Image

വെറ്ററന്‍സ് ഡേ: ഒരിറ്റു കണ്ണീരോടെ (ജോര്‍ജ് തുമ്പയില്‍)

Published on 22 November, 2018
വെറ്ററന്‍സ് ഡേ: ഒരിറ്റു കണ്ണീരോടെ (ജോര്‍ജ് തുമ്പയില്‍)
ഇക്കഴിഞ്ഞ ആഴ്ച അമേരിക്കയിലെങ്ങും "വെറ്ററന്‍സ് ഡേ' ആചരിച്ചു. ഒരു ഒഴിവുദിവസം എന്നതിനപ്പുറം സാധാരണ മലയാളികള്‍ ഇതേപ്പറ്റി വേണ്ടത്രയും ബോധവാന്‍മാരാണോ എന്ന സംശയം നിലനില്‍ക്കേയാണ്, ജോലി ചെയ്യുന്ന ആശുപത്രിയിലെ ലോബിയില്‍ "മിസിംഗ് മാന്‍ ടേബിള്‍ (missing man table)' സെറ്റപ്പ് ചെയ്തിരിക്കുന്നത് കാണുവാനിടയായത്. അഭിമാനവും ബഹുമാനവും തോന്നിയ ഒരു നിമിഷമായിരുന്നു അത്. മിലിട്ടറി സര്‍വീസിലുള്ളവരെ ആദരിക്കുന്നതിനും, അവര്‍ക്കായി ഒരു ദിവസം മാറ്റിവെക്കുന്നതിനും സര്‍ക്കാര്‍ കാണിക്കുന്ന ഉദാരമനസ്കതയും കൃതജ്ഞതാ മനോഭാവവും കണ്ടപ്പോള്‍ നമ്രശിരസ്കനായി ഒരുനിമിഷം കണ്ണടച്ച് അവര്‍ക്കായി പ്രാര്‍ഥിച്ചു.

അമേരിക്കയ്ക്കായി സേവനം ചെയ്ത് മരണം വരിച്ചവരുടെ ഹീറോയിസത്തെ വാഴ്ത്തുന്നതിനായാണ് എല്ലാ വര്‍ഷവും നവംബര്‍ 11 വെറ്ററന്‍സ് ഡേ ആയി ആചരിക്കുന്നത്. അമേരിക്കയില്‍ അതേ ദിവസം പൊതു അവധിയായിരിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആംഡ് ഫോഴ്‌സസില്‍ ജോലി ചെയ്തവരെയാണ് ഈ ദിവസം സ്മരിക്കുക.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം ജര്‍മനിയുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി, യുദ്ധത്തിന്റേതായ വൈരാഗ്യവും പിണക്കങ്ങളും കാലുഷ്യവും ഇല്ലാതായ 1918 പതിനൊന്നാം മാസത്തിലെ, പതിനൊന്നാം ദിനത്തിലെ, പതിനൊന്നാം മണിക്കൂറിലെ ഓര്‍മയിലാണ് ഈ ദിനം ആചരിക്കുക.

പ്രധാനമായും, യു എസ് ആംഡ് ഫോഴ്‌സസിന്റെ മിലിറ്ററി ഡൈനിംഗ് ഫസിലിറ്റീസിലാണ് കാണാതായതും മരിച്ചവരും തടവിലാക്കപ്പെട്ടവരുമായ പട്ടാളക്കാരുടെ ബഹുമാനാര്‍ഥം "മിസിംഗ് മാന്‍ ടേബിള്‍' ആചരണം നടക്കുക. ശോകസംഗീതത്തിന്റെയും സാവധാനം മുഴങ്ങുന്ന മണിയുടെയും പശ്ചാത്തലത്തില്‍ വളരെ ഭവ്യതയോടെയാണ് പരിപാടിയില്‍ പങ്കുചേരുന്നവര്‍ നില്‍ക്കുക. അനൗണ്‍സറൊഴികെ എല്ലാവരും നിശബ്ദരായിരിക്കും. ഡൈനിംഗ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോള്‍ കാണാം, വട്ടത്തിലുള്ളൊരു മേശ. കാണാതായവരും മരിച്ചവരുമായവര്‍ക്ക് ഈയൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് അവരെ സ്മരിക്കുന്നത്. മേശമേല്‍ ഫ്‌ളവര്‍ വേസിലൊരു ചുവന്ന പൂവ്, കൂടാതെ പ്ലേറ്റുകള്‍, കമഴ്ത്തിവച്ച വൈന്‍ ഗ്ലാസ്, പ്ലേറ്റില്‍ നാരങ്ങായുടെ മുറിച്ച അല്ലി, ഉപ്പുപൊടി തുടങ്ങിയവ വളരെ ആദരവോടെ ഓരോന്നായി കൊണ്ടുവെക്കും. കാണാതായവരുടെ ആത്മാവ് അവിടെ.ഉണ്ടാകുമെന്ന് വിശ്വാസം..

ഒരു തടവുകാരനെ മാത്രമാണ് സ്മരിക്കുന്നതെങ്കില്‍ ചെറിയ ക്രമീകരണങ്ങളായിരിക്കും സജ്ജമാക്കുക.
ആറ് പേരുടെ സ്മരണയ്ക്കായുള്ള ക്രമീകരണത്തിലാവട്ടെ ആര്‍മി, നേവി, മറൈന്‍ കോര്‍പ്‌സ്, എയര്‍ ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ അഞ്ച് സെര്‍വീസ് സെക്ടറില്‍ നിന്നും കൂടാതെ സിവിലിയന്‍സ് സെക്ടറിനെയും ശൂന്യമായ കസേരകള്‍ പ്രതിനിധീകരിക്കുന്നു. കാണാതായ പ്രിയപ്പെട്ടവരുടെ ബഹുമാനാര്‍ഥം അവര്‍ക്കായി, അവരുടെ ഓര്‍മയ്ക്കായി ഒരു സ്ഥലം ഒഴിച്ചിടുകയാണ് ഈ ആചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രിയപ്പെട്ടവരോടുള്ള, എന്നന്നേക്കും നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമായാണ് വട്ടത്തിലുള്ള മേശ ഒരുക്കുന്നത്. കാണാതായവര്‍ക്ക് രാജ്യത്തോടുള്ള ആത്മാര്‍ഥതയും അവരിലെ നിഷ്കളങ്കതയെയും പ്രതിനിധീകരിച്ച്് മേശമേല്‍ വെള്ളത്തുണി വിരിക്കുന്നു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രിയപ്പെട്ടവര്‍ ചിന്തിയ രക്തത്തെയാണ് വേസിലെ ചുവപ്പ് റോസ് പ്രതിനിധീകരിക്കുന്നത്. കാണാതായ ഓരോരുത്തരുടെയും ജീവിതങ്ങളുടെ സ്മരണയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്ന, അവരുടെ തിരിച്ചുവരവിനെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിശ്വാസത്തെയും ഈ പൂവ് പ്രതീകവല്‍കരിക്കുന്നു.

മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് റിബണ്‍ പ്രതിനിധീകരിക്കുന്നത് രാജ്യത്തിന്റെ വിളിക്ക് മറുപടി നല്‍കാന്‍ അവരെ പ്രേരിപ്പിച്ച രാജ്യത്തോടുള്ള കൂറാണ്. കാണാതായവര്‍ക്കായി പ്രിയപ്പെട്ടവര്‍ വച്ചുപുലര്‍ത്തുന്ന നിരന്തരമായ നിശ്ചയദാര്‍ഢ്യത്തെയും വേസില്‍ കെട്ടിവച്ചിരിക്കുന്ന റിബണ്‍ ഓര്‍മിപ്പിക്കുന്നു.
വിദേശരാജ്യത്ത് കാണാതാവുകയോ പിടിക്കപ്പെടുകയോ ചെയ്ത പ്രിയപ്പെട്ടവര്‍ നേരിടേണ്ടിവന്ന കഠിനമായ പരീക്ഷണങ്ങളെ ബ്രഡ് പ്ലെയിറ്റില്‍ വച്ചിരിക്കുന്ന നാരങ്ങാഅല്ലി പ്രതീകവല്‍കരിക്കുന്നു.

കാണാതായവര്‍ സഹിക്കേണ്ടി വന്ന കണ്ണുനീരും അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ കണ്ണുനീരും ഉത്തരംകിട്ടാത്ത ചോദ്യങ്ങളുമാണ് പ്ലേറ്റില്‍ വച്ചിരിക്കുന്ന ഉപ്പുപൊടി പ്രതിനിധീകരിക്കുന്നത്.

വിശ്വാസത്തിലൂടെ സമാഹരിച്ച ശക്തിയെ പ്രതിനിധീകരിക്കുന്നു മേശ മേല്‍ വച്ചിരിക്കുന്ന ബൈബിള്‍.
കമിഴ്ത്തിവച്ചിരിക്കുന്ന ഗ്ലാസാവട്ടെ പ്രതിനിധീകരിക്കുന്നത് ഈ ദിവസത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത, കാണാതായ പ്രിയപ്പെട്ടവരുടെ അവസ്ഥയെയാണ്.

തടവിന്റെ നാളുകളില്‍ നിന്ന് നാടിന്റെ സുരക്ഷിത വലയത്തിലേക്കുള്ള യാത്രയില്‍ നമ്മുടെ മനസിലെ പ്രതീക്ഷയുടെ തിരിനാളം അവര്‍ക്ക് വെളിച്ചമാകട്ടെ എന്ന് കത്തിച്ചുവച്ച മെഴുകുതിരി ലക്ഷ്യമിടുന്നു.

അവരുടെ അസാന്നിധ്യത്തെ പ്രതിനിധീകരിച്ച് കസേരകള്‍ ശൂന്യമാക്കിയിടുന്നു. അവരിവിടെയില്ല, എന്നാല്‍ അവരുടെ ആത്മാക്കളെ സ്മരിക്കുക എന്ന ആവര്‍ത്തിച്ച ആഹ്വാനമുണ്ടാകും ഈ പരിപാടിയിലുടനീളം. രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്തവരെ കൃതജ്ഞതാപൂര്‍വം സ്മരിക്കുന്ന ഈ നല്ല കീഴ് വഴക്കം മാതൃകാപരമാണ്.

ന്യുവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ ലോബിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മിസിംഗ് മാന്‍ ടേബിള്‍ കണ്ട് മടങ്ങുമ്പോള്‍ കണ്ണില്‍ നിന്ന് രണ്ട് നീര്‍ത്തുള്ളികള്‍ അടര്‍ന്നുവീണത് ശരിക്കും മനസിന്റെ അടിത്തട്ടില്‍ നിന്ന് ആവാനേ സാധ്യതയുള്ളൂ.
Join WhatsApp News
Boby Varghese 2018-11-23 08:36:59
Veterans day is mostly intended to thank living veterans for their service. We acknowledge that their contributions to our national security are appreciated.. While those who died are also remembered, veterans day is set aside to thank and honor all those who served honorably in the military in wartime and peacetime.
Memorial day is the day to remember and honor military personnel who died in  the war or as a result of wounds sustained in the battle.
കേട്ടു കേള്‍വി 2018-11-23 17:10:40
വലിയ Vaccum cleaner വലിയ Rake എന്നിവയുടെ വില കൂടാന്‍ സാദ്യത ഉണ്ട്. ഗോല്‍ബല്‍ വാര്‍മിംഗ് , കാലാവസ്ഥ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്യത ഉണ്ട് എന്ന റിപ്പോര്‍ട്ട് വന്നു. ഇ വാര്‍ത്ത തിരഞ്ഞെടുപ്പിന് മുമ്പ് വന്നിരുന്നു എങ്കില്‍ രിപപ്ലിക്ക്ന്‍  സ്ഥാനാര്‍ഥികളെ തൂത്ത് വാറന്‍ Rake വേണ്ടി വരുമായിരുന്നു. 60% വരുമാനം കിട്ടുന്ന വ്യജ സ്റ്റോക്ക്‌ വില്‍ക്കുന്ന ബോബിയോടു ചോദിക്കുക. 
നാരദന്‍ .
invest in Rake & giant vaccum cleaners, more forest fires will happen due to global warming. Report came today. republicans delayed the report to get as much as seats in the election.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക