Image

പത്മപ്രഭാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

Published on 04 December, 2018
പത്മപ്രഭാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷനും എം.എന്‍. കാരശ്ശേരി, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിനായി കല്‍പ്പറ്റ നാരായണനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു. ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണന്‍ എന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

വാക്കിന്റെ മിതത്വം കവിതയുടെ ലാവണ്യവുമായി പുലര്‍ത്തുന്ന ഒരു അനന്യയൗഗികം കല്‍പ്പറ്റ കവിതകളുടെ സവിശേഷ മുദ്രയാണ്. കവിയുടെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ 'തൂവലിനേക്കാള്‍ കനം കുറഞ്ഞ തൂക്കക്കട്ടികളാല്‍ മാത്രം അളക്കാനാവുന്ന വാക്കുകള്‍ കവിതയില്‍ എങ്ങിനെയാണ് കാലാതിവര്‍ത്തിയായ ഗുരുത്വം ആവഹിക്കുന്നത്' എന്നതിന് കല്‍പ്പറ്റ നാരായണന്റെ കവിതകള്‍ സാക്ഷ്യമാവുന്നു. ഗദ്യകവിതയിലെ സൗന്ദര്യപഥത്തിലൂടെയാണ് കല്‍പ്പറ്റക്കവിത ചരിക്കുന്നത്. 

പൂര്‍വ്വ ഭാരങ്ങളില്ലാതെ നാം ജീവിക്കുന്ന കാലത്തിന്റെ രാഷ്ട്രീയസാമൂഹികധൈഷണിക മാനങ്ങളെ അത് ധ്വനനഭംഗിയില്‍ കവിതയിലേക്ക് എടുത്തുവയ്ക്കുന്നു. കവിത എന്നതുപോലെ നോവലിലും സാംസ്‌കാരിക വിമര്‍ശനത്തിലും തന്റെ വിരലടയാളങ്ങള്‍ സഫലമായി പതിപ്പിച്ചു കല്‍പ്പറ്റ നാരായണന്‍സമിതി വിലയിരുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക