Image

റോഡപകടങ്ങള്‍: സര്‍ക്കാര്‍ യോഗം വിളിക്കുന്നു

Published on 07 April, 2012
റോഡപകടങ്ങള്‍: സര്‍ക്കാര്‍ യോഗം വിളിക്കുന്നു
തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഉടനെ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ഗതാഗതം, പോലീസ്, പൊതുമരാമത്തുവകുപ്പുകളെ ഏകോപിപ്പിച്ചുള്ള കര്‍മപദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് നിയമം ലംഘിക്കുന്നവരെ മുഖം നോക്കാതെ നിയമനടപടികള്‍ക്ക് വിധേയരാക്കുമെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണക്യാമറകള്‍ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെയും മാധ്യമ പ്രതിനിധികളുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് നീണ്ടുപോവുകയായിരുന്നു. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി മോട്ടോര്‍വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തും. പോലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷാ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മോട്ടോര്‍വാഹനവകുപ്പും പോലീസ്‌വകുപ്പും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. ഇതനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ആക്‌സിഡന്റ് റിവ്യൂ കമ്മിറ്റികള്‍ രൂപവത്കരിച്ചതായും മന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക