Image

നാന്‍ പെറ്റ മകനേ; അഭിമന്യുവിന്റെ ഓര്‍മ നിറഞ്ഞ മണ്ണില്‍ തുടങ്ങി

Published on 16 December, 2018
നാന്‍ പെറ്റ മകനേ; അഭിമന്യുവിന്റെ ഓര്‍മ നിറഞ്ഞ മണ്ണില്‍ തുടങ്ങി

കൊച്ചി: 'നാന്‍ പെറ്റ മകനേ', ഹൃദയം നൊന്തുള്ള ആ അമ്മയുടെ വിളി കൊച്ചിയുടെ കാതുകളില്‍നിന്നു മാഞ്ഞിട്ടില്ല.  മഹാരാജാസ് കോളജിന്റെ മണ്ണില്‍ കുത്തേറ്റു വീണു മരിച്ച അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. 

സജി എസ്. പാലമേല്‍ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് 'നാന്‍ പെറ്റ മകനെ' എന്നു തന്നെയാണു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ രാവിലെ 9.30 നു മഹാരാജാസ് കോളജില്‍ നടന്നു. കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയില്‍നിന്നും മഹാരാജാസിലെത്തുകയും ഒടുവില്‍ ചുവരെഴുത്തു സംബന്ധമായ തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെടുകയും ചെയ്ത അഭിമന്യുവിന്റെ ജീവിത കഥയാണ് സിനിമയുടെ പ്രമേയം. 

മഹാരാജാസ് കോളജിലും വട്ടവടയിലുമായാണ് ചിത്രീകരണം നടക്കുക. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മിനോണ്‍ ജോണാണ് ചിത്രത്തില്‍ അഭിമന്യുവായി എത്തുക. ശ്രീനിവാസന്‍, ജോയ് മാത്യു, സീമാ ജി. നായര്‍, മുത്തുമണി തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം അടുത്ത മാര്‍ച്ചോടെ റിലീസിനെത്തുമെന്നാണു പ്രതീക്ഷയെന്നു  പ്ര?ഡക്ഷന്‍ കണ്‍ട്രോളര്‍ മംഗലത്ത് പറഞ്ഞു. ചിത്രത്തിന്റെ വെബ്‌സൈറ്റ് പ്രകാശനം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവും. കാമറ സ്വിച്ച്ഓണ്‍ കര്‍മം സംവിധായകനും നടനുമായ ജോയി മാത്യുവും നിര്‍വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക