Image

കാലിഫോര്‍ണിയയിലെ പുണ്യം കേരളത്തിന്റെ പുണ്യം !

അനില്‍ പെണ്ണുക്കര Published on 19 December, 2018
കാലിഫോര്‍ണിയയിലെ പുണ്യം കേരളത്തിന്റെ പുണ്യം !
കഴിക്കാന്‍ ഭക്ഷണമോ, ഉടുക്കാന്‍ വസ്ത്രമോ തലചായ്ക്കാന്‍ ഒരു കൂര പോലുമില്ലാതെ നമുക്ക് ചുറ്റും ഇന്ന് ആയിരങ്ങള്‍ അലയുന്നുണ്ട്. അവര്‍ക്കായി ദൈവം പറഞ്ഞയച്ച ദൂതരെപോലെ പുണ്യം എത്തുന്നു. അതെ, പുണ്യം അവര്‍ക്ക് വേണ്ടിയാണ്. കാലിഫോര്‍ണിയ ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന ഈ സംഘടന ആരോരുമില്ലാത്തവന് കൈത്താങ്ങാവുകയാണ്, ജീവിതമില്ലെന്ന് വിശ്വസിക്കുന്ന അനേകര്‍ക്ക് പുതു ജീവന്‍ നല്‍കുകയാണ്, അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കി അവരെ ഒരു സാധാരണ ജീവിതരീതിയിലേക്ക് ക്ഷണിക്കുകയാണ്, പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത ഒരു കേരളത്തെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയാണ്!

കാലിഫോര്‍ണിയയില്‍ വ്യത്യസ്ത ജോലികളിലേര്‍പ്പെട്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളുള്ള ഒരു കൂട്ടം വനിതകള്‍ നടത്തുന്ന സംഘടനയാണ് പുണ്യം. സ്വന്തം കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്നതിനോടൊപ്പം ജന്മനാടിന്റെ നന്മയും ലക്ഷ്യമിടുന്ന ഈ വനിതകള്‍ പുണ്യം സംഘടനയിലൂടെ ഒട്ടനേകം പേര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കികൊടുത്തിരിക്കുന്നു.

അന്യന്റെ കണ്ണീരും കഷ്ടപ്പാടും കണ്ടറിയുന്നവന്‍ ദൈവതുല്യരാണ്. പുണ്യം സംഘടനയും ദൈവത്തിന്റെ കരസ്പര്‍ശമുള്ളതാണെന്ന് ഉറപ്പിക്കാം.

പുണ്യം സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. പുണ്യ ഭോജന്‍, പുണ്യവീട്, പുണ്യം ജ്വാല, അങ്ങനെ പുണ്യത്തിന്റെ പുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കേരളത്തില്‍ ഇക്കഴിഞ്ഞ മഹാപ്രളയത്തിന്റെ നാശനഷ്ടങ്ങള്‍ നികത്താനും പുണ്യം മുന്നിട്ടിറങ്ങിയിരുന്നു. അത് പക്ഷെ അത്ര നിസ്സാരമായിരുന്നില്ല. സര്‍ക്കാരിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പുണ്യം സംഘടന നല്‍കിയ സഹായപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ.

അധ്വാനത്തിന്റെ ഒരു പങ്കും മറ്റു ചില അമേരിക്കന്‍ സംഘടനകളുടെ സംഭാവനയും ചേര്‍ത്ത് വെച്ച് ആ വനിതാ കൂട്ടായ്മ കേരളത്തിന് കൈത്താങ്ങായി.ഏകദേശം ഒരു കോടിയോളം രൂപ പ്രളയബാധിതര്‍ക്കും, കാന്‍സര്‍ രോഗികള്‍ക്കുമായി കണ്ടെത്തിക്കഴിഞ്ഞു .

കേരളത്തിന്റെ നവജീവനത്തിന്നായി നാല് ഘട്ടങ്ങള്‍ ആയാണ് പുണ്യം പ്രവര്‍ത്തങ്ങളെ ഏകീകരിച്ചിരിക്കുന്നത് . ആദ്യഘട്ടമായ ഭക്ഷണകിറ്റുകള്‍, വീടുകളിലേക്കുള്ള മറ്റു സാധനങ്ങളുടെ വിതരണം എന്നിവക്കായി പതിനഞ്ചുലക്ഷം രൂപയുടെ പദ്ധതി വിജയകരമായി കേരളത്തില്‍ ഉടനീളം നടത്തി. ഇതില്‍ നിന്നും കണ്ടെത്തിയ അറുപതോളം കുടുംബങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണകിറ്റുകള്‍ വാഗ്ദാനം ചെയ്തു. രണ്ടാം ഘട്ടമായ പുണ്യം പഞ്ചായത്തു കൃഷി പ്രൊജക്റ്റ് കുന്നുകരയില്‍ 51 ഏക്കര്‍ നെല്‍ക്കൃഷിയും , പച്ചക്കറി കൃഷിയും തുടങ്ങിക്കൊണ്ടു കൊണ്ട് കേരളത്തിന് മൊത്തം മാതൃകയായി .

നെടുമ്പാശ്ശേരിയിലെ കുന്നുകര ഗ്രാമത്തില്‍ 5 മുതല്‍ 50 സെന്റ് വരെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക്, പ്രളയത്തില്‍ നശിച്ചു പോയ കൃഷി തുടങ്ങാനുള്ള പദ്ധതിയാണ് പുണ്യം കൊണ്ടുവന്നത്. പച്ചക്കറി കൃഷി നടത്തി ജീവിതം കഴിച്ചിരുന്ന ചെറുകിട കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കളും ജലസേചന സൗകര്യങ്ങളും നല്‍കി പഴയ ജീവിതവും ജീവിതമാര്‍ഗവും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കുന്നുകര ഗ്രാമ പഞ്ചായത്തിനോടും, പാലക്കാടു മൈത്രി എന്ന സംഘടനയോടും ചേര്‍ന്നു പ്രവര്‍ത്തിചു കൊണ്ടാണ് ഇവര്‍ ഈ ലക്ഷ്യം നേടുന്നത് .

ഇതിലൂടെ വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്ക് വില്പന ചെയ്യാനുള്ള അവസരവും ഒരുക്കുന്നുണ്ട് . ഈ മാതൃക പുത്തന്‍വേലിക്കര, പാറക്കടവ് എന്നെ പഞ്ചായത്തുകളും മാതൃകയാക്കി കാര്‍ഷിക രംഗം ആകെ ഉണരുന്നതിന്റെ ആഹ്ലാദത്തിലാണ് പുണ്യം പ്രവര്‍ത്തകര്‍ . പണത്തേക്കാളും സുഖസൗകര്യങ്ങളെക്കാളും ഈ സാഹചര്യത്തില്‍ കേരളത്തിന് ആവശ്യം ഭക്ഷണമാണെന്ന തിരിച്ചറിവിലാണ് പുണ്യം ഇത്തരം പദ്ധതികള്‍ രൂപകല്‍പന ചെയ്തത്. വരുമാനമാര്‍ഗവും ഒപ്പം ദുരിതര്‍ക്ക് സഹായമാകുവാനും ഇത്തരം കാര്‍ഷിക പദ്ധതികള്‍ അനിവാര്യമാണെന്ന് പുണ്യം പറയുന്നു.

ഒന്നും , രണ്ടും ഘട്ടങ്ങള്‍ തുടരുന്നതിനോടൊപ്പം മൂന്നാം ഘട്ടമായ വീടുകളുടെ പുനര്നിര്‍മ്മാണവും നാലാം ഘട്ടമായ തൊഴില്‍, വിദ്യഭ്യാസം എന്നിവയിലുള്ള അവസരം സൃഷ്ടിക്കുകയുമാണ് പുണ്യത്തിന്റെ ഭാവി പരിപാടികള്‍ .

ജന്മനാടായ കേരളത്തെ വീണ്ടെടുക്കാന്‍ അമേരിക്കന്‍ മലയാളികള്‍ കൈകോര്‍ക്കുകയാണ്. വിശപ്പെന്ന വികാരത്തിന് മുന്നില്‍ വലിയവന്‍ ചെറിയവന്‍ എന്ന വേര്‍തിരിവില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ആ മഹാപ്രളയം കേരളത്തെ അപ്പാടെ വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. കാല്‍ച്ചുവട്ടിലെ മണ്ണ് പോലും വെള്ളത്തില്‍ ലയിച്ച് ഒഴുകിപ്പോയ സാഹചര്യത്തില്‍ സ്വന്തം നാടിനെയും നാട്ടുകാരെയും രക്ഷിക്കാന്‍ അവര്‍ പാഞ്ഞെത്തി. ജോലിയും ജീവിതവും മറ്റൊരു നാട്ടിലാണെങ്കിലും ജന്മനാടിന്റെ വേദന കാണാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും അമേരിക്കന്‍ മലയാളികള്‍ എന്നുമുണ്ട്.

കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സഹായങ്ങള്‍ എത്തിച്ച് ഓരോ മലയാളിക്കും തുണയാവുകയാണ് പുണ്യം സംഘടന. കേരളത്തിലെ പുണ്യം പ്രവര്‍ത്തകരുടെ രാപകല്‍ ഉള്ള അധ്വാനം ആണ് കാലിഫോര്‍ണിയയിലെ ഈ സ്ത്രീ കൂട്ടയ്മയ്ക്ക് , കേരളത്തിനെ ചേര്‍ത്ത് പിടിക്കാന്‍ സഹായകമായത് .അതുപോലെ തന്നെ പുണ്യം വനിതകള്‍ക്കു അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനവും,സഹായവും എടുത്തുപറയേണ്ടതാണ്. പുണ്യം എന്ന അമേരിക്കന്‍ മലയാളി കൂട്ടായ്മയുടെ പുണ്യപ്രവര്‍ത്തനങ്ങള്‍ കേരളത്തിന് പുണ്യം പകര്‍ന്നു കൊണ്ടേയിരിക്കും 

പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വനിതാ പ്രവര്‍ത്തകരാണ്. കോ-ഫൗണ്ടറും, പ്രസിഡന്റുമായ രാജി മേനോന്‍, കോ-ഫൗണ്ടര്‍ റാണി സുനില്‍, സെക്രട്ടറി പ്രമീള കുമാരസ്വാമി, ട്രഷറര്‍ സ്മിത ശാരദാമണി ജോ. സെക്രട്ടറി ദേവി പാര്‍വ്വതി എന്നിവരുടെ നേതൃത്തിലുള്ള പുണ്യം പ്രവൃത്തിയില്‍ വിശ്വസിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ അമേരിക്കയിലും, കേരളത്തിലും പുണ്യത്തിനൊപ്പം കൂടാന്‍, പ്രവര്‍ത്തനസജ്ജരായി നിരവധി വനിതകള്‍ ഉണ്ട്.

സഹായം വേണ്ടവരെ കണ്ടെത്തുന്നവര്‍, അവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നവര്‍, ജന പ്രതിനിധികള്‍ തുടങ്ങി നിരവധി വ്യക്തികള്‍. അമേരിക്കയിലാവട്ടെ പുണ്യത്തിനായി സഹായം എത്തിക്കുന്ന സുഹൃത്തുക്കള്‍, അത് കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നവര്‍, ഇവരെല്ലാം പുണ്യം കുടുംബാംഗങ്ങള്‍ തന്നെയാണ്. ഈ കൂട്ടായ്മയാണ് പുണ്യത്തിന്റെ പിന്‍ബലം.

പുണ്യത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ വെബ് വിലാസങ്ങളില്‍ ബന്ധപ്പെടാം

Dopunyam@gmail.com
Punyahome.org
കാലിഫോര്‍ണിയയിലെ പുണ്യം കേരളത്തിന്റെ പുണ്യം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക