Image

വിശ്വാസത്തിന്റെ നക്ഷത്ര വിളക്കുകള്‍ (ആനി ജോര്‍ജ് തൊണ്ടാംകുഴിയില്‍, ന്യു യോര്‍ക്ക്)

ആനി ജോര്‍ജ് Published on 21 December, 2018
വിശ്വാസത്തിന്റെ നക്ഷത്ര വിളക്കുകള്‍  (ആനി ജോര്‍ജ് തൊണ്ടാംകുഴിയില്‍, ന്യു  യോര്‍ക്ക്)
ഡിസംബര്‍ മാസത്തിലെ നക്ഷത്രങ്ങള്‍ക്ക് ഭംഗിയും ശോഭയും കൂടുതലാണ്. അപ്പോഴാണ് ആകാശത്തെ പോലെ പല വീടുകളിലും നക്ഷത്ര ദീപങ്ങള്‍ പ്രകാശിക്കുന്നത്. കര്‍ത്താവായ യേശുക്രുസ്തുവിനെക്കുറിച്ചുള്ള ഭക്തിനിര്‍ഭരമായ പാട്ടും പ്രാര്‍ഥനയും എല്ലാ വിശ്വാസികളുടെ ഭവനങ്ങളിലും എപ്പോഴും നിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും ക്രുസ്തുമസ്സ് സ്തുതിഗീതങ്ങളാല്‍ ചുറ്റുപാടും നിറഞ്ഞ് കവിയുന്നത് ക്രുസ്തുമസ്സ് കാലത്താണ്.. 

കുളിരു പകര്‍ന്ന് നില്‍ക്കുന്ന ശിശിരമാസമെന്നതിലുപരി ഇത് ഒരു പവിത്ര മാസമായത് കൊണ്ടാകാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. മാലാഖമാര്‍ പാടിയ രാത്രി. രക്ഷകന്‍ പിറന്ന ദിവസം. പല മതങ്ങളിലേയും ദൈവങ്ങളുടെ ജന്മദിനങ്ങള്‍ കൊണ്ടാടുന്നുണ്ടെങ്കിലും ആ ദൈവങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ കര്‍ത്താവായ യേശുക്രുസ്തു മരിച്ച് മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റത് കൊണ്ട് അവന്റെ ജന്മദിനത്തില്‍ അവനുണ്ടെന്ന ഉറപ്പ് വിശ്വാസികളെ സന്തോഷിപ്പിക്കുന്നു. പൊന്നും, മൂറും കുന്തിരിക്കവും കാഴ്ചവച്ച് വണങ്ങി നിന്ന വിദ്വാന്മാരെപോലെ ഇന്ന് പലരും സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും, കൂട്ടുകാര്‍ക്കും സമ്മാനങ്ങള്‍ വാങ്ങി കര്‍ത്താവായ യേശുവിന്റെ പിറന്നാള്‍ പ്രതിവര്‍ഷം ആഘോഷിക്കുന്നു. 

കര്‍ത്താവിന്റെ ജന്മ്ദിനാഘോഷമെന്നതിലുപരി ഓരോരുത്തരും അവരുടെ ഹ്രുദയത്തില്‍ യേശുക്രുസ്തുവിനെ പ്രതിഷ്ഠിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ദൈവം നമ്മുടെ ഹൃദയത്തില്‍ വസിക്കുമ്പോള്‍ ഓരോ ദിനവും സന്തോഷത്തിന്റെ ദിനങ്ങള്‍ തന്നെ. ആഘോഷങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുമ്പോള്‍ വിശ്വാസത്തിനു കുറവ് വരരുതെന്ന് ക്രുസ്തീയാനുയായികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അവസരത്തില്‍ നമ്മള്‍ ധാരാളം സന്ദേശങ്ങളും വചനങ്ങളുടെ വ്യാഖ്യാനങ്ങളും കേള്‍ക്കുന്നുണ്ട്. പലരും അവരുടെ വിശ്വാസാനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ഞാനും എന്റെ ഒരു ചെറിയ അനുഭവം പങ്ക് വക്കുകയാണ്.

നൂയോര്‍ക്കിലെ തണുപ്പ് നിറഞ്ഞ് നില്‍ക്കുന്ന ഈ മാസങ്ങളില്‍ വീടിന്റെ പുറക് വശത്തെ ഇത്തിരിമണ്ണിലെ പുല്ലെല്ലാം വാടിക്കരിയാന്‍ തുടങ്ങും. വേനലില്‍ വച്ച് പിടിപ്പിച്ച ചെടികളും വാടിയും കരിഞ്ഞും പോയിരിക്കും. എന്നാല്‍ അവിടെയെല്ലാം വാലും പൊക്കി നടക്കുന്ന ഒരു അണ്ണാറക്കണ്ണന്‍ ഇടക്കിടെ എന്റെ അടുക്കള വാതില്‍ക്കല്‍ വന്നു മുട്ടും. ഞാന്‍ വാതില്‍ തുറക്കുമ്പോള്‍ വാല്‍മടക്കി ഭയലേശ്യമെന്ന്യെ രണ്ടും കയ്യുംകൂട്ടി നമസ്തെ പറയുന്നപ്പൊലെ ഇരുന്ന് എന്നെ നോക്കി ഓടിപോകും. പറമ്പില്‍ അനേഷിച്ചിട്ട് തിന്നാന്‍ ഒന്നും കിട്ടാതെ വട്ടം കറങ്ങി വന്നതാകുമെന്ന് കരുതി കപ്പലണ്ടിയോ, കുക്കി കഷണങ്ങളോ ഇട്ടുകൊടുത്താല്‍ ഓടി വന്ന് നന്ദിയുടെ ഒരു ശബ്ദ്മുണ്ടാക്കി കയ്യില്‍ കിട്ടിയത് വായിലാക്കി വേലിക്കരികില്‍ പോയിരുന്നു തിന്നും. പിന്നെ കുറെനേരത്തേക്ക് അതിനെ കാണുകയില്ല. കാണാന്‍ വളരെ ഭംഗിയുള്ള ഇതിനെ കാണുമ്പോള്‍ പ്രത്യേകിച്ച് കര്‍ത്താവ് ജനിച്ചു എന്ന് വിശ്വസിക്കുന്ന ഈ മാസത്തില്‍ ഞാന്‍ എന്റെ ബാല്യകാല കാലഘട്ടത്തിലേക്ക് ഒരു മടക്കയാത്ര നടത്തും.

ഈശ്വരവിശ്വാസം അല്ലെങ്കില്‍ ബൈബിള്‍ വചനങ്ങളിലുള്ള വിശ്വാസം ഇന്ന് പലര്‍ക്കുമില്ല. കര്‍ത്താവിന്റെ ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ തോമസ് കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റ വിവരം കേട്ടിട്ടും വിശ്വസിച്ചില്ല. വിശുദ്ധ തോമസ് കര്‍ത്താവിന്റെ ആണിപ്പഴുതിലൂടെ കയ്യിട്ട് നോക്കിയിട്ടേ വിശ്വസിച്ചുള്ളു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന് അന്ന് കര്‍ത്താവ് പറഞ്ഞു. മനുഷ്യര്‍ക്ക് വിശ്വസിക്കതക്ക എത്രയോ ദ്രുഷ്ടാന്തങ്ങള്‍ ദൈവം പ്രതി ദിനം നമുക്ക് കാണിച്ച് തരുന്നു. ജീവിതായോധനത്തിന്റെ ബദ്ധപ്പാടില്‍ നമ്മള്‍ അത് കാണുന്നില്ല അല്ലെങ്കില്‍ കണ്ടിട്ടും കാണുന്നില്ല. നമ്മളില്‍ പലര്‍ക്കും എന്തെങ്കിലും പ്രയാസമോ രോഗക്ലേശങ്ങളോ ഉണ്ടായാല്‍ അന്നേരം ദൈവത്തെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ സുഖത്തിലും ദു:ഖത്തിലും അടിപതറാത്ത വിശ്വാസമാണ് നമുക്ക് പ്രതിബന്ധങ്ങളെ നേരിടാനുള്ള കരുത്ത് തരുന്നത്.

എന്റെ കുട്ടിക്കാലത്ത് ഞാന്‍ കേട്ട ഒരു കാര്യമാണു ഇവിടെ വിവരിക്കുന്നത്. ഒരമ്മയുടെ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മകള്‍ക്ക് എന്തോ വ്യാധി പിടിപ്പെട്ടു. പതിവുപോലെ ഒത്തിരി വൈദ്യന്മാരെ കാണിച്ചു. മുറക്ക് മരുന്നുകളും കഴിച്ചു എന്നാല്‍ രോഗം ഭേദമായില്ല. അവര്‍ വളരെ ഈശ്വരവിശ്വാസമുള്ള സ്ത്രീയും നിത്യേന മുടക്കാതെ പ്രാര്‍ത്ഥിക്കുന്നവളുമായിരുന്നു. 

 മകളുടെ രോഗം ഭേദമാവതെ അവര്‍ സങ്കടപ്പെട്ടും കരഞ്ഞും ദിവസങ്ങള്‍ കഴിച്ചുകൂട്ടി. അങ്ങനെ മാസങ്ങള്‍ നീങ്ങിയപ്പോള്‍ അവര്‍ കരുതി ദൈവം കൈവിട്ടുകാണും, ഇനി മകളുടെ രോഗം മാറുകയില്ലായിരിക്കും. അങ്ങനെ അവര്‍ കരഞ്ഞും, കര്‍ത്താവിനെ വിളിച്ചും വീടിന്റെ ഉമ്മറ വാതില്‍ക്കല്‍ ഇരിക്കുമ്പോള്‍ ഒരണ്ണാറക്കണ്ണന്‍ അവരുടെയടുത്തേക്ക് ഓടി വന്നു. ഉപദ്രവിക്കാത്ത സാധു ജീവിയായത്കൊണ്ട് അവര്‍ അതിനെ കാര്യമായി ശ്രദ്ധിച്ചില്ല. അവരുടെ മനസ്സ് നിറയെ കര്‍ത്താവേ രക്ഷിക്കണേ എന്ന ചിന്തയായിരുന്നു. ദൈവം കൈവിട്ടു അല്ലെങ്കില്‍ രോഗം ഭേദമാകില്ലെന്ന ചിന്തകള്‍ മനസ്സില്‍ നടക്കുമ്പോഴും കര്‍ത്താവ് രക്ഷിക്കുമെന്ന് അവരുടെ വിശ്വാസം അവരെ ആശ്വസിപ്പിച്ചിരുന്നു. 

 ഈ സമയം അണ്ണാറക്കണ്ണന്‍ അവരുടെ കാല്‍ക്കല്‍ വന്ന് വാലിളക്കി അവരുടെ ശ്രദ്ധ അതിലേക്ക് തിരിച്ചു. അവര്‍ കുനിഞ്ഞ് അതിനെ നോക്കിയപ്പോള്‍ വായില്‍ കടിച്ച്പിടിച്ച്കൊണ്ട് വന്ന കണ്ടാല്‍ ഒരു വര്‍ണ്ണകടലാസ്സ് പോലെ തോന്നുന്ന ഒരു സാധനം അവിടെയിട്ട് ഓടിപോയി.
 ആകാക്ഷയോടെ അവര്‍ അത് തുറന്ന് നോക്കിയപ്പോള്‍ അത് ഒരു ചിത്രമായിരുന്നു. ഏതൊ ചിത്രകാരന്‍ വരച്ച ചിത്രം. ഇന്ന് ലോകം അത് കര്‍ത്താവായ യേശുവിന്റെ ചിത്രമാണെന്ന് കരുതുന്നു. കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ തന്നെ. ഒരു പക്ഷെ ഒരണ്ണാറക്കണ്ണനെകൊണ്ട് ആ പടമെടുപ്പിച്ചത് കര്‍ത്താവായിരിക്കും. വിശ്വാസത്തിനിളക്കം തട്ടുമ്പോള്‍ പലരും തെറ്റായ വിധത്തില്‍ പ്രാര്‍ഥിക്കുന്നു എന്നതിന്റെ ഒരു പ്രതീകമായിയിട്ടായിരിക്കാം അങ്ങനെ സംഭവിച്ചത്.

 മേല്‍പ്പറഞ്ഞ അമ്മയുടെ വിശാസത്തിനു ഇളക്കം തട്ടിയിരുന്നു. അവര്‍ കര്‍ത്താവ് കൈവിട്ടുകാണുമോ എന്ന് സംശയിച്ചിരുന്നു. അവരെ ബോദ്ധ്യപ്പെടുത്താന്‍ ഒരു ചിത്രം അവരുടെ മുന്നില്‍ വന്നു വീണതാകം. ഞാന്‍ ചിത്രത്തിലോ വിഗ്രഹത്തിലോ അല്ല സ്ഥിതി  ചെയ്യുന്നത് മറിച്ച് നിങ്ങളുടെ ഹൃദയങ്ങളില്‍ ആണ്. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ബലം പോലെ, നിങ്ങളുടെ വിശ്വാസത്തിന്റെ ഉറപ്പ് പോലെ ഞാന്‍ നിങ്ങള്‍ക്കൊപ്പം എപ്പോഴുമുണ്ട് എന്ന സന്ദേശം കര്‍ത്താവ് അവര്‍ക്ക് നല്‍കിയതാകാം. അതേസമയം അവര്‍ ഉള്ളുരുകി പ്രാര്‍ഥിച്ചിരുന്നത് കൊണ്ട് അതിന്റെ ഫലം ഉടനെ ഉണ്ടാകുമെന്ന സൂചനയുമാകാം. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. അവര്‍ അറിയാതെ പറഞ്ഞുപോയി. പ്രാര്‍ഥന മനസ്സ് പതറാതെ, നിര്‍ത്താതെ മുട്ടിപ്പായി തുടര്‍ന്നു. വിശ്വസമല്ലോ വിളക്ക് മനുഷ്യനു എന്ന് കവി വാക്യവുമുണ്ടല്ലോ.

ഈ ലോകം മുഴുവന്‍ രക്ഷകന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ഒരു കാര്യം നമ്മള്‍ എല്ലാവരും ഓര്‍ക്കേണ്ടത് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണു് പ്രധാനമെന്നാണു. ഒരു ദിവസത്തെ പിറന്നാള്‍ ആഘോഷത്തില്‍ ഒതുക്കി നിറുത്താവുന്ന ഒന്നല്ല കര്‍ത്താവുമായുള്ള പ്രാര്‍ത്ഥന ബന്ധം.

എല്ലാവര്‍ക്കും ദൈവാനുഗ്രഹങ്ങള്‍ ധാരാളമായി ഉണ്ടാകട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക