Image

ശക്തികാന്ത ദാസ്‌ ആര്‍.ബി.ഐ ഗവര്‍ണര്‍

Published on 11 December, 2018
ശക്തികാന്ത ദാസ്‌  ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂദല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്തദാസിനെ നിയമിച്ചു. ഊര്‍ജിത്‌ പട്ടേല്‍ രാജിവെച്ച ഒഴിവിലേക്കാണ്‌ പുതിയ ഗവര്‍ണറായി ശക്തികാന്തദാസിനെ നിയമിച്ചത്‌. ധനകാര്യ കമ്മീഷന്‍ അംഗമാണ്‌ ശക്തികാന്തദാസ്‌.

മുന്‍ ധനകാര്യസെക്രട്ടറിയായ ദാസ്‌ തമിഴ്‌നാട്ടില്‍നിന്നുള്ള ഐ.എ.എസ്‌ ഉദ്യോഗസ്ഥനാണ്‌. ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലിയുടെ അടുപ്പക്കാരനായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌.

കഴിഞ്ഞ ദിവസമാണ്‌ അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട്‌ കൊണ്ട്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഊര്‍ജിത്‌ പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്‌. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ്‌ രാജിയെന്നാണ്‌ അറിയിച്ചത്‌.

കേന്ദ്രസര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം ഊര്‍ജിത്‌ പട്ടേല്‍ രാജിവച്ചേക്കുമെന്ന്‌ നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ മാസം 19ന്‌ രാജിവയ്‌ക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി നേരിട്ട്‌ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചതോടെ രാജി നീണ്ടുപോവുകയായിരുന്നു.

റിസര്‍വ്വ്‌ ബാങ്കിന്റെ പരമാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലായിരുന്നു അസ്വാരസ്യങ്ങള്‍ക്കുള്ള പ്രധാന കാരണം.

ഊര്‍ജിത്‌ പട്ടേല്‍ നോട്ട്‌ നിരോധനത്തിനെതിരെ രംഗത്ത്‌ വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട്‌ നിരോധനം നടപ്പാക്കിയതെന്ന ഊര്‍ജിത്‌ പട്ടേലിന്റെ വെളിപ്പെടുത്തലും സര്‍ക്കാരിന്‌ തിരിച്ചടിയായിരുന്നു.

തിരഞ്ഞെടുപ്പ്‌ മുന്നില്‍ ക്കണ്ട്‌ ചെറുകിട വ്യാപാരികള്‍ക്ക്‌ വന്‍തുക വായ്‌പയായി നല്‌കണമെന്ന്‌ സര്‍ക്കാര്‍ റിസര്‍വ്‌ ബാങ്കിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ റിസര്‍വ്‌ ബാങ്ക്‌ തടസ്സം നിന്നതാണ്‌ സര്‍ക്കാരിന്റെ അനിഷ്ടത്തിന്‌ കാരണമെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക