Image

പി.ബിയുടെ പടി കടക്കുമോ വി.എസ്‌

ജി.കെ. Published on 08 April, 2012
പി.ബിയുടെ പടി കടക്കുമോ വി.എസ്‌
സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്‌ തിരശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഏവരും ഉറ്റു നോക്കുന്ന ഒരു ചോദ്യമേയുള്ളൂ. പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഇത്തവണ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്‌ ബ്യൂറോയുടെ പടി കടക്കുമോ എന്ന്‌. സ്വന്തം സഹപ്രവര്‍ത്തകര്‍ ഒരുക്കിയ വാരിക്കുഴികള്‍ കടന്നുവേണം വി.എസിന്‌ പിബിയുടെ പടികടക്കാന്‍. ഇതിനായി വി.എസ്‌ തേടുന്നത്‌ അന്യസംസ്ഥാന പിന്തുണയും പോളിറ്റ്‌ ബ്യൂറോയിലെ വി.എസ്‌ വക്താക്കളായ സീതാറാം യെച്ചൂരിയുടെയും വൃന്ദാ കാരാട്ടിന്റെയും പിന്തുണയും പിബി പടി കടക്കുന്നതില്‍ വി.എസിന്‌ നിര്‍ണായകമാവും.

ത്രിപുര മുഖ്യമന്ത്രിയും പിബി അംഗവുമായ മണിക്‌ സര്‍ക്കാരിനെ വിഎസ്‌ കഴിഞ്ഞ ദിവസം പ്രത്യേകമായി കണ്‌ടതും പിബി പ്രവേശനത്തിന്‌ പിന്തുണ തേടിയാണ്‌. എന്നാല്‍ ആരൊക്കെ പിന്തുണച്ചാലും സംസ്ഥാന നേതൃത്വത്തിന്റെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്‌ കുറ്റപ്പത്രത്തെ മറികടന്ന്‌ വി.എസിനുവേണ്‌ടി പിബിയുടെ വാതില്‍ വീണ്‌ടും തുറക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‌ ധൈര്യമുണ്‌ടോ എന്നകാര്യം ഇപ്പോഴും ചോദ്യം ചിഹ്നമായി അവശേഷിക്കുന്നു.

പിബിയില്‍ തിരിച്ചെത്തിയാലും തന്റെ പ്രവര്‍ത്തനശൈലി മാറ്റാന്‍ വിഎസ്‌ തയാറായില്ലെങ്കിലോ എന്ന ആശങ്കയും വിഎസിനുവേണ്‌ടി രണ്‌ടും കല്‍പിച്ച്‌ രംഗത്തിറങ്ങുന്നതില്‍ നിന്ന്‌ യെച്ചൂരിയെയും വൃന്ദാ കാരാട്ടിനെയും പോലുള്ളവരെ പിന്തിരിപ്പിക്കുന്നുമുണ്‌ട്‌. വി.എസ്‌ പിബിയിലെത്തുന്നതിനെ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും അനുകൂലിക്കുമെന്ന്‌ എന്തായാലും കരുതാനാവില്ല. സംസ്ഥാനത്തു നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ തന്നെ വിരലിലെണ്ണാവുന്നവരുടെ പിന്തുണ പോലും വി.എസിനില്ല. ഇതു നേരത്തെ മനസിലാക്കിയാണ്‌ അദ്ദേഹം അന്യസംസ്ഥാനത്തു നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും പോളിറ്റ്‌ ബ്യൂറോ അംഗങ്ങളെയും കണ്‌ട്‌ പിന്തുണ തേടുന്നത്‌.

പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുമ്പ്‌ തന്നെ ഡല്‍ഹിയില്‍ നിന്നും യുപിയില്‍ നിന്നും ബംഗാളില്‍ നിന്നുമുള്‍പ്പെടെ പത്തോളം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വി.എസിനെ പോളിറ്റ്‌ ബ്യൂറോയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കത്തു നല്‍കിയത്‌ ഇതുസംബന്ധിച്ച മുന്നൊരുക്കം വി.എസ്‌ നേരത്തെ തുടങ്ങിയിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്‌.

എന്നാല്‍ വി.എസിന്‌ കുരുക്കിടുന്നതില്‍ എപ്പോഴും ഒരുമുഴം മുമ്പേ എറിയാറുള്ള ഔദ്യോഗിക നേതൃത്വവും ഇതെല്ലാം കണ്‌ട്‌ വെറുതിയിരിക്കുന്നില്ല. സംസ്‌ഥാന സമ്മേളനത്തില്‍ കണ്‌ടത്‌ വി.എസ്‌.വധത്തിന്റെ ചെറുപൂരമായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അതിന്റെ വെടിക്കെട്ടാണ്‌ ഔദ്യോഗിക നേതൃത്വം വി.എസിനെതിരെ നടത്തുന്നത്‌. ഇതിന്റെ ഭാഗമായി അവര്‍ ഉന്നയിക്കുന്നത്‌ കഴിഞ്ഞകാലത്തെ അച്ചടക്കലംഘനത്തിന്റെ പേരില്‍ വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നാണ്‌. അത്‌ നടക്കാന്‍ പോകുന്നില്ലെന്ന്‌ അവര്‍ക്ക്‌ വ്യക്തമായറിയാം. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ ഇല്ലാത്തൊരു നേതാവിനെ പിബിയിലുള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം തയാറാവാതിരിക്കാനായി ഔദ്യോഗികപക്ഷം ഒരുമുഴം മുമ്പേ എറിഞ്ഞ വടിയായിരുന്നു ഇത്‌.

ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുകയെന്ന ഫോര്‍മുലയിലേക്ക്‌ കേന്ദ്ര നേതൃത്വം എത്തുമെന്ന്‌ അവര്‍ കണക്കുക്കൂട്ടുന്നു. വിഎസിനെ നിശ്‌ചിതകാലത്തേക്ക്‌ എന്നു പറഞ്ഞല്ല പിബിയില്‍ നിന്നു മാറ്റിയതെന്ന ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ വിശദീകരണം വി.എസിനെ വീണ്‌ടും പിബിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനിടയിലും രണ്‌ടു പക്ഷമുണ്‌ടെന്നതിന്റെ വ്യക്തമായ സൂചനയാണെങ്കിലും വിഎസിനെ പൂര്‍ണമായും അവഗണിച്ചുകൊണ്‌ടുള്ള തീരുമാനം കേന്ദ്ര നേതൃത്വത്തിന്‌ കൈക്കൊള്ളാനും കഴിയില്ല.

പ്രതിപക്ഷനേതാവ്‌ എന്ന സ്‌ഥാനവും അദ്ദേഹത്തിനു കേരളത്തിലെ ജനങ്ങളുടെ ഇടയിലുള്ള സ്വാധീനവും കേന്ദ്ര നേതൃത്വത്തിനു വ്യക്തമായ ബോധ്യമുണ്ട്‌. നെയ്യാറ്റിന്‍കര എന്ന അഭിമാനപ്പോരാട്ടം മറികടക്കാന്‍ വി.എസിന്റെ ചിത്രവും സാന്നിധ്യവും പാര്‍ട്ടിക്ക്‌ ആവശ്യവുമാണ്‌. അതുകൊണ്‌ടുതന്നെ വിഎസിനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തി സംരക്ഷിക്കുക എന്ന തന്ത്രമായിരിക്കും കേന്ദ്രനേതൃത്വം സ്വീകരിക്കുക എന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. അതായത്‌ പിബിയുടെ പടി കടക്കാന്‍ വി.എസ്‌ ഇനിയും കാത്തിരിക്കണമെന്നു സാരം. വി.എസിനെ പിബിയില്‍ പ്രത്യേകക്ഷണിതാവാക്കണമെന്നൊരു വാദവും ഇയക്ക്‌ ഉയര്‍ന്നിരുന്നെങ്കിലും അതിന്‌ വലിയ ആയുസുണ്‌ടായിരുന്നില്ല.


പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിലേതെന്നുപോലെ ഇത്തവണയും 15 അംഗ പിബിയ്‌ക്ക്‌ തന്നെയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ്‌ രൂപം നല്‍കുക. നിലവിലെ സാഹചര്യമനുസരിച്ച്‌ വി.എസിന്റെ പുനഃപ്രവേശം തുലാസിലായ സ്ഥിതിക്ക്‌ കേരളത്തില്‍ നിന്ന്‌ ആരും പുതുതായി പിബിയിലെത്താന്‍ സാധ്യതയില്ല. കേരളത്തില്‍ നിന്നു പുതിയ പ്രതിനിധികളില്ലെങ്കിലും മലയാളിയായ എ.കെ.പത്മനാഭന്‍ പൊളിറ്റ്‌ ബ്യൂറോയിലെത്തും. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ്‌്‌ എന്ന നിലയിലാകും പത്മനാഭന്റെ പിബി പ്രവേശനം. എം.കെ. പാന്ഥെ അന്തരിച്ചതിനു ശേഷം ഒഴിവു നികത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണു സിഐടിയു നേതാവായ എ.കെ. പത്മനാഭനെ പരിഗണിക്കുന്നത്‌.

എന്തായാലും പോരാട്ടത്തിനായി എന്നും പുതിയ പോര്‍മുഖങ്ങള്‍ തേടുന്ന വി.എസ്‌ ഔദ്യോഗികപക്ഷത്തെ വെട്ടി വീണ്‌ടും പിബിയിലെത്തുകയാണെങ്കില്‍ സിപിഎം കേന്ദ്രനേതൃത്വത്തില്‍ അധികാരത്തിന്റെ പെന്‍ഡുലം പ്രകാശ്‌ കാരാട്ടില്‍ നിന്ന്‌ സീതാറാ യെച്ചൂരിയിലേക്ക്‌ മാറുന്നതിന്റെ സൂചന കൂടിയായിരിക്കുമത്‌. വി.എസ്‌ വീണ്‌ടും കരുത്താര്‍ജിക്കുന്നതിന്റെയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക