Image

ബി.ജെ.പി നേതാവിന്റെ ഹോട്ടല്‍ മുറിയില്‍ വോട്ടിംഗ്‌ മെഷിനുകളുമായി തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ വിശ്രമം; വീഡിയോ പുറത്തു വിട്ട്‌ കോണ്‍ഗ്രസ്‌

Published on 02 December, 2018
ബി.ജെ.പി നേതാവിന്റെ ഹോട്ടല്‍ മുറിയില്‍ വോട്ടിംഗ്‌ മെഷിനുകളുമായി തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ വിശ്രമം;  വീഡിയോ പുറത്തു വിട്ട്‌ കോണ്‍ഗ്രസ്‌
ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ നടന്ന മധ്യപ്രദേശില്‍ ഇ.വി.എം മെഷിനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ്‌ റൂമില്‍ അട്ടിമറി നടന്നെന്ന വാര്‍ത്തയ്‌ക്ക്‌ പിന്നാലെയാണ്‌ കോണ്‍ഗ്രസ്‌ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്‌.

വോട്ടിംഗ്‌ യന്ത്രത്തില്‍ ബിജെപി വ്യാപകമായി ക്രമക്കേടുകള്‍ നടത്തുന്നുണ്ടെന്ന ആരോപണം ശരിവെയ്‌ക്കുന്ന വീഡിയോ ആണ്‌ കോണ്‍ഗ്രസ്‌ പുറത്തുവിട്ടിരിക്കുന്നത്‌.

ഷുജല്‍പൂരിലെ ഹോട്ടലിലാണ്‌ വി.വി.പാറ്റുകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശ്രമിച്ചതെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവായ സല്‍മാന്‍ നിസാമിയാണ്‌ ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടത്‌. നവംബര്‍ 28ന്‌ വോട്ടെടുപ്പു നടന്ന മധ്യപ്രദേശിലെ ഏഴ്‌ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 2265 ഇ.വി.എമ്മുകളാണ്‌ ഇവിടെ സൂക്ഷിച്ചിട്ടുള്ളത്‌.

മധ്യപ്രദേശില്‍ ഇ.വി.എം സൂക്ഷിച്ച സ്‌ട്രോംഗ്‌ റൂമില്‍ വെള്ളിയാഴ്‌ച ഒന്നര മണിക്കൂര്‍ നേരം വൈദ്യുതി ബന്ധം തകരാറിലായിരുന്നു. തിരഞ്ഞെടുപ്പ്‌ സമയം അവസാനിച്ച്‌ ഉടന്‍ ഇവിഎം മെഷീനുകള്‍ സ്‌ട്രോംഗ്‌ റൂമില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ ഇത്‌ ലംഘിച്ച്‌ ഭോപ്പാലിലെ സാഗറില്‍ പോളിംഗ്‌ കഴിഞ്ഞ്‌ രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പോളിംഗ്‌ ഉദ്യോഗസ്ഥര്‍ ഇ.വി.എമ്മുമായി സ്‌ട്രോംഗ്‌ റൂമിലെത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഭോപ്പാലില്‍ ഇ.വി.എം സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പ്രധാനകവാടം പൂട്ടി സീല്‍ വെച്ചിരുന്നു. എന്നാല്‍ ഇവിടെ സീല്‍ തകര്‍ത്ത നിലയിലാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും തമ്മിലുള്ള കള്ളക്കള്ളി കോണ്‍ഗ്രസ്‌ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ ജില്ലാ ഇലക്ഷന്‍ ഓഫീസറോട്‌ റിപ്പോര്‍ട്ടു തേടിയിട്ടുണ്ടെന്നാണ്‌ മധ്യപ്രദേശ്‌ ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ വി.എല്‍ കന്ത റാവു പറയുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക