Image

ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയെ ബാഹ്യശക്തികള്‍ നിയന്ത്രിച്ചിരുന്നു; രാജ്യത്തെ നടുക്കിയ ആ പ്രതിഷേധങ്ങളെക്കുറിച്ച്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌

Published on 03 December, 2018
 ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയെ ബാഹ്യശക്തികള്‍ നിയന്ത്രിച്ചിരുന്നു;  രാജ്യത്തെ നടുക്കിയ ആ പ്രതിഷേധങ്ങളെക്കുറിച്ച്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌
ദില്ലി:ചീഫ്‌ ജസ്റ്റിസിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ  സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ചില പരസ്യ പ്രതിഷേധങ്ങളുടെ ഭാഗമായി ഇടം പിടിച്ച ശേഷമാണ്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ പടിയിറങ്ങിയത്‌.

ചീഫ്‌ ജസ്റ്റിസിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ ജസ്റ്റിസ്‌ കുര്യന്‍ ജോസഫും മൂന്ന്‌ സഹപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത്‌ തുറന്നടിച്ചു. രാജ്യത്തെ നടുക്കിയ ആ പ്രതിഷേധങ്ങളെക്കുറിച്ച്‌ ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ മനസ്സ്‌ തുറക്കുകയാണ്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌.

ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയെ ചില ബാഹ്യശക്തികള്‍ നിയന്ത്രിക്കുന്നെണ്ട്‌ ബോധ്യമായ സാഹചര്യത്തിലാണ്‌ പരസ്യപ്രതിഷേധവുമായി രംഗത്ത്‌ വന്നതെന്ന്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ പറയുന്നു. കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകളെ തീരുമാനിക്കുന്നതില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നു.

ജസ്റ്റിസ്‌ കുര്യന്‍ ജോസഫിനെ കൂടാതെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്‌ജിമാരായാ ജസ്റ്റിസ്‌ ചെലമേശ്വര്‍, ജസ്റ്റിസ്‌ മദന്‍ ബി ലോകൂര്‍, രജ്ഞന്‍ ഗോഗോയി എന്നിവരാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്‌. ചീഫ്‌ ജസ്റ്റിസിന്റെ പ്രവര്‍ത്തനം സുതാര്യമായല്ല നടക്കുന്നത്‌ എന്ന്‌ ബോധ്യപ്പെട്ട സാഹചര്യത്തിലാണ്‌ പ്രതികരിക്കേണ്ടി വന്നതെന്ന്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ പറയുന്നു.

ഈ വിഷയത്തില്‍ ചീഫ്‌ ജസ്റ്റിസുമായി നേരിട്ട്‌ സംസാരിച്ചു, അദ്ദേഹത്തിന്‌ കത്തെഴുതി. രാജ്യത്തെ പരമോന്നത നീതി പീഠത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ നടക്കുന്നതെന്ന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ്‌ പത്രസമ്മേളനം വിളിച്ചുചേര്‍ക്കുക എന്ന അസാധാരണ നടപടിയിലേക്ക്‌ നീങ്ങിയതെന്ന്‌ ജസ്റ്റിസ്‌ കുര്യന്‍ ജോസഫ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക