Image

അയ്യേ... ദീപാനിശാന്തേ ഇത് നാണക്കേട്,,, ഇത്രയ്ക്ക് ആശയ ദാരിദ്രമോ നിങ്ങള്‍ക്ക്?

കലാകൃഷ്ണന്‍ Published on 29 November, 2018
അയ്യേ... ദീപാനിശാന്തേ ഇത് നാണക്കേട്,,, ഇത്രയ്ക്ക് ആശയ ദാരിദ്രമോ നിങ്ങള്‍ക്ക്?
വര്‍ത്തമാനകാല കേരളത്തിലെ വിമര്‍ശന ജിഹ്വയാണ് ശ്രീമതി ദീപാ നിശാന്ത്. സംഘപരിവാറിന്‍റെ നിതാന്ത വിമര്‍ശക. കോളജ് അധ്യാപിക, സാഹിത്യകാരി എന്നീ നിലകളിലാണ് ദീപാ നിശാന്ത് കേരളീയ സമൂഹത്തിലെ സാമൂഹിക രാഷ്ട്രീയ വിമര്‍ശകയായി അവരോധിക്കപ്പെടുന്നത്. ആ ദീപാ നിശാന്ത് ഇന്ന് കേവലം കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുന്നു. എന്നു വെച്ചാല്‍ ദീപാനിശാന്ത് ഒരു സര്‍വ്വീസ് മാസികയില്‍ തന്‍റെ പേര് വെച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കവി എസ് കലേഷ് ബ്ലോഗിലും തുടര്‍ന്ന് മാധ്യമം ആഴ്ചപതിപ്പിലും പ്രസിദ്ധീകരിച്ചതാണ്. 
ദീപാ നിശാന്തിന്‍റെ കവിത വായിച്ച ഉടനെ തന്നെ കലേഷിന് സംശയം. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനെഴുതിയ കവിത തന്നെയല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കവിത എടുത്ത് നോക്കിയ കലേഷ് കാണുന്നത് താന്‍ എഴുതിയതില്‍ നിന്ന് ആശയം മാത്രമല്ല എണ്‍പത് ശതമാനം വരികളും അതേ പോലെ പദാനുപദം അടിച്ചു മാറ്റിയിരിക്കുന്നു. ഇന്‍സ്പിരേഷന്‍ അഥവാ പ്രചോദനം എന്ന് വാദിച്ചാല്‍ പോലും പദാനുപദം പകര്‍ത്തിയെഴുതി സ്വന്തം പേര് വെച്ച് പ്രസിദ്ധീകരിക്കുന്നതിനെ കോപ്പിയടി എന്ന് തന്നെയല്ല പറയണ്ടത്. 
എന്തായാലും കലേഷിന് മാത്രമല്ല രണ്ട് കവിതകളും വയിച്ച ഏവര്‍ക്കും മനസിലായി സംഗതി അസല്‍ കോപ്പിയടി തന്നെയെന്ന്. പക്ഷെ എന്താ കഥ... അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീപാ നിശാന്ത് പുരോഗമന മുഖം മാറ്റിവെച്ചു സാക്ഷാല്‍ കെ.എം മാണിക്ക് പഠിക്കാന്‍ തുടങ്ങി. എന്നു വെച്ചാല്‍ അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന് മറുപടി പറയും. 
ഇത് കോപ്പിയടിയാണോ ദീപ ടിച്ചറേ എന്ന് ചോദിച്ചാല്‍?
സംഘപരിവാര്‍ എന്നെ വേട്ടയാടുകയല്ല എന്ന മറുചോദ്യം വരും. 
വേട്ടയൊക്കെ അവിടെ നില്‍ക്കട്ടെ...  ഈ കവിത ടീച്ചര്‍ ചുളുവില്‍ അടിച്ചു മാറ്റിയതല്ല, കലേഷ് പറയുന്നത് നൂറുശതമാനം സത്യമല്ല എന്ന് ചോദിച്ചാല്‍?
കവിത എന്‍റെ വഴിയല്ല എന്ന് അറിയില്ലേ എന്ന മറുപടി വരും. 
ഇങ്ങനെ അരിയെത്ര...പയര്‍ അഞ്ഞാഴി.... മോഡലില്‍ ഒരു ഫേസ്ബുക്ക് കുറിപ്പും ഇവര്‍ ഇറക്കിയിട്ടുണ്ട്. 
പക്ഷെ വായിക്കുന്നവര്‍ക്ക് മനസിലാകും. സംഭവം ഒന്ന് പകര്‍ത്തിയെഴുതിപ്പോയതാണ്. 
എന്തായാലും സംഭവത്തില്‍ കേരളത്തില്‍ മതേതര ഇടതുപക്ഷ പുരോഗമന സമൂഹം അപ്പാടെ ഞെട്ടിപൊട്ടിത്തകര്‍ന്ന് നില്‍ക്കുകയാണ്. 
"ദീപാ നിശാന്ത് ഇപ്പിടിയെല്ലാം സെയ്യുമാ കണ്ണേ"' എന്ന മട്ടിലാണ് ആളുകളുടെ ചോദ്യങ്ങള്‍. 
മാധ്യമപ്രവര്‍ത്തകയായ ഷാഹിനാ തുറന്ന് എഴുതിയത് ദീപാനിശാന്തിന്‍റെ കോപ്പിയടി വിവാദത്തില്‍ ദീപയുടെ പ്രതികരണം അമ്പരപ്പും നിരാശയുമുണ്ടാക്കി എന്നാണ്. അത് സത്യവുമാണ്. പിടക്കപ്പെട്ടിട്ടും മുട്ടാപ്പോക്ക് പറഞ്ഞ് നില്‍ക്കുകയാണ് ദീപാനിശാന്തിന്‍റെ നിലപാട്. 
ദീപാ നിശാന്ത് എന്ന അധ്യാപികയെക്കുറിച്ച് ലേഖകന് യാതൊരു എതിര്‍ അഭിപ്രായവുമില്ല. അവര്‍ കേരള വര്‍മ്മ കോളജിലെ മികച്ച അധ്യാപിക തന്നെ എന്ന് ഏവര്‍ക്കും അഭിപ്രായമുണ്ട്. 
എന്നാല്‍ സാഹിത്യ ലോകത്തെ അസാധാരണ വ്യക്തിത്വമാണ് ദീപാ നിശാന്ത് എന്ന് പറഞ്ഞാല്‍ ലേഖകന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. കുന്നോളം ഉണ്ടല്ലോ ഭൂതകാലക്കുളില്‍ എന്ന അവരുടെ പുസ്തകം വായിച്ചിട്ടുണ്ട് ലേഖകന്‍. വെറും ശരാശരിയില്‍ താഴെ നിലവാരമുള്ള എഴുത്ത് മാത്രമാണ് അതിലേത്. 
നിലവാരത്തിന്‍റെ അളവ് കോല്‍ എന്താണ്. നിലവാരം എന്നത് ആപക്ഷികമല്ലേ എന്ന ചോദ്യമൊക്കെ അവിടെ നില്‍ക്കട്ടെ. നിലവാരം എന്നൊന്നുണ്ട് പുരോഗമന സമൂഹമേ. 
അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ സത്യന്‍ അന്തിക്കാടിന്‍റെ മുതല്‍ ആഷിക് അബുവിന്‍റെ വരെ ശ്രേണിയില്‍ സന്തോഷ് പണ്ഡിറ്റിനെ പെടുത്താത്തത്. അതുകൊണ്ടു തന്നെയാണ് മിനിമോളുടെ അച്ഛന്‍ എന്ന സന്തോഷിന്‍റെ സിനിമ കണ്ടിട്ട് നിങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്നത്. ദീപാനിശാന്തിന് നിലവാരം ബാധകമല്ലെങ്കില്‍ സന്തോഷ് പണ്ഡിറ്റിനും ബാധകമല്ല. നിങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെയും ആഷിക് അബുവിനെപ്പോലെ ആഘോഷിക്കാന്‍ ബാധ്യസ്ഥരാണ്. നിങ്ങള്‍ അതിന് തയാറല്ലാത്തപ്പോള്‍ ദീപാ നിശാന്തിന് ലഭ്യമാകുന്ന പ്രിവിലജ് അതായത് നിലവാരം ഇല്ലാത്ത സാഹിത്യം എഴുതിയിട്ടും കിട്ടുന്ന വേദികളും എഴുത്തികാരിയെന്ന ലേബലും അവരിലെ സവര്‍ണ്ണ ബിംബത്തിന്, കോളജ് പ്രൊഫസര്‍ എന്ന പ്രിവിലജിന് കിട്ടുന്ന അംഗീകാരങ്ങള്‍ മാത്രമാണ്. 
സന്തോഷ് പണ്ഡിറ്റ് ഇനി സന്തോഷ് മേനോന്‍ ആണെങ്കില്‍ പോലും അത് കിട്ടാനും പോകുന്നില്ല. കാരണം സന്തോഷിന് ലുക്കില്ല... വാചാടോപം നടത്തി ആളുകളെ കബളിപ്പിക്കാന്‍ അറിയില്ല. അയാള്‍ക്ക് അയാളാകാനെ അറിയു. കോപ്പിയടിക്കാന്‍ അറിയില്ല, അഭിനയിക്കാന്‍ അറിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ മറ്റ് പല മേനോന്‍മാരെയും പോലെയല്ല. 
പണ്ട് തോമസ് ജേക്കബ് എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതിയത് ഓര്‍മ്മ വരുന്നു. നിലവാരം എന്നൊന്നുണ്ട്. വ്യക്തികളുടെ ജീവിതത്തിലായാലും കലയിലായാലും സാഹിത്യത്തിലായാലും. പണ്ട് ഞാന്‍ മാവിലെ മാങ്ങയെറിഞ്ഞു താഴെയിട്ടു എന്ന മട്ടില്‍ നൊസ്റ്റാള്‍ജിയ എഴുതുന്നതിനെ  ഗംഭീര സാഹിത്യമായി ആഘോഷിക്കുന്ന പ്രവണത ശരിയല്ല എന്നാണ് തോമസ് ജേക്കബ് പറഞ്ഞുവെച്ചത്. 
എന്നാല്‍ ദീപാ നിശാന്തിനെ ലേഡി വികെഎന്‍ എന്ന് വിളിച്ച് വികെഎന്‍ എന്ന പ്രതിഭയെ അപമാനിച്ചത് സാക്ഷാല്‍ സംവിധായകന്‍ കമലാണ്. കമല്‍ സ്വയം സത്യജിത്ത് റേയാണ് എന്ന് കരുതുന്നുണ്ടെങ്കില്‍ അത് എത്രത്തോളം അബദ്ധമാണോ അത് പോലെയാണ് ദീപാ നിശാന്തിനെ വികെഎന്നുമായി ഉപമിക്കുന്നത്. വികെഎന്‍ പൊറുക്കട്ടെ. 
സുകുമാര്‍ അഴിക്കോട് എന്നൊരു പ്രതിഭ മലയാളത്തിനുണ്ടായിരുന്നു. പൊള്ളിക്കുന്ന വിമര്‍ശനങ്ങളായിരുന്നു സുകുമാര്‍ അഴിക്കോടിന്‍റേത്. പക്ഷെ വിമര്‍ശനം നടത്തുമ്പോള്‍ അതിനുള്ള പഠനം, ചിന്ത, യുക്തി, അറിവ് എല്ലാം സുകുമാര്‍ അഴിക്കോടില്‍ സമാസം ചേര്‍ന്നിരുന്നു. അങ്ങനെയാണ് അഴിക്കോട് മാഷ് മലയാളികളുടെ മനസിലേക്ക് പ്രസംഗ കലയിലൂടെ ആ കലയിലൂടെ നടത്തുന്ന വിമര്‍ശനങ്ങളിലൂടെ കടന്നു കയറിയത്. പിന്നീട് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ മാഷ് നമ്മെ തിരുത്തുകയും ശരിപ്പെടുത്തുകയും ചെയ്തു പോന്നു. 
എന്നാല്‍ അഴിക്കോട് മാഷിന്‍റെ റോള്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി വഹിക്കാന്‍ തുടങ്ങിയാലുള്ള ഗതിയെന്താണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന തൊഴിലല്ല വിഷയം മറിച്ച് ഭാഗ്യലക്ഷമിക്ക് ഒരു വിഷയത്തില്‍ അഭിപ്രായം പറയുമ്പോഴുള്ള പഠനവും അറിവും ചിന്തയും യുക്തിയുമാണ്. സംഭവം ഭാഗ്യലക്ഷമിയുടെ ഒരു ടിവി ഷോ കണ്ടാല്‍ അറിയാം, മേല്‍പ്പറഞ്ഞതെല്ലാം ഒരു വഹയാണ്. പക്ഷെ ചാനലുകളുടെ ലോകത്ത് അവരും മലയാളികളെ തിരുത്താന്‍ ഇറങ്ങുകയാണ്. അതിന്‍റെ അപകടം ചിരിച്ചുതള്ളാവുന്നത്ര ചെറുതല്ല തന്നെ. 
അതേ പോലെ തന്നെയാണ് ദീപാ നിശാന്ത് സാഹിത്യകാരിയായി ആഘോഷിക്കപ്പെടുന്നതും. അവരുടെ സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ സ്വീകരിക്കപ്പെടണ്ടത് പോലെ തന്നെ അവരെ ഒരു ലേഡി വികെഎന്‍ എന്ന് ആഘോഷിക്കപ്പെടുന്നതിനെ എതിര്‍ക്കപ്പെടണം. ദീപാ നിശാന്തുമാര്‍ വ്യക്തമായി നിരൂപണം ചെയ്യപ്പെടണം. നിരൂപണത്തിന്‍റെ അഭാവം അവസാനം ഇവരെയെല്ലാം കോപ്പിയടിയില്‍ എന്തിക്കും. എന്നെങ്കിലും പിടിക്കപ്പെടുന്നത് വരെ നമ്മള്‍ അവരെ ആഘോഷിക്കും. 

എസ് കലേഷിന്‍റെ കവിതയിലെ ആദ്യത്തെ വരികള്‍ ചുവടെ... 

അങ്ങനെയിരിക്കെ 
വര്‍ഷങ്ങള്‍ക്ക് ശഷം
പെട്ടന്ന് പൊലിഞ്ഞു പോകും ഞാന്‍
അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചു വെച്ച് 
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്
വെക്കം നിന്‍റെ വീട്ടിലക്ക് 
കണ്ണിക്കണ്ടവഴിയെ
അപ്പോള്‍ ഞാനൊരോട്ടമുണ്ട് 

ഇനി ദീപാ നിശാന്തിന്‍റെ കവിതയിലെ ആദ്യത്തെ കുറിച്ച് വരികള്‍ ചുവടെ...
 
അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്ക് ശഷം
പെട്ടന്ന് പൊലിഞ്ഞു പോകും ഞാന്‍
അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം 
പുഞ്ചിരിയോടെ അഴിച്ചുവെച്ച് 
മരണക്കിടക്കയില്‍ നിന്ന് എഴുന്നേറ്റ് 
വെക്കം നിന്‍റെ വീട്ടിലേക്ക് 
കണ്ണില്‍ക്കണ്ട വഴിയ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്.

പിന്‍കുറിപ്പ് - രണ്ടും വായിക്കുമ്പോള്‍ അണ്ണന്‍ തമ്പി സിനിമയിലെ മമ്മൂട്ടിയുടെ ഡബിള്‍ റോള്‍ ഓര്‍മ്മ വന്നാല്‍ ലേഖകന്‍ ഉത്തരവാദിതയല്ല 
അയ്യേ... ദീപാനിശാന്തേ ഇത് നാണക്കേട്,,, ഇത്രയ്ക്ക് ആശയ ദാരിദ്രമോ നിങ്ങള്‍ക്ക്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക