Image

സി.ബി.ഐ: അസ്താനയ്‌ക്കെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് എ.കെ.ശര്‍മ്മ

Published on 14 November, 2018
സി.ബി.ഐ: അസ്താനയ്‌ക്കെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് എ.കെ.ശര്‍മ്മ
ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കേസില്‍ പുതിയ വഴിത്തിരിവ്. അസ്താന കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍ എ.കെ. ശര്‍മ്മയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.  എ.കെ.ശര്‍മ്മയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ നേരത്തെ ഏല്‍പ്പിച്ചില്ല എന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആരാണെന്ന് തങ്ങള്‍ക്കറിയില്ല എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. 

എ.കെ. ശര്‍മ്മയുടെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഒന്നിലധികം പേപ്പര്‍ക്കമ്പനികള്‍ ഉണ്ടെന്ന് അസ്താന നേരത്തെ ആരോപിച്ചിരുന്നു. ആരോപണ വിധേയരായ പലരുമാണ് ഇത്തരം പേപ്പര്‍ കമ്പനികളില്‍ ശര്‍മ്മയുടെ പങ്കാളികളെന്നും ആരോപിച്ചിരുന്നു. എന്നാല്‍, അസ്താനയ്ക്കാണ് ഇത്തരം കമ്പനികളില്‍ പങ്കാളിത്തമുള്ളതെന്നും ദുബായിലെ ഇടനിലക്കാരനുമായി അസ്താന സംസാരിക്കുന്നതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ശര്‍മ്മ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

ടെലിഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡും മെസേജുകളുടെ തെളിവുമാണ് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുമെന്ന് ശര്‍മ്മ അറിയിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക