Image

സുനിത വില്യംസ് വീണ്ടും ബഹിരാകാശ ദൗത്യത്തിന്; ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ മരണം: ഫ്‌ളോറിഡയില്‍ നാസിപ്പടയുടെ മാര്‍ച്ച്

Published on 08 April, 2012
സുനിത വില്യംസ് വീണ്ടും ബഹിരാകാശ ദൗത്യത്തിന്;  ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ മരണം: ഫ്‌ളോറിഡയില്‍ നാസിപ്പടയുടെ മാര്‍ച്ച്
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയും ബഹിരാകാശ ശാസ്ത്രജ്ഞയുമായ സുനിതാ വില്യംസ് വീണ്ടും ബഹികാരാകാശ ദൗത്യത്തിന്. റഷ്യന്‍ ബഹിരാകാശ വാഹനമായ സോയൂസില്‍ ജൂലൈ 15നായിരിക്കും സുനിതയുടെ ബഹിരാകാശ ദൗത്യം. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സുനിത വീണ്ടും ബഹിരാകാശദൗത്യത്തിന് തയാറെടുക്കുന്നത്. സ്‌പേസ് സ്റ്റേഷനിലേക്കുള്ള എക്‌സ്‌പെഡിഷന്‍-32, എക്‌സ്‌പെഡിഷന്‍ 33 എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ റഷ്യയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ബഹിരാകാശ ശാസ്ത്രജ്ഞര്‍ സുനിതയെ അനുഗമിക്കും. ബഹിരാകാശത്തെത്തുമ്പോള്‍ മനുശ്യശരീരത്തിന് എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു ബഹിരാകാശത്ത് ദീര്‍ഘകാലം ചെലവഴിക്കാനായി എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം സംഘം പഠനം നടത്തും. ഗുജറാത്ത് സ്വദേശിയായ ന്യൂറോഅനാട്ടോമിസ്റ്റ് ദീപക് പാണ്ഡ്യയുടെയും സ്ലൊവാക് വംശജയായ ബോണി പാണ്ഡ്യയുടെയും മകളായി ഒഹായോയിലെ യൂക്ലിഡിലാണ് സുനിത ജനിച്ചത്. 2007ലാണ് സുനിത അവസാനമായി ബഹിരാകാശത്തെത്തിയത്. അന്ന് 195 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ച വനിതയെന്ന റെക്കോര്‍ഡും സുനിത സ്വന്തമാക്കിയിരുന്നു.

ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ മരണം: ഫ്‌ളോറിഡയില്‍ നാസിപ്പടയുടെ മാര്‍ച്ച്

ഫ്‌ളോറിഡ: ട്രേയേവോണ്‍ മാര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നവനാസികള്‍ എന്നറിയപ്പെടുന്ന ആയുധധാരികളായ നാഷണല്‍ സോഷ്യലിസ്റ്റ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ മാര്‍ട്ടിന്‍ വെടിയേറ്റുമരിച്ച ഫ്‌ളോറിഡ നഗരത്തില്‍ മാര്‍ച്ച് നടത്തി. മാര്‍ട്ടിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വെളുത്ത വര്‍ഗക്കാര്‍ക്കെതിരെ വംശീയ ആക്രമണമുണ്ടാവുകയാണെങ്കില്‍ നേരിടാന്‍ തയാറാണെന്ന് വ്യക്തമാക്കിയായിരുന്നു നാസികള്‍ ഫ്‌ളോറിഡയിലും സാന്‍ഫോര്‍ഡിലും മാര്‍ച്ച് നടത്തിയത്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ ആക്രമണമുണ്ടാവുകയാമെങ്കിലും തങ്ങള്‍ ഇടപെടുമെന്നും മറ്റു വെള്ളക്കാരെപ്പോലെ എല്ലാം കണ്ട് വെറുതെ പോകുന്നവരല്ല തങ്ങളെന്നും സംഘത്തിന്റെ തലവന്‍ ജെഫ് സ്‌കോയിപ് പറഞ്ഞു. പ്രദേശവാസികളടക്കം ഇരുപതോളം പേരടങ്ങുന്ന സംഘമാണ് നഗരത്തിലൂടെ മാര്‍ച്ച് നടത്തിയത്. ഫെബ്രുവരി 26നാണ് ട്രെയേ്‌വോണ്‍ മാര്‍ട്ടിന്‍ നൈറ്റ്ഹുഡ് വാച്ച് വളണ്ടിയര്‍ ജോര്‍ജ് സിമ്മര്‍മാന്റെ വെടിയേറ്റുമരിച്ചത്.

യുഎസില്‍ ഒരാള്‍ മാത്രം താമസിച്ച പട്ടണം വിയറ്റ്‌നാംകാരന്‍
സ്വന്ത­മാക്കി

ലോസ്ഏയ്ഞ്ചല്‍സ്: ഒരാള്‍ മാത്രം താമസിച്ചിരുന്ന ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം യുഎസില്‍ ലേലം ചെയ്തു. യുഎസിലെ വ്യോമിംഗിലുള്ള ബ്യൂഫഡ് ആണ് പേര് വെളിപ്പെടുത്താത്ത വിയറ്റ്‌നാം പൗരന്‍ ഒമ്പതു ലക്ഷം ഡോളറിന് ലേലത്തില്‍ പിടിച്ചത്. ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 25 പേരാണ് പങ്കെടുത്തത്. മുമ്പ് രണ്ടായിരത്തോളം ആളുകള്‍ താമസിച്ചിരുന്ന ചെറുപട്ടണമായിരുന്നു ബ്യുഫഡ്. ഇവിടേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെ ആളുകള്‍ മറ്റിടങ്ങളിലേക്കു ചേക്കേറി. "ബ്യുഫഡ്, ജനസംഖ്യ ഒന്ന്' എന്നായിരുന്നു ഇതിനുശേഷം നഗരത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ രേഖപ്പെടുത്തിയിരുന്നത്. മൂന്നു മുറികളുള്ള വീടിനു പുറമേ പത്തേക്കര്‍ സ്ഥലം, സ്കൂള്‍, ഗ്യാസ് സ്‌റ്റേഷന്‍, മൊബൈല്‍ ടവര്‍, ഗ്യാരേജ് എന്നിവ ഡോണ്‍ സമണ്‍സ് എന്ന 61 വയസുകാരനാണ് ഇന്റര്‍നെറ്റിലൂടെ ലേലത്തിനു വച്ചത്.

ദീര്‍ഘനാളത്തെ ഏകാന്തവാസത്തിനുശേഷമാണ് ബ്യൂഫഡ് ലേലത്തില്‍ വില്‍ക്കാന്‍ സമണ്‍സ് തീരുമാനിച്ചത്. ഹോച്ചിമിന്‍ സിറ്റിയില്‍നിന്നുള്ള വിയറ്റ്‌നാം പൗരനാണ് നഗരം ലേലത്തില്‍ പിടിച്ചതെന്നല്ലാതെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടില്ല. രണ്ടാഴ്ചയോളം ഏതെങ്കിലും ബീച്ചില്‍ ചെലവഴിക്കുമെന്നും തുടര്‍ന്ന് ബ്യുഫഡിലെ ഏകാന്തജീവിതത്തെക്കുറിച്ചുള്ള പുസ്തകം എഴുതിത്തുടങ്ങുമെന്നും സമണ്‍സ് പറഞ്ഞു.

രണ്ട് ഇന്ത്യക്കാര്‍ക്ക് യേല്‍ ഫെലോഷിപ്പ്

വാഷിംഗ്ടണ്‍: യേല്‍ സര്‍വകലാശാല ഈ വര്‍ഷം ആഗോളതലത്തില്‍ ഫെലോഷിപ്പിനു തിരഞ്ഞെടുത്ത 16 പേരില്‍ രണ്ട് ഇന്ത്യക്കാരും. ക്വിക്‌സാന്‍ഡ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകരിലൊരാളും മാനേജിംഗ് ഡയറക്ടറുമായ ആയുഷ് ചൗഹാനും ദ് ഹംഗര്‍ പ്രോജക്ടിന്റെ സീനിയര്‍ പ്രോഗ്രാം ഓഫിസര്‍ രുചി യാദവും ആണ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍. ഇതോടെ മിഡ് കരിയര്‍ പ്രഫഷനലുകള്‍ക്കായി 2002ല്‍ ഏര്‍പ്പെടുത്തിയ ഫെലോഷിപ് ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 11 ആയി. ആകെ 79 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇതു ലഭിച്ചിട്ടുള്ളത്. ഇതില്‍ 11 വീതം നേടിയ ഇന്ത്യയും ബ്രിട്ടനുമാണ് ഒന്നാം സ്ഥാനത്ത്. ഡിസൈന്‍-ഇന്നവേഷന്‍ കണ്‍സല്‍ട്ടന്‍സി ഉടമയാണ് ആയുഷ് ചൗഹാന്‍. വനിതാ പഞ്ചായത്ത് അംഗങ്ങളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് രുചി യാദവ് നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക