Image

കര്‍ഷക ഭാരതം ഉണര്‍ന്നെഴുനേറ്റു; ഹിന്ദുത്വ രാഷ്ട്രീയത്തെ പിടിച്ചു കെട്ടി

കലാകൃഷ്ണന്‍ Published on 11 December, 2018
കര്‍ഷക ഭാരതം ഉണര്‍ന്നെഴുനേറ്റു; ഹിന്ദുത്വ രാഷ്ട്രീയത്തെ പിടിച്ചു കെട്ടി

ഹിന്ദു ഒന്ന് ഉണര്‍ന്നാലുണ്ടല്ലോ... കെ.പി ശശികല എന്ന ഹിന്ദുഐക്യവേദിയുടെ നേതാവ് സ്ഥിരമായി പ്രസംഗ വേദിയില്‍ പറയുന്ന ഭീഷിണിയാണിത്. ഹിന്ദു ഉണര്‍ന്നപ്പോള്‍ പണ്ട് ബാബറി മസ്ജിദ് തവിടുപൊടിയായ ചരിത്രം ഓര്‍മ്മയില്ലേ എന്നും അവര്‍ ഓര്‍മ്മിപ്പിക്കും. എന്നാലിന്ന് കര്‍ഷക ഭാരതം ഉണര്‍ന്നെഴുനേറ്റപ്പോള്‍ ഹിന്ദുത്വരാഷ്ട്രീയം തവിടുപൊടി. കലപ്പയും വിത്തും കടവുമല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്തവന്‍റെ അതിജീവനത്തിന്‍റെ രാഷ്ട്രീയമായിരുന്നത്. ആ രാഷ്ട്രീയത്തെ വെല്ലുവിളിക്കാന്‍ കോര്‍പ്പറേറ്റ് ശക്തിക്ക് കഴിയില്ല എന്നതിന്‍റെ തെളിവാണ് ഹിന്ദി ഭൂമികയില്‍ ബിജെപി ഭരണത്തിനേറ്റ തിരിച്ചടി. രാജസ്ഥാനില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പശു മന്ത്രി തോറ്റ് തൊപ്പിയിട്ടപ്പോള്‍ ഇടത് രാഷ്ട്രീയം പേറുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ വിജയം നേടിയത്. 
കര്‍ഷകന്‍റെ കണ്ണീരാണ് ഇത്തവണ ബിജെപിയെ കടപുഴുക്കിയെറിഞ്ഞത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ കടപുഴുക്കിയെറിഞ്ഞത് ഗ്രാമീണ ഭാരതം അഥവാ കര്‍ഷക ഭാരതമാണ്. ഇന്ത്യന്‍ മധ്യവര്‍ത്തി സമൂഹത്തിന് ഇപ്പോഴും ശേഷിക്കുന്ന മോദിയോടുള്ള സഹാനുഭുതിയാണ് ബിജെപിക്ക് ലഭിച്ച എം.എല്‍.എ മാര്‍. അവര്‍ കൂടി മാറിചിന്തിക്കുന്ന കാലം അധികം ദൂരത്തല്ല. അന്ന് ബിജെപി മുക്തഭാരതം സാധ്യമാകുമെന്നാണ് വിലയിരുത്തേണ്ടത്. 
സിപിഎമ്മിന്‍റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ  നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷക ഗ്രാമങ്ങളില്‍ നിന്ന് മുംബൈ നഗരത്തിലേക്ക് ആദ്യമായി ലോംഗ് മാര്‍ച്ച് നടന്നത് സിപിഎമ്മിന്‍റെ തൃപുരയെ ബിജെപി പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെയാണ്. പിന്നീട് ചെറുതും വലുതുമായ കാര്‍ഷിക സമരങ്ങളുടെ പോയ ഒരു വര്‍ഷം. രാജസ്ഥാനില്‍ വലിയ കര്‍ഷക സമരങ്ങള്‍ നടന്നു. എന്നാല്‍ ഇതിനെയെല്ലാം പ്രസംഗം കൊണ്ട് മറികടക്കാനാണ് മോദി ശ്രമിച്ചത്. ഭായിയോം ബഹനോം എന്ന ഒറ്റ വിളിയില്‍ എല്ലാം മായ്ച്ച് കളയാമെന്ന് മോദിയും പശുരാഷ്ട്രീയം കൊണ്ട് എല്ലാം വരുതിയിലാക്കാമെന്ന് സംഘപരിവാറും പ്രതീക്ഷിച്ചു. പക്ഷെ അവര്‍ കര്‍ഷക ഇന്ത്യയുടെ ശക്തിയെ തിരിച്ചറിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. 
യഥാര്‍ഥത്തില്‍ കോണ്‍ഗ്രസും ഇന്ത്യന്‍ കര്‍ഷകനെ യഥാവിധം അഭിസംബോധന ചെയ്തതുകൊണ്ടല്ല ഇപ്പോഴത്തെ വിജയം സാധ്യമായത്. ബിജെപിയോടുള്ള അമര്‍ഷം കോണ്‍ഗ്രസിന് വോട്ടായി മാറുകയായിരുന്നു. ആര്‍.എസ്.എസിനും അവരുടെ അമ്പതില്‍പ്പരം പരിവാര്‍ സംഘടനകള്‍ക്കും അവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് പ്രസക്തമാണ്. വര്‍ഗീയ രാഷ്ട്രീയത്തിനപ്പുറം മനുഷ്യന്‍റെ രാഷ്ട്രീയമാണ് ഇലക്ഷനില്‍ പ്രതിഫലിച്ചതെന്ന് ചുരുക്കം. ഈ യാഥര്‍ത്യത്തെ അഭിമുഖീകരിച്ചാല്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് നിശ്ചയമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക