Image

ശബരിമല: വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് തിടുക്കമില്ലെന്ന് മുഖ്യമന്ത്രി

Published on 02 December, 2018
ശബരിമല: വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് തിടുക്കമില്ലെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് തിടുക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിചാരിച്ചാല്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിയും. എന്നാല്‍ ആചാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ തീരുമാനമെടുക്കുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ എല്‍.ഡി.എഫ്. സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമിത താത്പര്യമെടുത്തെന്നാണ് ചിലര്‍ പറയുന്നത്. ഇടതുമുന്നണി ഇക്കാര്യത്തില്‍ ചെറിയ താത്പര്യമെങ്കിലും എടുത്താല്‍ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാം. എന്നാല്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒരു ധൃതിയുമില്ല.

കേരളത്തെ വീണ്ടും ഇരുണ്ടനാളുകളിലേക്ക് തള്ളിവിടാനാണ് ചിലരുടെ ശ്രമം. ഇതിനെതിരായി നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ .വനിതാ മതില്‍ തീര്‍ക്കുന്നത്. സ്ത്രീകളും പുരുഷരും തുല്യരാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല. ഇത് ഒരു വിഭാഗത്തിനെതിരെയുള്ള സമരമല്ലെങ്കിലും സ്ത്രീയെ അടിമയായി കരുതുന്നവര്‍ക്ക് എതിരെയാണ് ഈ സമരമെന്നും മുഖ്യമന്ത്രി വിശദമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക