Image

വേഷങ്ങള്‍-ഭാവങ്ങള്‍-(രാജു മൈലപ്ര)

രാജു മൈലപ്ര Published on 10 December, 2018
വേഷങ്ങള്‍-ഭാവങ്ങള്‍-(രാജു മൈലപ്ര)
'വേഷങ്ങള്‍, ഭാവങ്ങള്‍, വേഷം മാറാന്‍ നിമിഷങ്ങള്‍ 
നാമറിയാതാടുകയാണീ വേഷങ്ങള്‍-'
കഥകളിയില്‍ പ്രധാനമായും അഞ്ചു വേഷങ്ങളാണ്: പച്ച, കത്തി, കരി, താടി, മിനുക്ക്-ഓരോന്നും ഓരോരുത്തരുടെ പദവിയേയും പ്രവൃത്തിയേയും സൂചിപ്പിക്കുന്നു.
ഒരു മനുഷ്യജീവിതത്തില്‍, അവര്‍ ധരിക്കുന്ന വേഷത്തിനു വലിയ പ്രാധാന്യം ഉണ്ട്. ചിലര്‍ സ്വയം വേഷം തിരഞ്ഞെടുക്കുമ്പോല്‍, മറ്റു ചിലര്‍ക്ക്  സാഹചര്യം അടിച്ചേല്‍പ്പിക്കുന്ന വേഷങ്ങള്‍ ധരിക്കേണ്ടി വരുന്നു.

കേരളത്തിലെ രാഷ്ട്രീയക്കാരുടെ വസ്ത്രത്തിന്റെ നിറം പൊതുവേ വെള്ളയാണ്. വെള്ള പരിശുദ്ധിയെ സൂചിപ്പിക്കുന്നു; സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നു എന്നുറക്കെ പ്രഖ്യാപിക്കുന്നു. തൂവെള്ള ഖദറിന്റെ കുത്തക പൊതുവെ കോണ്‍ഗ്രസുകാര്‍ക്കാണ്- വെള്ള ഷര്‍ട്ടും മുണ്ടും; ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു കറുത്ത ഡയറിയും, രണ്ടു പേനായും- പൊതുജനസേവനത്തിരക്കിനിടയില്‍, ഒന്നിലെ മഷി തീര്‍ന്നു പോയാല്‍, വേറൊരെണ്ണം അന്വേഷിച്ച് ഓടിനടക്കണ്ടല്ലോ!

കൊടിയുടെ നിറം ചുവപ്പാണെങ്കിലും, തീ തുപ്പുന്നത് വിപ്ലവമാണെങ്കിലും, കമ്മ്യൂണിസ്റ്റുകാര്‍ക്കും വെള്ളയോടാണ് ചായ വ്.
പുറമെ വെള്ളയാണെങ്കിലും, അകത്ത് കഥകളി വേഷക്കാരന്റെ കത്തിയും, കരിയുമാണ് മിക്ക രാഷ്ട്രീയക്കാര്‍ക്കും.

പാസ്റ്റര്‍ക്കും, പുരോഹിതനും, പട്ടാളക്കാര്‍ക്കും മറ്റും വിവിധ തരം വേഷങ്ങളാണ്- പാസ്റ്റര്‍ക്ക് വെള്ളമുണ്ടും, ജുബായുമാണ് പ്രധാനം- പുരോഹിതന്മാര്‍ക്ക് കുപ്പായങ്ങളുടെ ഒരു വെറൈറ്റി തന്നെയുണ്ട്. സന്ദര്‍ഭത്തിനനുസരിച്ച് ഓരോന്ന് മാറി മാറി ധരിക്കാം.
കാക്കി നിറം പ്രധാനമായും പോലീസുകാര്‍ക്കുള്ളതാണ്. അധികാരത്തിന്റെ ചിഹ്നം-അടിച്ചമര്‍ത്തലിന്റെ ചിഹ്നം- ഏതവനേ വെണമെങ്കിലും, നട്ടപ്പാതിരിക്ക് പിടിച്ചിറക്കി വലിച്ചുകൊണ്ടു വന്നു ഉരുട്ടിപ്പിഴിയാം. പോലീസ് സ്‌റ്റേഷനിലെ ഫാനില്‍ അണ്ടര്‍വെയറിന്റെ വള്ളി ഉപയോഗിച്ചു കെട്ടിത്തൂങ്ങി മരിച്ചന്നോ, വന്ന വഴിക്ക് ജീപ്പില്‍ നിന്നും എടുത്തു ചാടിയപ്പോള്‍ റോഡില്‍ വീണു തലയടിച്ചു മരിച്ചെന്നോ, അങ്ങനെ അവരുടെ ഭാവനയ്ക്കനുസരിച്ച് കേസ് എഴുത്തള്ളാം.
ഇന്‍ഡ്യന്‍ കോഫി ഹൗസിലെ സപ്ലൈയേഴ്‌സിനു ഒരു പ്രത്യേകതരം യൂണിഫോം ഉണ്ടായിരുന്നു. വെള്ള പാന്‍സും, ഷര്‍ട്ടും, ഒരു വെള്ള ബെല്‍റ്റും, പ്രത്യേക തരം ഒരു തലപ്പാവും.

കോഫീഹൗസില്‍ കയറിയ ഒരു ഗ്രാമീണന് ഈ വേഷധാരി ആഹാരം സേര്‍വു ചെയ്തപ്പോള്‍, 'അയ്യോ-സാറു തന്നെ ഇതു കൊണ്ടുവരണ്ടായിരുന്നല്ലോ. വേലക്കാരുടെ കൈയില്‍ കൊടുത്തു വിട്ടാല്‍ പോരായിരുന്നോ' എന്നു ചോദിച്ചതായി പണ്ടെങ്ങോ ഫലിതബിന്ദുക്കളില്‍ വായിച്ചിട്ടുണ്ട്.

ഇത്രയും വേഷങ്ങളെപ്പറ്റി എഴുതിയപ്പോള്‍, അമേരിക്കന്‍ മലയാളികളായ നമ്മുടെ അന്നദാതാക്കളായ നേഴ്‌സസിനെക്കുറിച്ച് എഴുതാതിരിക്കുന്നത് ഔചിത്യമല്ലല്ലോ! ഇറക്കമുള്ള വെല്ലത്തൊപ്പിയും- ഇതായിരുന്നു ആ മാലാഖമാരുടെ ആദ്യകാലത്തെ സ്റ്റെപ്പ്-കാലക്രമേണ തൊപ്പി അപ്രത്യക്ഷമായി-പിന്നാലെ വെള്ളയുപ്പും പാന്റീ ഹോസും പോയി-പകരം വെള്ളഷര്‍ട്ടും പാന്‍സും അവതരിച്ചു-നേഴ്‌സ് അസിസ്റ്റന്‍്ന്മാര്‍ക്ക് വെള്ളപാന്‍രും പച്ചയോ, നീലനിറത്തിലോ ഉള്ള ഷര്‍ട്ടും.

പിന്നീട് കാലംപോലുമറിയാതെ വിപ്ലവകരമായ ഒരു മാറ്റം ഈ രംഗത്തുവന്നു. ഡോക്ടറര്‍മാര്‍ മുതല്‍ ഹൗസ് ക്ലീപ്പിംഗ് വരെയുള്ളവര്‍ക്ക് ഒരേ യൂണിഫോം- സ്‌ക്രബ്‌സ്- യൂണിഫോം നോക്കി ആളുകളെ തിരിച്ചറിയാന്‍ പറ്റാതെയായി- ഇത് അത്രപന്തിയല്ലെന്ന് നേഴ്‌സസിനു തോന്നി- 'ഐ ആം എ രജിസ്‌ട്രേഡ് നേഴ്‌സ്' എന്നുള്ള ഒരു ബട്ടണും ധരിച്ച് അവര്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നു.

ഇ്ത്രയും എഴുതിയത് മറ്റൊരു കാര്യം പറയുവാനാണ്- ഈയിടെയായി നമ്മുടെ പല പുരുഷന്മാരും പബ്ലിക് ഫംഗ്ഷനില്‍ മോഡി ജാക്കറ്റാണ് ധരിക്കുന്നത്- സംഗതി വളരെ മോടിയായിരിക്കുന്നു. പല നിറത്തില്‍ ഇവ ലഭ്യമാണ്. ഇതിലൊരൊണ്ണം ഫിറ്റു ചെയ്താല്‍ നമ്മല്‍ ആരോ ആണെന്നൊരു തോന്നല്‍ നമ്മള്‍ക്കുണ്ടാകും.

വീടുകളിലെ കല്യാണപ്പന്തലുകളില്‍ നിന്നും, വിവാഹമണ്ഡപങ്ങലിലേക്കും ആഘോഷങ്ങള്‍ മാറിയപ്പോഴാണ് ഞാനീ വേഷം ആദ്യം കാണുന്നത്. അന്നു കേറ്ററേഴ്‌സ് കൊണ്ടുവരുന്ന കല്യാണ സദ്യ വിളമ്പിയിരുന്ന സപ്ലൈയേഴ്‌സ് കറുത്തപാന്റും, വെള്ള ഷര്‍ട്ടും, ഇതുപോലൊരു 'മോഡി' ജാക്കററുമാണ് അണിഞ്ഞിരുന്നത്.
'ടേയ് ഇവിടെ കുറച്ചു സാമ്പാറ്' എന്നു പറയുമ്പോള്‍ സാമ്പാറു പാത്രവുമായ് ഓടിവരുന്നവനും പകരം, 'ടേയ്, ഇവിടെ കുറച്ചുസാമ്പാറു കൂടി' എന്നു ഡിമാന്റു ചെയ്യുന്നവന്റെ റോളിലേക്കായി ഈ വേഷപ്പകര്‍ച്ച.

എന്നെപ്പോലെയുള്ള കുടവയറന്മാര്‍ക്ക് ഈ 'മോഡി' വസ്ത്രം തീരെ യോജിക്കുന്നില്ല. അകത്തു കിടക്കേണ്ട ബനിയന്‍ ഷര്‍ട്ടിനു പുറത്തിട്ടിരിക്കുന്നതു പോലെ. കാലം കുറെ കഴിയുമ്പോള്‍, അകത്തു ധരിക്കേണ്ട ബ്രാ, ബ്ലൗസിനു പുറമെ സ്ത്രീകള്‍ ധരിക്കുമോ, ആവോ?
രണ്ടു നാലുദിനം കൊണ്ടൊരുത്തനെ 
തണ്ടിലേറ്റുന്നതും ഭവാന്‍
മാളിക മുകളിലേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍

Join WhatsApp News
truth and justice 2018-12-10 10:34:01
Those who wear that Modi jacket, I use to ask a question when did you join BJP or  took membership in that party! Its a just joke.
benoy 2018-12-14 13:10:30
ട്രൂത് ആൻഡ് ജസ്റ്റിസ്, മോഡി ജാക്കറ്റ് ധരിക്കുന്നവരെല്ലാം ബി ജെ പി ആണെന്ന് വിശ്വസിക്കാൻ മാത്രം മലയാളികൾ അത്ര വിഡ്ഢികൾ അല്ല. ഏതായാലും വേഷങ്ങൾ ഭാവങ്ങൾ കലക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക