Image

ന്യൂജേഴ്‌സിയില്‍ 16കാരന്റെ വെടിയേറ്റ്‌ ഇന്ത്യക്കാരന്‍ മരിച്ചു

Published on 18 November, 2018
 ന്യൂജേഴ്‌സിയില്‍ 16കാരന്റെ വെടിയേറ്റ്‌ ഇന്ത്യക്കാരന്‍ മരിച്ചു


ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ 16കാരന്റെ വെടിയേറ്റ്‌ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയും ന്യൂജേഴ്‌സിയിലെ താമസക്കാരനുമായ സുനില്‍ ഹെഡ്‌ലയാണ്‌(61) കൗമാരക്കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പതിനാറുകാരനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

നവംബര്‍ 15 വ്യാഴാഴ്‌ച അമേരിക്കന്‍ സമയം രാത്രി എട്ട്‌ മണിയോടെയാണ്‌ കൊലപാതകം നടന്നത്‌.

കഴിഞ്ഞ മുപ്പതുവര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന സുനില്‍ ഹെഡ്‌ല ഹോട്ടല്‍രംഗത്ത്‌ ജോലി ചെയ്‌തുവരികയായിരുന്നു. വ്യാഴാഴ്‌ച രാത്രി ജോലിക്ക്‌ കയറേണ്ടിയിരുന്ന അദ്ദേഹം വീട്ടില്‍നിന്ന്‌ പുറത്തിറങ്ങിയപ്പോഴാണ്‌ അക്രമി വെടിയുതിര്‍ത്തത്‌.

സുനില്‍ ഹെഡ്‌ലയ്‌ക്ക്‌ നേരെ തുരുതുരാ വെടിയുതിര്‍ത്ത ശേഷം പതിനാറുകാരന്‍ ഇദ്ദേഹത്തിന്റെ കാറുമായി കടന്നുകളഞ്ഞു. ശരീരത്തില്‍ പലയിടത്തും വെടിയേറ്റ സുനില്‍ തല്‍ക്ഷണം മരിച്ചിരുന്നു. കാര്‍ മോഷ്ടിക്കാനായാണ്‌ പതിനാറുകാരന്‍ കൊലപാതകം നടത്തിയതെന്നും, പ്രതിയെ വെള്ളിയാഴ്‌ച തന്നെ പൊലീസ്‌ പിടികൂടിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

1987ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിയ സുനില്‍ ഹെഡ്‌ല ഈ മാസം അവസാനം നാട്ടിലേക്ക്‌ വരാനിരിക്കുകയായിരുന്നു. അമ്മയുടെ 95-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ്‌ അദ്ദേഹം രണ്ടുമാസത്തെ അവധിയെടുത്തിരുന്നത്‌. ഇതിനിടെയാണ്‌ ദാരുണമായ കൊലപാതകമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക