Image

ആത്മീയ: ഗേള്‍ നെക്‌സ്റ്റ് ഡോര്‍ (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 09 December, 2018
ആത്മീയ: ഗേള്‍ നെക്‌സ്റ്റ് ഡോര്‍ (മീട്ടു റഹ്മത്ത് കലാം)
ശിവാകാര്‍ത്തികേയന്‍ തമിഴ് സൂപ്പര്‍താരനിരയിലേക്ക് ഉയര്‍ന്ന 'മനംകൊത്തി പറവൈ' നൂറുദിവസം തീയറ്ററുകളില്‍ തകര്‍ത്തോടിയിട്ടും അതില്‍ രേവതിയെന്ന സുന്ദരിക്കുട്ടിയെ അവതരിപ്പിച്ചത് കണ്ണൂരുകാരി ആത്മീയ ആണെന്ന് അധികമാരും അറിഞ്ഞില്ല. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച 'റോസ് ഗിറ്റാറിനാല്‍' ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍, ബി.എസ്.സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുത്തപ്പോഴും സിനിമയായിരുന്നു മനസ്സില്‍. 

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അമീബയിലെ നിമിഷയായി വേഷമിട്ടത് വഴിത്തിരിവായി. ജോസഫിലെ സ്‌റ്റെല്ല എന്ന കഥാപാത്രത്തിലൂടെ തിരിച്ചുവരവില്‍ ശ്രദ്ധിക്കപ്പെട്ടതിന്റെയും തമിഴിലും മലയാളത്തിലും മികച്ച ടീമുകള്‍ക്കൊപ്പം ഒരുപിടി നല്ല ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുങ്ങിയതിന്റെയും സന്തോഷത്തിലാണ് ആത്മീയ.

ആത്മീയ എന്നുള്ള പേര്

നല്ല വായനാശീലവും കവിതയെഴുത്തുമുള്ള ആളാണച്ഛന്‍. അധികം ആര്‍ക്കും കേട്ടിട്ടില്ലാത്ത പേര് തിരഞ്ഞുപിടിച്ച് ഇട്ടതാണ്. കുറച്ചുകാലം മുന്‍പ് വരെ എനിക്കല്പം ഭക്തി കൂടുതലായിരുന്നു. എപ്പോഴും കയ്യില്‍ കൃഷ്ണന്റെ കുഞ്ഞുരൂപം കൊണ്ടുനടക്കുന്ന ശീലമുണ്ട്. അതുപോലെ നാമംജപിക്കാനിരുന്നാല്‍ മണിക്കൂറുകളോളം മറ്റൊരു ലോകത്താകും. എന്റെ പേരും ഈ രീതിയും ചേര്‍ത്തുചിന്തിച്ച് വീട്ടുകാര്‍ക്ക് പേടിയായിരുന്നു, മാതാ ആത്മീയാനന്ദ എങ്ങാനും ആകുമോ എന്ന്. ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്.

ബി.എസ്.സി നഴ്‌സിംഗ് പഠിച്ചിട്ട് സിനിമയിലെത്തി

നഴ്‌സ് ആകണമെന്ന് ആഗ്രഹിച്ച് ആ ഫീല്‍ഡ് തിരഞ്ഞെടുത്തതല്ലെങ്കിലും കോഴ്‌സ് ചെയ്യുമ്പോള്‍ ആളുകളെ പരിചരിക്കുന്നതൊക്കെ എനിക്ക് സന്തോഷം തന്നിരുന്നു. നല്ല വേഷം കിട്ടുന്നതുവരെ പഠനത്തില്‍ ശ്രദ്ധിച്ചതുകൊണ്ട് ആ ഇടവേളയില്‍ ഞാന്‍ സിനിമയെ കൂടുതല്‍ സ്‌നേഹിച്ചു. കുടുംബത്തിലാരും ഈ ഫീല്‍ഡില്‍ ഉള്ളവരല്ലെങ്കിലും സിനിമയോട് ഒരുപാട് ആഗ്രഹമുള്ള അച്ഛന്റെ മകളായതുകൊണ്ട് എന്നിലും അതിന്റെ തന്മാത്രകള്‍ ഉണ്ടായിരിക്കാം. അച്ഛന്‍ രാജന്‍, അഭിനയമോഹവുമായി ഭരതന്‍ സാറിനൊക്കെ ഫോട്ടോ അയച്ചുകൊടുത്തിരുന്ന കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. സ്‌കൂളില്‍ ഏകാങ്കനാടകത്തില്‍ പങ്കെടുക്കുമായിരുന്നു. നടിയാകുന്നതൊക്കെ സാധാരണ എല്ലാവരെയും പോലെ സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടുതന്നെ അവസരം ലഭിക്കുമ്പോള്‍ എന്റെ നൂറുശതമാനം അതില്‍ കൊടുക്കാനാണ് ശ്രമിക്കുക. ജോലിയായിട്ടല്ല, പാഷനായി തന്നെയാണ് അഭിനയത്തെ എടുത്തിരിക്കുന്നത്.

എങ്ങനായിരുന്നു എന്‍ട്രി

സെവന്‍ ആര്‍ട്‌സ് മോഹന്‍ അങ്കിളിനെ പരിചയമുണ്ട്. അദ്ദേഹത്തിലൂടെയാണ് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. 'തുള്ളാത മനവും തുള്ളും' എന്ന മെഗാഹിറ്റിന്റെ സംവിധായകന്‍ ഏഴില്‍ സാറിന്റെ പ്രൊജക്റ്റ് ആയിരുന്നു 'മനംകൊത്തി പറവൈ'. അതിന്റെ വിജയമാണ് ശിവാകാര്‍ത്തികേയനെ തമിഴില്‍ സൂപ്പര്‍സ്റ്റാറാക്കിയത്. 'ആമാ' എന്ന ഒറ്റവാക്ക് മാത്രം അറിഞ്ഞുവച്ച് തമിഴില്‍അഭിനയിക്കാന്‍ പുറപ്പെട്ട വേറൊരാളുണ്ടോ എന്നറിയില്ല. മറ്റുഭാഷാചിത്രങ്ങള്‍ കാണുന്ന പതിവുപോലും ഇല്ലാതിരുന്നതുകൊണ്ട് ഭാഷയുടെ കാര്യത്തില്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. സെറ്റില്‍ എല്ലാവരും എന്നോട് തമിഴില്‍ മാത്രമേ സംസാരിക്കാവൂ എന്ന് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ എനിക്കാകെ പേടിയായി. അര്‍ഥം ചോദിച്ചുമനസ്സിലാക്കി കാണാപ്പാഠം പഠിച്ചാണ് ഡയലോഗ് പറഞ്ഞിരുന്നത്. പക്ഷേ, ഷൂട്ട് പുരോഗമിക്കുന്നതിനിടയില്‍ ഞാന്‍ പോലുമറിയാതെ ഭാഷ വഴങ്ങിത്തുടങ്ങി. ഇത്ര എളുപ്പമാണെങ്കില്‍ തെലുങ്കും കന്നടയുമെല്ലാം പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. സിനിമയില്‍ നിന്നുമാറിനിന്നപ്പോഴും, പല മാസികകളിലും വായനക്കാര്‍ എന്റെ പേരെഴുതി, ആ നായിക എവിടെ എന്ന് അന്വേഷിക്കുന്നതുകണ്ടപ്പോള്‍ തിരിച്ചുവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു.

ജോസഫിലൂടെയുള്ള തിരിച്ചുവരവ്

ജോസഫ് എത്തിയില്ലായിരുന്നെങ്കില്‍ ജീവിതം ഒരുപക്ഷേ വേറൊരു വഴിയേ സഞ്ചരിക്കുമായിരുന്നു. നമ്മള്‍ ശ്രമിച്ചിട്ടല്ല ചിലത് ലഭിക്കുന്നത്. ഒരുപാട് ആഗ്രഹിച്ചും വിഷമിച്ചും ഇരിക്കുമ്പോള്‍ ദൈവം കയ്യില്‍ കൊണ്ടുവന്നുതരും. അതുപോലെ കിട്ടിയതാണ് ഈ ചിത്രം.

എം.പദ്മകുമാര്‍ സാറിനെപ്പോലെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രം ലഭിച്ചത് ഭാഗ്യമായി തന്നെ കരുതുന്നു. ജോജു ചേട്ടന്റെ കരിയര്‍ ബെസ്റ്റ് ആയി ജനങ്ങള്‍ ഇതിനോടകം ജോസഫിനെ സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എനിക്കീ ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളാണുള്ളത്. സ്‌റ്റെല്ല എന്ന കഥാപാത്രം ഉള്‍ക്കൊണ്ടു ചെയ്യാന്‍ ടീമിന്റെ മുഴുവന്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. അഭിനയത്തെക്കുറിച്ചുമാത്രമല്ല പെരുമാറ്റത്തെക്കുറിച്ചുമൊക്കെ വലിയ പാഠങ്ങളാണ് സെറ്റിലെ ഓരോരുത്തരിലും നിന്നും പഠിക്കാന്‍ കഴിഞ്ഞത്.

സൗന്ദര്യ സങ്കല്പങ്ങളില്‍ മാറ്റം വന്നിട്ടുണ്ടോ

മുഖക്കുരു ഉള്ളത് ആദ്യമൊക്കെ എനിക്ക് വലിയ ഇന്‍സെക്യൂരിറ്റി ആയിരുന്നു. പ്രേമത്തില്‍ സായ്പല്ലവിയെക്കണ്ടപ്പോള്‍ ആശ്വാസം തോന്നി. സിനിമയില്‍ വന്നുകഴിഞ്ഞ് പലരും ഇതൊരു ഐഡന്റിറ്റി ആയി പറഞ്ഞുകേട്ടപ്പോള്‍ സമാധാനമായി. മായിച്ചു കളയുന്നില്ലേ , ട്രീറ്റ്‌മെന്റ് ഉണ്ടെന്നുപറയുന്നവര്‍ക്ക് ഇപ്പോള്‍ ചെവികൊടുക്കാറില്ല. കവിളിലെ കുരുക്കള്‍കണ്ട് അയലത്തെ കുട്ടിയോട് തോന്നുന്ന ഇഷ്ടമാണ് എന്നോടെന്ന് പറയുന്നവരുണ്ട്. അങ്ങനൊരിടമാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. 'ഗേള്‍ നെക്‌സ്റ്റ് ഡോര്‍' ആയി തുടരാനാണ് എന്നും താല്പര്യം. എന്റെ പരിമിതികള്‍ എനിക്കറിയാം. അവിടം കടന്ന് ഒരിക്കലും പോവില്ല.

കുടുംബം

അച്ഛന്‍ കുവൈറ്റിലാണ്. അമ്മയാണ് സെറ്റില്‍ കൂടെ വരിക. രണ്ടു ചേച്ചിമാരും വിവാഹം കഴിച്ച് കുട്ടികളൊക്കെയായി വിദേശത്ത് താമസിക്കുന്നു.

അടുത്ത ചിത്രങ്ങള്‍

ജയരാജ് സാറിന്റെ അനിയന്‍ നിര്‍മ്മിക്കുന്ന 'നാമം' എന്നൊരു ഓഫ്ബീറ്റ് ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ അശോക്.ആര്‍. നാഥാണ് സംവിധായകന്‍. തമിഴില്‍ സമുദ്രക്കനിക്കൊപ്പം അഭിനയിച്ച വെള്ളൈ ആനൈയില്‍ ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ്. ശ്യാമിന്റെ നായികയായി എത്തുന്ന കാവിയനിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥിയുടെ വേഷവും ഏറെ പ്രതീക്ഷയോടെ ചെയ്തതാണ്. റിലീസിനുള്ള കാത്തിരിപ്പിലാണ്. (കടപ്പാട്: മംഗളം)

ആത്മീയ: ഗേള്‍ നെക്‌സ്റ്റ് ഡോര്‍ (മീട്ടു റഹ്മത്ത് കലാം)ആത്മീയ: ഗേള്‍ നെക്‌സ്റ്റ് ഡോര്‍ (മീട്ടു റഹ്മത്ത് കലാം)ആത്മീയ: ഗേള്‍ നെക്‌സ്റ്റ് ഡോര്‍ (മീട്ടു റഹ്മത്ത് കലാം)ആത്മീയ: ഗേള്‍ നെക്‌സ്റ്റ് ഡോര്‍ (മീട്ടു റഹ്മത്ത് കലാം)ആത്മീയ: ഗേള്‍ നെക്‌സ്റ്റ് ഡോര്‍ (മീട്ടു റഹ്മത്ത് കലാം)ആത്മീയ: ഗേള്‍ നെക്‌സ്റ്റ് ഡോര്‍ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക