Image

സാമുദായിക നേതൃത്വങ്ങളുടെ ഭരണ ഇടപെടലുകള്‍ ജനാധിപത്യ അടിത്തറ തകര്‍ക്കും: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 09 April, 2012
സാമുദായിക നേതൃത്വങ്ങളുടെ ഭരണ ഇടപെടലുകള്‍ ജനാധിപത്യ അടിത്തറ തകര്‍ക്കും: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കൊച്ചി: ഭരണ രാഷ്ട്രീയ രംഗത്ത് സാമുദായിക നേതൃത്വങ്ങള്‍ നടത്തുന്ന അവകാശവാദങ്ങളും വിലപേശലുകളും കൈകടത്തലുകളും രാജ്യത്തിന്റെ ജനാധിപത്യ മതേതരസംവിധാനത്തെ തകിടംമറിക്കുന്നതും സുസ്ഥിരഭരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതുമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

നാടിനെ നയിക്കേണ്ട ഉത്തരവാദിത്വപ്പെട്ട ഉന്നതമായ ജനകീയപദവികള്‍ സാമൂദായികമായി വീതംവെയ്ക്കുന്ന പ്രവണത നല്ലതല്ല. സാമുദായിക പ്രീണനങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ഭരണ നിലപാടുകള്‍ വരുംനാളുകളില്‍ സര്‍ക്കാര്‍സംവിധാനങ്ങളില്‍ തകര്‍ച്ചയ്ക്കിടനല്‍കും. കഴിവും, അറിവും, രാഷ്ട്രീയ പശ്ചാത്തലവും, ആദര്‍ശശുദ്ധിയും പൊതുജന സേവനമനോഭാവവുമായിരിക്കണം ഉന്നതസ്ഥാനങ്ങളിലേക്ക് ജനപ്രതിനിധികള്‍ക്കുള്ള മാനദണ്ഡങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു സമാന്തരമായി സാമൂദായിക നേതാക്കളുടെ ഭരണം നാട്ടില്‍ നടപ്പാകുന്ന സ്ഥിതിവിശേഷം വന്നാല്‍ സാമുദായിക സ്പര്‍ദ്ധയ്ക്കും സംഘര്‍ഷങ്ങള്‍ക്കും ഭാവിയില്‍ ഇടയാകുമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിലൂടെ ജയിച്ചുവരുന്ന ജനപ്രതിനിധികള്‍ സമൂദായങ്ങളുടെ ഏജന്റുമാരല്ല; ജനങ്ങളുടെ പ്രതിനിധികളാണ്. വര്‍ഷങ്ങളായി രാഷ്ട്രീയ പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ സാമുദായിക പരിഗണകളുടെ പേരില്‍ നേതൃത്വനിരയില്‍നിന്നു പുറന്തള്ളപ്പെടുന്ന പ്രവണത മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന്റെ അധഃപതനമാണ്. എല്ലാ ജനവിഭാഗങ്ങളേയും ജാതിമതവര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുവാന്‍ ഭരണനേതൃത്വങ്ങള്‍ തയ്യാറാകുമ്പോള്‍ മാത്രമേ നാട്ടില്‍ വികസനവും വളര്‍ച്ചയും സാധ്യമാകൂ. ഇത്തരം വികസനോന്മുഖവും ജനകീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുകയാണ് സമുദായങ്ങള്‍ ചെയ്യേണ്ടതെന്നും വി.സി.സെബാസ്‌ററ്യന്‍ സൂചിപ്പിച്ചു.



ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക