല മറ്റുള്ളവര്‍ മോശക്കാരാണെന്ന് ഞാന്‍ പറഞ്ഞില്ല കേട്ടോ. അതിന്റെ പേരില്‍ എന്നോട് അലോഹ്യം തോന്നേണ്ട. എല്ലാവരും ഒന്നിനൊന്നു മെച്ചം തന്നെ”ബാലന്‍ഇളയച്ഛന്‍ഒരു ഡിപ്ലോമാറ്റായി പറഞ്ഞുനിര്‍ത്തി.

“നീഇനി എങ്ങോട്ടും പോണ്ട. പഠിപ്പൊക്കെ കഴിഞ്ഞതല്ലേ ഇവിടെ എവിടെ എങ്കിലും ഒരു വൈദ്യശാലയിട്ടു കഴിഞ്ഞാല്‍ മതി. എന്റെ കണ്ണടക്കുന്നതുവരെ എന്നും മോന്ത്യ അവൂമ്പോള്‍ എനിക്ക് എല്ലാരെയും കാണണം”അമ്മപറഞ്ഞു.

രാമന്‍ മറുപടിയൊന്നും പറഞ്ഞില്ല.മരണാനന്തര ചടങ്ങുകളും ശ്രാദ്ധവും ഒക്കെ കഴിഞ്ഞു. വീടിന്റെ അകത്തളം ഒരു കാരാഗ്രഹം പോലെ തോന്നി രാമന്. പോകണം പക്ഷേ എങ്ങോട്ടെന്നറിയില്ല. മനസ്സ് യാത്രക്കായി തിടുക്കം കൂട്ടികൊണ്ടിരുന്നു. അമ്മയുടെ കണ്ണുനീര്‍ ബാന്ധവത്തെ ഒരു ചുംബനത്തില്‍ ഒതുക്കി രാമന്‍ തോള്‍ സഞ്ചി ചുമലില്‍ ഇട്ട് ലക്ഷ്യം ഏതെന്നു കാണാതെ പടി കടന്നു.

രാമന്‍ യാത്ര തുടര്‍ന്നു. പല നാടുകള്‍ചുറ്റിയുള്ള യാത്രക്കിടയില്‍ ഒരു നാള്‍ഒരു രാത്രിക്ക് അഭയംതേടി വയനാട്ടിലെ ഒരു കുഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. എത്തിച്ചേര്‍ന്നത് സതീര്‍ത്ഥ്യന്‍ ആയിരുന്ന പഴയ ചങ്ങാതിയുടെ മുന്‍പില്‍. അദ്ദേഹം അവിടുത്തെ പള്ളി വികാരി ആയിരുന്നു.
“ഇനി രാമന്‍ ഇവിടം വിട്ട് എങ്ങോട്ടും പോകേണ്ട. ഇവിടെ തന്നെ അങ്ങ് കൂടിയാല്‍ മതി. അതീ പാവങ്ങള്‍ക്ക് ഒരു വല്യ സഹായമായിരിക്കും”.
കണ്ടത്തിലച്ചന്‍ അങ്ങിനന്നു പറഞ്ഞപ്പോള്‍ നാട്ടുപ്രമാണിയും അംശം അധികാരിയുമായ രാഘവന്‍ നമ്പ്യാരും അതുതന്നെ പറഞ്ഞു. അവിടെ കൂടിയിരുന്ന നാനാ ജാതി മതസ്ഥരായ എല്ലാവരും അത് ഏറ്റു പറഞ്ഞു. നാട്ടുകാരുടെ സ്‌നേഹവായ്പിലുള്ള നിര്‍ബന്ധവും അവരുടെ ദൈന്യതയാര്‍ന്ന മുഖങ്ങളും കണ്ടപ്പോള്‍ ചെറുപ്പകാരനായ രാമന്‍ തന്‍റെ ജീവിതം ഇനി ഇവരുടെ ഇടയിലായിരിക്കട്ടെ എന്ന് തീരുമാനമെടുത്തു.

മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഇരുണ്ട മലകള്‍ അതിരുനില്‍ക്കുന്ന ഒരിടമായിരുന്നു ആ ഭൂമിക. സൂര്യപ്രകാശം കോടമഞ്ഞിനെ തുരന്നു ഭൂമിയില്‍ പതിക്കണമെങ്കില്‍ മധ്യാഹ്നത്തോട് അടുക്കണം. അസ്ഥികള്‍ തുളക്കുന്ന തണുപ്പും സദാ ചീറിയടിക്കുന്ന കാറ്റും. മഴതോര്‍ന്നാലും ഇടവേളകളില്‍ ഇഴപൊട്ടാത്ത നൂല് പോലെ പെയ്യുന്ന ‘നൂല്‍മഴ’.

മനുഷ്യരക്തത്തിന്റെ മണം പിടിച്ചു തല ഉയര്‍ത്തി നോക്കുന്ന ചോരകുടിയന്മാരായ അട്ടകള്‍. എപ്പോഴും ഈര്‍പ്പം കെട്ടിനില്‍ക്കുന്ന മണ്ണില്‍ ആര്‍ത്തുവിളിച്ചു പറക്കുന്ന കൊതുകുകള്‍. നാലുമണിയോടെ തണുത്ത് വിറയ്ക്കുന്ന അന്തരീക്ഷം. സന്ധ്യയോടെ എല്ലാ വഴികളും വിജനമാകും. എല്ലാവരും അവരവരുടെ കുടിലുകളില്‍ കട്ടിയുള്ള പുതപ്പിനടിയില്‍ അഭയം തേടും. കൃഷി കട്ടുമുടിക്കാന്‍ വരുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വേണ്ടി കൊട്ടുന്ന പാട്ടയുടെ മാറ്റൊലികള്‍ മാത്രം രാത്രിയുടെ ആസുര താളമായി എല്ലായിടത്തുനിന്നും ഉയര്‍ന്ന് കേള്‍ക്കാം.

കാട് വെട്ടിപിടിച്ചും, ജെന്മിമാരുടെ പക്കല്‍നിന്ന് ഭൂമി പാട്ടമെടുത്തും, വില കൊടുത്തു വാങ്ങിയും ജീവിതം വെട്ടിപ്പിടിക്കാന്‍ മല്ലിടുന്ന വെറും സാധാരണക്കാരായ കുടിയേറ്റക്കാരായ ആളുകള്‍. അവരുടെ ജീവിത സമരത്തിനെതിരായി പോരടിക്കുന്ന വന്യജീവികളും മലമ്പനിയും, കൂട്ടിന് ഇടയ്ക്കിടയ്ക്ക് വിഷം ചീറ്റുന്ന വസൂരിയും കോളറയും. ഇതിനൊക്കെ അകമ്പടിയായി എന്നും കൂടെനില്കുന്ന പട്ടിണിയും.

രാമന്‍ അവിടെ എത്തുമ്പോള്‍ മലമ്പനിയാല്‍ സകലരും ഉറഞ്ഞു തുള്ളുന്ന സമയമാണ്. അടുത്തെങ്ങും വൈദ്യന്മാരോ ആശുപത്രിയോ ഇല്ല. ആകപ്പാടെ ഒരു ആശുപത്രിയുള്ളത് പത്തു ഇരുപതു മൈല്‍ അകലെയുള്ള മാനന്തവാടി എന്ന ചെറു പട്ടണത്തിലാണ്. കുടിയേറ്റക്കാരില്‍ ചിലര്‍ക്ക് ചിലപൊടിക്കൈ ഒറ്റമൂലികള്‍ അറിയാം പക്ഷെ മലമ്പനിയെ പിടിച്ചു കെട്ടാന്‍ അതുകൊണ്ടൊന്നും കഴിയില്ല. ചിലരെയൊക്കെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് എടുത്തുകെട്ടി ആശുപത്രിയിലേക്ക് മൈലുകള്‍ നടന്ന് കൊണ്ടുപോകും. ആശുപത്രിയില്‍ ചെന്നാല്‍ കൊയ്‌നാവെള്ളവും (Quinine sulfate) മറ്റ്ചില ഗുളികകളും കിട്ടും.
രാമന്റെ മരുന്നുകള്‍ രോഗികള്‍ക്ക് ആശ്വാസമായി. രാമന്‍ പിന്നെ രാമന്‍വൈദ്ദ്യരായി അറിയപ്പെടാന്‍ തുടങ്ങി. ചികിത്സയ്ക്ക് ധാരാളം ആളുകള്‍ എത്താന്‍ തുടങ്ങി പക്ഷെ സാധുക്കളായ അവരുടെ കയ്യില്‍ രാമന് നല്‍കാന്‍ ഒന്നും തന്നെയില്ലായിരുന്നു.

രാമന്‍ വൈദ്ദ്യരുടെ ദാരിദ്ര്യം കണ്ട ചില സുഹൃത്തുക്കള്‍ പട്ടണത്തില്‍ പോയി വൈദ്ദ്യശാല തുടങ്ങാന്‍ പറയാന്‍ തുടങ്ങി. അവിടെ ആണെകില്‍ ധാരാളം ആളുകള്‍ ചികില്‍ത്സ തേടിവരും, നല്ല വരുമാനവും കിട്ടും. സംഗതി ശരിയാണെന്ന് രാമന്‍ വൈദ്യര്‍ക്കും തോന്നി. ഒരുവേള മാനന്തവാടിയില്‍ പോയി ഒരു പീടികമുറി അന്വോഷിച്ചതുമാണ്. പക്ഷെ ചുറ്റുമുള്ള ദൈന്യത നിറഞ്ഞ മുഖങ്ങള്‍ കാണുമ്പോള്‍ പണത്തിന് വേണ്ടി ആ പാവങ്ങളെ ഇട്ടേച്ചു പോകാന്‍ മനസു വന്നില്ല. അങ്ങിനെ ആ മലയോരത്തെ കുഗ്രാമത്തില്‍ തന്നെ രാമന്‍ വൈദ്യര്‍ സ്ഥിരതാമസമാക്കി.

നാട്ടുകാര്‍ക്ക് കാണപ്പെട്ട ദൈവമാണ് വൈദ്യര്‍. ഏതു പാതിരാത്രിയിലും എവിടെ വേണമെങ്കിലും ചെന്നു ചികിത്സ നടത്തും. വല്ലതും കൊടുത്താല്‍ വാങ്ങും. പലപ്പോഴും അരിവാങ്ങാന്‍ അങ്ങോട്ട് പണം കൊടുത്തിട്ടായിരിക്കും വൈദ്യര്‍ തിരിച്ച് വരിക. നാട്ടിലെ എല്ലാകാര്യത്തിനും രാമന്‍ വൈദ്യരുടെ ഉപദേശമാണ് എല്ലാവരും തേടുക.

അവിടുത്തെ ആദ്യകാല കുടിയേറ്റക്കാരുടെ താങ്ങും തണലുമായി മാറിയ രാമന്‍ അവര്‍ക്കുവേണ്ടി ജീവിച്ചുപോന്നു. അവര്‍ക്കുവേണ്ടി പോരടിച്ചു സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി പൊതു സ്വഭാവമുള്ള വ്യവഹാരങ്ങള്‍ നടത്തി അനീതിക്കെതിരെ ശബ്ദമുയര്‍ത്തി. ഇതിനിടയില്‍ സൃഷ്ടിക്കപ്പെട്ട ശത്രുക്കള്‍ വൈദ്യര്‍ക്കായി ചതിക്കുഴികള്‍ വെട്ടി, വ്യവഹാരങ്ങളില്‍ തളച്ചിട്ടു. അങ്ങിനെ വൈദ്യര്‍ അറിയാതെതന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കും സമൂഹത്തിന് വേണ്ടിയുള്ള വ്യവഹാരത്തിലേക്കും സ്വയം എടുത്തെറിയപ്പെടുകയായിരുന്നു. വൈദ്യരുടെ തോളില്‍ തൂങ്ങുന്ന തുണി സഞ്ചിയില്‍ വ്യവഹാരങ്ങളുടെ കടലാസുകെട്ടുകള്‍ നിറഞ്ഞുകൊണ്ടേയിരുന്നു.
നാണ്യവിളകള്‍ക്ക് നല്ല വിളവും വിലയും കിട്ടാന്‍ തുടങ്ങി. കുടിയേറ്റക്കാരുടെ മടിശീലക്ക് നല്ല കനം വച്ചു. പുല്ലുമേഞ്ഞ കുടിലുകള്‍ ഓടിടുവാനും ഓടുമേഞ്ഞവ വാര്‍പ്പാകാനും തുടങ്ങി. ഗ്രാമത്തിലൂടെ റോഡുകളും റോഡുകളിലൂടെ വാഹനങ്ങളും വന്നു തുടങ്ങി. പള്ളിയോടു ചേര്‍ന്ന് പള്ളികൂടങ്ങളും വന്നുചേര്‍ന്നു. ചില കുടിയേറ്റക്കാര്‍ സ്വന്തമായി വാഹനങ്ങള്‍ കരസ്ഥമാക്കി. കുടിയേറ്റത്തിന്റെ ചൂരും നോവും അറിയാത്ത പുതിയ തലമുറ വാഹനങ്ങളില്‍ തലങ്ങും വിലങ്ങും പാഞ്ഞു നടന്നു.

കുരുമുളക് എന്ന കറുത്തമുത്ത് വയനാടിന്റെ ജാതകം തിരുത്തിയെഴുതിയ നാളുകള്‍. വര്‍ദ്ധിച്ച ഉത്പാദനവും ഉയര്‍ന്ന വിലയും അതോടൊപ്പം ഉയര്‍ന്ന സ്ത്രീധനവും വിവാഹ ദല്ലാളന്മാരെയും മണവാളന്മാരെയും ചുരം കയറ്റി വയനാട്ടില്‍ എത്തിച്ചു. അവരോടൊപ്പം ഒരുപാട് വയനാടന്‍ പെണ്‍കൊടികള്‍ ചുരമിറങ്ങിപ്പോയി. തൊഴിലന്വോഷിച്ചു മറ്റ് ജില്ലക്കാരും അന്യ സംസ്ഥാനക്കാരും വയനാട്ടിലേക്ക് കുടിയേറി. കേരളത്തിലെ എല്ലാ ഭാഷാ ശൈലികളും ചേര്‍ന്ന ഒരു പുതിയ സങ്കര ഭാഷയായി മാറി വയനാട്ടിലെ ഭാഷ.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീപ്പുകള്‍ ഉള്ള ഗ്രാമം എന്നഖ്യാതി വയനാട്ടിലെ പുല്പള്ളി എന്ന നാട് സ്വന്തമാക്കി. കുരുമുളക് കൃഷിയോടുള്ള അതിരറ്റ പ്രണയം മറ്റ് കൃഷികളെ ഇല്ലായ്മചെയ്തു., ചോലമരങ്ങളെ വെട്ടിമാറ്റി കുരുമുളക് പടര്‍ത്തുന്നത്തിനായി മുരിക്കുകള്‍ നട്ട് പിടിപ്പിച്ചു. കൂടിയ നിരക്കിലുള്ള വള പ്രയോഗവും മറ്റു ജൈവ വ്യവസ്ഥയുടെ മാറ്റവും ഒത്തുചേര്‍ന്നപ്പോള്‍ പലയിടത്തും ഭൂമി ഊഷരമായി മാറി. കുരുമുളക് ചെടികളില്‍ പടര്‍ന്നുപിടിച്ച ചില രോഗങ്ങള്‍ തോട്ടങ്ങളെ തരിശുഭൂമിക്ക് സമമാക്കിയപ്പോള്‍, നിത്യവൃത്തിക്കായി മുരിക്കിന്റെ ചപ്പുകള്‍ തീറ്റയായി വെട്ടികൊടുത്തു മുയല്‍ വളര്‍ത്തല്‍ തുടങ്ങേണ്ടി വന്നുവെന്നുതും ജീപ്പുകള്‍ ഓരോന്നായി ചുരമിറങ്ങിയെന്നതും പില്‍കാലത്ത് നടന്ന ചരിത്രം
ദീനം വന്നാല്‍ പോകുവാന്‍ ആശുപത്രികള്‍ വന്നു. കൂടാതെ പേരും പെരുമയുമുള്ള ആയുര്‍വേദ കടകളും വന്നു. അതിനിടയില്‍ രാമന്റെ വൈദ്യശാല എന്ന പ്രസ്ഥാനത്തിന് രാമനെപ്പോലെ തന്നെ ജരാനരകള്‍ ബാധിച്ചിരിക്കുന്നു. ചില പഴയ ആളുകള്‍ ഇപ്പോഴും വരാറുണ്ട് എങ്കിലും നാട്ടുകാരേക്കാള്‍ രാമന്റെ കൈപുണ്യം കേട്ടറിഞ്ഞ് ദൂരെ ദിക്കില്‍നിന്നു വരുന്ന ആളുകളാണ് അധികവും. അവരില്‍ മഹാഭൂരിപക്ഷവും ആണെങ്കില്‍ നിത്യവൃത്തിക്ക് നിവര്‍ത്തിയില്ലാത്തവരും.

കുടിയേറ്റക്കാര്‍ എല്ലാവരും തങ്ങളുടെതായ ഒരു ലോകം തന്നെ കെട്ടിപ്പടുത്തു. രാമന്‍ വൈദ്യരുടെ വീടിന്റെ ചുറ്റുമെല്ലാം മനോഹരമായ വീടുകള്‍ ഉയര്‍ന്നുവന്നു. ചോര്‍ന്നൊലിച്ചു കിടക്കുന്ന രാമന്‍ വൈദ്യരുടെ വീട് ഒരു അവലക്ഷണമായി അയല്‍വാസികള്‍ക്ക് തോന്നി. ചിലരെങ്കിലും ആ ലക്ഷണക്കേടിനു പരിഹാരമായി രാമന്റെ പുരയിടത്തിനു നല്ല വില വാഗ്ദാനം ചെയ്തു.

തുണിയുടെ തോള്‍ സഞ്ചിയും അതില്‍ കടലാസുകെട്ടുകളുമായി കോടതിയിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറി ഇറങ്ങുന്ന വൈദ്യരെ നോക്കി കുടിയേറ്റക്കാരുടെ പിന്‍ തലമുറ പരിഹസിച്ചു. ആ കടലാസ്സുകെട്ടുകള്‍ അവരുടെ പിതാക്കന്മാര്‍ക്കു നീതി നേടികൊടുത്തതിനു രാമന്‍വൈദ്യര്‍ക്ക് പ്രതിഫലമായി കിട്ടിയ വ്യവഹാരങ്ങളുടെ സഞ്ചയമായിരുന്നുവെന്നത് അവര്‍ക്ക് ആരും പറഞ്ഞുകൊടുത്തിരുന്നില്ല.
വീട് ആകെ ചോര്‍ന്നൊലിക്കുന്നു, ഏതുവിധേനയും മേല്കൂരമാറ്റി നന്നാക്കാതെ വയ്യ എന്ന നിലയിലായി. രാമന്‍ വൈദ്യര്‍ മുന്‍കൈയെടുത്ത് രൂപം കൊടുത്ത സഹകരണ സംഘംഅപ്പോഴേക്കും ഒരു ബാങ്കായി മാറിയിരുന്നു . പക്ഷെ അപ്പോഴേക്കും വൈദ്യരെ അവിടെനിന്ന് പടിയിറക്കി കഴിഞ്ഞിരുന്നു. ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കുവാന്‍ ഒരു വായ്പ അന്വോഷിച്ചു ചെന്ന വൈദ്യരോട് ബാങ്ക് സിക്രട്ടറി പറഞ്ഞു.

‘വൈദ്യരെഇങ്ങടെഈപുരയിടംവച്ചുലോണ്‍തരാന്‍ഒക്കൂല്ല, വേറെഎന്തെങ്കിലുംഈട്‌കൊണ്ടുവരിന്‍’

വായ്പക്ക് ആവശ്യമായ ഈടിനുള്ള പുരയിടം വൈദ്യര്‍ക്കില്ല. മണ്ണ് വെട്ടിപ്പിടിച്ചവര്‍ക്ക് ദീനം വരുമ്പോള്‍ ചികില്‍ത്സിക്കാനായി ഓടിനടന്ന വൈദ്യര്‍ക്ക് സ്വന്തമായി അല്പം കൂടി മണ്ണ് വെട്ടിപ്പിടിക്കാന്‍ അന്ന് സമയം കിട്ടിയിരുന്നില്ല. അല്ലെങ്കില്‍ അതിനെക്കുറിച്ച് അങ്ങിനെ ചിന്തിക്കാന്‍ തോളിലേറ്റിയ വ്യവഹാരങ്ങളുടെ മാറാപ്പിന്റെ ഭാരം വൈദ്യരെ അനുവദിച്ചിരുന്നില്ല. ഓട്ടമായിരുന്നു നിര്‍ധനരായ രോഗികള്‍ക്ക് അരികിലെക്കും അവിടെനിന്ന് ജെന്മനിയോഗം പോലെ ഏറ്റെടുത്ത നാട്ടുകാരുടെ ആവലാതികളുടെ ഭാരവുമായി സര്‍ക്കാര്‍ ഓഫീസുകളിലേക്കും കോടതി വരാന്തകളിലേക്കും.

കേസിന്റെ അടുത്ത അവധിക്കു കാണാമെന്നു പറഞ്ഞിറങ്ങാന്‍ തുടങ്ങുന്ന വൈദ്യര്‍ ഇറങ്ങുന്നതിനു മുന്‍പായി പതിവ് പോലെ സഞ്ചി തുറന്നു ഒരു ചെറിയ പൊതി എന്‍റെ മേശപ്പുറത്തു വയ്ക്കും. കുഞ്ഞായ എന്‍റെ മകള്‍ക്ക് നല്‍കാനായി എന്നെ എല്പ്പിക്കാറുള്ള വിശേഷപ്പെട്ട കല്‍ക്കണ്ടവും ഉണങ്ങിയ ദ്രാക്ഷവും ആയിരിക്കുമതില്‍.

നാട് വിട്ടുള്ള ജീവിത വിരസതയില്‍ ഇടയ്‌ക്കൊക്കെ ഞാന്‍ വൈദ്യരെ വെറുതെ വിളിക്കുമായിരുന്നു. ഇടയ്ക്ക് എപ്പോഴോ ആ വിളികള്‍ക്കിടയിലെ അന്തരം വല്ലാതങ്ങു കൂടിപ്പോയി. ഓര്‍മ്മ വന്നപ്പോള്‍ ഒരുനാള്‍ ഫോണെടുത്ത് വൈദ്യരെ വിളിച്ചു. ഫോണ്‍ എടുത്തത് വൈദ്യരുടെ മകനായിരുന്നു. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എനിക്ക് മനസ്സിലായി ഞാന്‍ അവര്‍ക്കെല്ലാം സുപരിചിതന്‍ ആയിരുന്നുവെന്നു.

അച്ഛന്‍ ഇടയ്ക്കിടയ്ക്ക് എന്നെക്കുറിച്ച് പറയുമായിരുന്നുവെന്നു കേട്ടപ്പോള്‍ ഞാന്‍ പെട്ടന്ന് നിശബ്ദനായിപ്പോയി.എന്‍റെ മനോഗതം മനസിലാക്കിയെന്നവണ്ണം ഫോണിന്‍റെ അങ്ങേതലക്കല്‍ നിന്നു പറഞ്ഞു. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു അച്ഛന്‍ പോയിട്ട്...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക