Image

ബസ്സിനടിയിലെ വിടവില്‍ ഒളിച്ചിരുന്ന് 12കാരന്‍ കുടകില്‍നിന്ന് മലമ്പുഴയിലെത്തി

Published on 07 April, 2012
ബസ്സിനടിയിലെ വിടവില്‍ ഒളിച്ചിരുന്ന് 12കാരന്‍ കുടകില്‍നിന്ന് മലമ്പുഴയിലെത്തി
മലമ്പുഴ: ടൂറിസ്റ്റ്ബസ്സിന്റെ അടിയില്‍ സ്‌റ്റെപ്പിനിവെക്കാനുള്ള സ്ഥലത്തിനുമുകളിലെ ചെറിയ വിടവില്‍ ഒളിച്ചുകിടന്ന് 24മണിക്കൂര്‍ സാഹസികയാത്ര നടത്തി 12കാരന്‍ മലമ്പുഴയിലെത്തി. ഡല്‍ഹി പ്രകാശ് മഹല്ലയില്‍ ബിമലിന്റെ മകനായ മനുവാണ് കുടകിലെ കുശാല്‍നഗറില്‍നിന്ന് മലമ്പുഴയിലെത്തിയത്.
കുടകിലെ ഗോള്‍ഡന്‍ടെമ്പിള്‍ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് മനു. അധ്യാപകന്‍ തല്ലിയതിനെത്തുടര്‍ന്നാണ് സ്‌കൂള്‍വിട്ടതെന്ന് കുട്ടി പറയുന്നു. കാലില്‍ തല്ലുകൊണ്ടതിന്റെ പാടുണ്ട്. സ്‌കൂളില്‍നിന്ന് പുറത്തിറങ്ങിയ കുട്ടി വെള്ളിയാഴ്ച പകല്‍ 11നാണ് നിര്‍ത്തിയിട്ടിരുന്ന ബസ്സിനടിയില്‍ കയറിക്കൂടിയത്. ബാംഗ്ലൂരിലുള്ള മുത്തശ്ശിയുടെ വീട്ടില്‍ പോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പെരിന്തല്‍മണ്ണയില്‍നിന്ന് ടൂറിസ്റ്റുകളെകയറ്റി മൈസൂരിലേക്ക് പോയ ഐസി ട്രാവല്‍സിലാണ് കുട്ടി അബദ്ധത്തില്‍ കയറിയത്.
പകലും രാത്രിയും സ്‌റ്റെപ്പിനിക്കുമുകളിലെ വിടവില്‍ കിടന്നായിരുന്നു യാത്ര. പുലര്‍ച്ചെ മൂന്നിന് ബസ് പെരിന്തല്‍മണ്ണയിലെത്തിയിട്ടും പുറത്തിറങ്ങിയില്ല. പെരിന്തല്‍മണ്ണയില്‍നിന്ന് അടുത്ത ടൂറിസ്റ്റുകളുമായാണ് ബസ് മലമ്പുഴയിലെത്തിയത്. 
ശനിയാഴ്ചരാവിലെ 11ന് മലമ്പുഴ കാര്‍പാര്‍ക്കിലെത്തിയ വാഹനത്തില്‍ ഗ്രീസ് ഒഴിക്കുന്നതിനിടെയാണ് സുനില്‍ എന്നയാള്‍ കുട്ടിയെ കാണുന്നത്. കുട്ടിയെക്കണ്ട് ഭയന്ന ഇയാള്‍ പോലീസിനെ വിവരമറിയിച്ചു. പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ അനുനയിപ്പിച്ച് പുറത്തിറക്കി മലമ്പുഴ സ്‌റ്റേഷനിലെത്തിച്ചു.
സിക്കിമാണ് സ്വദേശമെന്നും അച്ഛനമ്മമാര്‍ ഡല്‍ഹിയില്‍ താമസിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. കുട്ടി കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടു. ബന്ധുക്കള്‍ അടുത്ത ദിവസംതന്നെ മലമ്പുഴയിലെത്തി കുട്ടിയെ കൊണ്ടുപോകുമെന്ന് മലമ്പുഴപോലീസ് അറിയിച്ചു. കുട്ടിയെ മലമ്പുഴ പോലീസ്‌സ്‌റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കയാണ്. ഞായറാഴ്ച സി.ജെ.എമ്മിനുമുന്നില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക