Image

ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 07 April, 2012
ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ഭക്ത്യാഢംഭര പൂര്‍വ്വം ആചരിച്ചു. ഏപ്രില്‍ 5-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ പെസഹായുടെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു.

ആഘോഷമായ ദിവ്യബലിയില്‍ മാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. മാത്യു പുതുമന, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തിരുനാള്‍ സന്ദേശം നല്‍കി.

`താലത്തില്‍ വെള്ളമെടുത്തു
വെണ്‍ കച്ചയും അരയില്‍ചുറ്റി
മിശിഹാതന്‍ ശിഷ്യന്മാരുടെ
പാദങ്ങള്‍ കഴുകി...'

എന്നു തുടങ്ങുന്ന സഭയുടെ പുരാതനവും എന്നാല്‍ ഹൃദയസ്‌പര്‍ശിയുമായ ഗാനം ഗായകസംഘം ആലപിക്കവെ, തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങള്‍ അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവ്‌ കഴുകി തുടച്ച്‌ ചുംബിച്ചുകൊണ്ട്‌ ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി തുടച്ചതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം ചാപ്പലിലേക്ക്‌ നടത്തപ്പെട്ടു.

തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ പരമ്പരാഗതമായി ആചരിച്ചുവരുന്ന അപ്പംമുറിക്കലും, പാലുകുടിയും നടത്തപ്പെട്ടു. അഭിവന്ദ്യ പിതാവ്‌ അപ്പം മുറിച്ച്‌ വിശ്വാസികള്‍ക്ക്‌ വിതരണം ചെയ്‌തു. അപ്പവും പാലും തയാറാക്കുന്നതിന്‌ അച്ചാമ്മ മരുവത്തറ നേതൃത്വം നല്‍കി. ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസുകുട്ടി നടയ്‌ക്കപ്പാടം, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ജോസ്‌ കടവില്‍, കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ബഹു. സിസ്റ്റേഴ്‌സും ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക