Image

രണ്ട് വ്യത്യസ്ഥ വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം സൗദി റിയാല്‍ നഷ്ടപരിഹാരം

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 03 December, 2018
രണ്ട് വ്യത്യസ്ഥ വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം സൗദി റിയാല്‍ നഷ്ടപരിഹാരം
റിയാദ്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ രണ്ട് വ്യത്യസ്ഥ വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ കുടുംബത്തിന് ഒമ്പത് ലക്ഷം സൗദി റിയാല്‍ നഷ്ടപരിഹാരം ലഭിച്ചു. രണ്ടു മലയാളികളും ഒരു ബിഹാര്‍ സ്വദേശിയുമാണ് മരണപ്പെട്ടിരുന്നത്. അവരുടെ  അനന്തരാവകാശികള്‍ക്കാണ്  ഏകദേശം 1.6 കോടി രൂപ സൗദി ശരീഅ കോടതി വിധിയിലൂടെ ലഭ്യമായിട്ടുള്ളത്.
   
2013 ജനുവരി 22 കിഴക്കന്‍ പ്രവിശ്യയായ അല്‍ ഖഫ്ജിയിലെ സഫാനിയയിലുണ്ടായ വാഹനാപകടത്തില്‍ നെടുമങ്ങാട് വാളിക്കോട് സ്വദേശി പള്ളിവിളക്കകത്ത് ഫിറോസ് ഖാന്‍ ബദറുദ്ദീന്‍ മരണപ്പെട്ടിരുന്നു. സഫാനിയയില്‍ നിന്നും ഹഫര്‍ ബാത്തനിലേക്കുള്ള വണ്‍വേ റോഡില്‍ ഫിറോസ് ഖാന്‍ ഓടിച്ചിരുന്ന വാഹനം ദിശതെറ്റി വന്ന മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കടുത്ത മൂടല്‍ മഞ്ഞ് കാരണം റോഡ് കാണുന്നില്ലായിരുന്നു അദ്ദേഹം രണ്ട് മാസം മുമ്പ് പുതിയ വിസയില്‍ എത്തിയതായിരുന്നു. പരേതത് 43 വയസ്സായിരുന്നു. മൃതദേഹം ഇവിടെ മറവ് ചെയ്തിരുന്നു. അന്ന് കുടുംബംഗങ്ങള്‍ നഷ്ട പരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ലായിരുന്നു.

2015 ഫെബ്രുവരി 23 ന് റിയാദ് ശഖ് റ റോഡില്‍ ഹുറൈമലക്കടുത്ത് വച്ചുണ്ടായ വാഹനാപകത്തില്‍ ഒരു സ്ത്രി ഉള്‍പ്പെടെ 4 മലയാളികളും വാഹനം ഓടിച്ചിരുന്ന ബിഹാര്‍ സ്വദേശിയും മരണപ്പെട്ടിരുന്നു. ആ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്ന കൊല്ലം നിലമേല്‍ കരുന്തലക്കോട് സ്വദേശി സാജിത മന്‍സില്‍ ഷെരിഫ് സെയ്ത് മുഹമ്മദ്,ദര്‍ബംഗ ലഹേറിയയിലെ സറായ് സത്താര്‍ ഖാന്‍ മൊഹല്ല സ്വദേശി റൗണക് ഹയാത്ത് മുഹമ്മദ് ഷൗക്കത്ത് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം ലഭ്യമായത്.

അന്ന് ഷെരീഫിന് 45 വയസ്സും റൗണക്കിന് 35 വയസ്സുമായിരുന്നു. ഷെരിഫ് ശഖ്‌റയില്‍ റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തുകയായിരുന്നു. അല്‍ ഹസ്സ ഓട്ടോമാറ്റിക് ബേക്കറി ജീവനക്കാരനായിരുന്ന റൗണക് ഹയാത്തിന്റെ വാഹനത്തില്‍ റിയാദില്‍ പോയി വരികയായിരുന്നു. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് വന്ന ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ സ്വദേശി അബ്ദുള്‍ സലീമിനെ എയര്‍പ്പോര്‍ട്ടില്‍ നിന്നും കൊണ്ടുവരാന്‍ വേണ്ടി സുഹൃത്തുക്കള്‍ പോയി തിരിച്ച് വരുമ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി മുഹമ്മദ് ഹനീഫയും ഭാര്യയുമുള്‍പ്പെടെ അഞ്ചു പേരും മരണപ്പെട്ടിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങള്‍ ശഖ് റയില്‍ മറവു് ചെയ്തിരുന്നു.

ഫിറോസ് ഖാന്‍ ,ഷെരീഫ്, റൗണക് എന്നിവരുടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരം ലഭ്യമാകാത്തതിനെ തുടര്‍ന്ന് എട്ടു മാസം മുമ്പ് റിയാദിലെ ന്യൂ ഏജ് ഇന്ത്യാ സംസക്കാരിക വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം. സാലി പൊറായിയുമായി ബന്ധപ്പെടുകയായിരുന്നു. സ്വദേശി വക്കിലിന്റെ സഹായത്തോടെ എം. സാലി ഇവര്‍ക്ക് അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.

രണ്ട് വ്യത്യസ്ഥ വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം സൗദി റിയാല്‍ നഷ്ടപരിഹാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക