Image

മോദി പ്രഭാവം അവസാനിക്കുന്നു... രാഹുല്‍ യുഗത്തിന് വ്യക്തമായ തുടക്കം

കലാകൃഷ്ണന്‍ Published on 11 December, 2018
മോദി പ്രഭാവം അവസാനിക്കുന്നു... രാഹുല്‍ യുഗത്തിന് വ്യക്തമായ തുടക്കം

"'കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ തുടക്കമാണിത്. വലിയ രാഷ്ട്രീയ മാറ്റത്തിനു ഈ തിരഞ്ഞെടുപ്പ് ഫലം ഇടയാക്കും. 1980ല്‍ ഇന്ദിരഗാന്ധി തിരിച്ചു വന്നത് പോലെ കോണ്‍ഗ്രസ് തിരിച്ചുവരും. പ്രതിപക്ഷ ഐക്യത്തിന് സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു"'. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ വക്താവായ ഉമ്മന്‍ ചാണ്ടി അല്പം മുമ്പു പറഞ്ഞ വാക്കുകളാണിത്. 
ചത്തീസ് ഗഡ്ഡിലും, രാജസ്ഥാനിലും, മധ്യപ്രദേശിലും കോണ്‍ഗ്രസ് നടത്തിയ വലിയ തിരിച്ചു വരവ്, പ്രത്യേകിച്ച് ചത്തീസ് ഗഡ്ഡില്‍ തരംഗം തീര്‍ത്തുകൊണ്ടുള്ള തിരിച്ചു വരവ് അടുത്ത ലോക്സഭാ ഇലക്ഷന് മുമ്പായി നല്‍കുന്ന സൂചനയാണ് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. 
സമൂഹത്തെ പൂര്‍ണ്ണമായും വര്‍ഗീയമായി ധ്രൂവീകരിച്ച് ബിജെപി നടത്തുന്ന പദ്ധതികള്‍ക്ക് സമൂഹം തിരിച്ചടി നല്‍കുന്നു എന്നതാണ് ഇവിടെ മനസിലാക്കേണ്ടത്. പശുസംരക്ഷകര്‍ ഏറ്റവും കൂടുതല്‍ വിളയാടിയിരുന്ന നാടാണ് ചത്തീസ്ഗഡ്ഡ്. അവിടെ കോണ്‍ഗ്രസിന് സ്വീകരിച്ചുകൊണ്ട് സമൂഹം ബിജെപിയെ മാറ്റിനിര്‍ത്തിയിരിക്കുന്നു. 
മോദിയുടെ കോര്‍പ്പറേറ്റ് പ്രീണന രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസിലായിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന്‍റെ കേമത്തം പറച്ചില്‍കൊണ്ട് ജനജീവിതത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് ജനം നല്‍കിയ മറുപടിയാണിത്. ഒപ്പം തീവ്രഹിന്ദുത്വത്തെ ഒരു പരധിക്കപ്പുറമാകുമ്പോള്‍ ജനം എടുത്ത് പുറത്തേക്കെറിയും എന്നതും വ്യക്തമാകുന്നു. 
രാഹുല്‍ ഗാന്ധി സമീപകാലത്ത് പാര്‍ലമെന്‍റിലും പുറത്തും മോദിയെ കടന്നാക്രമിച്ചത് ജനങ്ങള്‍ കേട്ടിരുന്നു എന്നതാണ് മറ്റൊരു സത്യം. രാഹുലിന്‍റെ പ്രസംഗങ്ങളെ ജനങ്ങള്‍ കേട്ടിരുന്നു എങ്കില്‍ അത് രാഹുല്‍ യുഗത്തിന്‍റെ ആരംഭമാകുന്നു എന്നത് തന്നെ. നെഹ്റു കുടുംബത്തിലെ ഇളംതലമുറക്കാരന്‍ എന്നതിനപ്പുറം രാജ്യത്തിന് ആവശ്യമായ നായകന്‍ എന്ന നിലയിലേക്ക് രാഹുലിനെ ജനം കണ്ടു തുടങ്ങിയെന്ന് കരുതണം ഇപ്പോഴത്തെ ഇലക്ഷന്‍ റിസള്‍ട്ടില്‍ നിന്ന്. ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നു തരണിപ്പണമായ അവസ്ഥയില്‍ നിന്ന് കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം നേതാവിന്‍റെ കടന്നു വരവിന് കൂടിയാണ് കൈയ്യടിയായി മാറുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക