Image

ഈ തെരഞ്ഞെടുപ്പു ഫലത്തില്‍ പേടിക്കാനായി ഒന്നുമില്ലെന്ന്‌ ബി.ജെ.പി വിലയിരുത്തല്‍

Published on 13 December, 2018
ഈ തെരഞ്ഞെടുപ്പു ഫലത്തില്‍ പേടിക്കാനായി ഒന്നുമില്ലെന്ന്‌ ബി.ജെ.പി വിലയിരുത്തല്‍

ന്യൂദല്‍ഹി: അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തില്‍ 2019ല്‍ ബി.ജെ.പിക്ക്‌ പേടിക്കാനായി ഒന്നുമില്ലെന്ന്‌ പാര്‍ട്ടി വിലയിരുത്തല്‍. മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്‌ഗഢ്‌ എന്നീ സംസ്ഥആനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ്‌ പാര്‍ട്ടി ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്‌.

പരാജയത്തില്‍ പ്രത്യേകമായ പാറ്റേണൊന്നുമില്ല. അതുകൊണ്ടുതന്നെ 2019ല്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന പ്രചരണങ്ങളെ തള്ളിക്കളയുന്നതായും ബി.ജെ.പി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രന്റ്‌ 2019ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ ബി.ജെ.പിക്ക്‌ 32 സീറ്റുകള്‍ നഷ്ടമാകുമെന്ന വിലയിരുത്തലുകള്‍ വന്നിരുന്നു. രാജസ്ഥാന്‍ മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലായി 62 സീറ്റുകളാണ്‌ ബി.ജെ.പിക്കുണ്ടായിരുന്നത്‌. ഇതില്‍ 32 സീറ്റുകള്‍ നഷ്ടമാകുമെന്നായിരുന്നു വിലയിരുത്തല്‍.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളായ ഈ മൂന്ന്‌ സംസ്ഥാനങ്ങളും ബി.ജെ.പിയെ വലിയ തോതില്‍ സഹായിച്ചിരുന്നു. ഈ മൂന്ന്‌ സംസ്ഥാനങ്ങളിലുമായി 65 സീറ്റുകളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ്‌ ബി.ജെ.പിക്ക്‌ നേടാനാവാതിരുന്നത്‌.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ കണക്കുകള്‍ എടുത്ത്‌ പരിശോധിക്കുമ്പോള്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഈ മേഖലയില്‍ നിന്നും 33 സീറ്റുകള്‍ നേടുമെന്നാണ്‌ ഇന്ത്യാ ടുഡേ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ബി.ജെ.പിയുടേത്‌ മുന്‍വര്‍ഷത്തേതിന്റെ പകുതിയായി കുറയും.

സംസ്ഥാന തലത്തില്‍ കണക്കെടുക്കുകയാണെങ്കില്‍ രാജസ്ഥാനിലായിരിക്കും ബി.ജെ.പിക്ക്‌ ഏറ്റവും വലിയ നഷ്ടമുണ്ടാവുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക