Image

കെ. സുരേന്ദ്രന്റെ ആചാരലംഘനത്തെ ന്യായീകരിച്ച്‌ ശ്രീധരന്‍ പിള്ള

Published on 18 November, 2018
 കെ. സുരേന്ദ്രന്റെ ആചാരലംഘനത്തെ ന്യായീകരിച്ച്‌ ശ്രീധരന്‍ പിള്ള
പത്തനംതിട്ട: ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്‌ ആചാരം പാലിച്ചിട്ടില്ലെന്ന ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ആരോപണത്തില്‍ കെ. സുരേന്ദ്രനെ ന്യായീകരിച്ച്‌ ബി.ജെ.പി അധ്യക്ഷന്‍ പി.എസ്‌ ശ്രീധരന്‍ പിള്ള. ഓരോ സ്ഥലത്തും ഓരോ ആചാരമാണെന്ന്‌ പറഞ്ഞാണ്‌ ശ്രീധരന്‍ പിള്ള കെ. സുരേന്ദ്രന്റെ ആചാരലംഘനത്തെ ന്യായീകരിച്ചത്‌.

അമ്മ മരിച്ചിട്ട്‌ നാലുമാസത്തിനുള്ളില്‍ കെ. സുരേന്ദ്രന്‍ മലചവിട്ടിയെന്നും ആചാര പ്രകാരം ഇത്‌ പാടില്ലെന്നും കടകംപള്ളി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു മറുപടിയെന്ന നിലയിലാണ്‌ ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.


ആചാരസംരക്ഷിക്കാനെന്ന അവകാശവാദത്തോടെയാണ്‌ കെ. സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശബരിമലയിലെത്തിയത്‌. ശബരിമലയുമായി ബന്ധപ്പെട്ട്‌ തുടര്‍ന്നു പോരുന്ന ആചാരം അനുസരിച്ച്‌ അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരുവര്‍ഷത്തിനിടെ ശബരിമല സന്ദര്‍ശനം പാടില്ലായെന്നാണ്‌. എന്നാല്‍ അമ്മ മരിച്ച്‌ ഒരു വര്‍ഷം തികയുന്നതിനിടെയാണ്‌ ആചാരസംരക്ഷിക്കാനെന്നു പറഞ്ഞ്‌ കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്‌.

2018 ജൂലൈ അഞ്ചിനാണ്‌ സുരേന്ദ്രന്റെ അമ്മ കല്ല്യാണി അന്തരിച്ചത്‌. എന്നാല്‍ നാലുമാസത്തിനുള്ളിലാണ്‌ കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്‌. ഇക്കാര്യം കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

ശബരിമലയില്‍ നടക്കുന്നത്‌ പൊലീസിന്റെ തേര്‍വാഴ്‌ചയാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഭക്തരെ എന്തും ചെയ്യാമെന്ന ധിക്കാരമാണ്‌ പൊലീസിനെന്നും ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക