Image

ഇനി മിസ്സിസാഗ രൂപത; അജപാലകനായി മാര്‍ കല്ലുവേലില്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 December, 2018
ഇനി മിസ്സിസാഗ രൂപത; അജപാലകനായി മാര്‍ കല്ലുവേലില്‍
ടൊറന്റോ: കാനഡയിലെ സിറോ മലബാര്‍ സഭാ എക്‌സാര്‍ക്കേറ്റ് ഇനി മിസ്സിസാഗ രൂപത. മാര്‍ ജോസ് കല്ലുവേലില്‍ അജപാലകനായി രൂപീകരിച്ച എക്‌സാര്‍ക്കേറ്റിന് രൂപതയിലേക്കുള്ള പൂര്‍ണതയ്ക്ക് വേണ്ടിവന്നത് 39 മാസങ്ങള്‍ മാത്രം. സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ ശനിയാഴ്ച രാവിലെ കുര്‍ബാനമധ്യേ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇവിടെ നടത്തിയത്. മാര്‍ ജോസ് കല്ലുവേലില്‍ മെത്രാനായി തുടരും.

രൂപതയുടെ പദവിയില്ലാത്തതും എന്നാല്‍ ഇതിനോട് സമാനവുമായ ഭരണസംവിധാനവുമായ എക്‌സാര്‍ക്കേറ്റിന്റെ പ്രഖ്യാപനം 2015 ഓഗസ്റ്റിലായിരുന്നു. തുടര്‍ന്ന് ആത്മീയ, ഭൌതിക മേഖലകളിലുണ്ടായ വളര്‍ച്ചയാണ് അതിവേഗം രൂപതയിലേക്കുള്ള കുതിപ്പിനു വഴിയൊരുക്കിയത്. ചിതറിക്കടന്ന വിശ്വാസിസമൂഹത്തെ ഒരു കുടക്കീഴില്‍ എത്തിക്കാനായെന്നതാണ് നേട്ടങ്ങളില്‍ പ്രധാനപ്പെട്ടത്. കാനഡയില്‍ എക്‌സാര്‍ക്കേറ്റിനായി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ശുപാര്‍ശ സമര്‍പ്പിക്കുന്‌പോള്‍ പതിനെട്ട് മിഷന്‍ സെന്ററുകളാണുണ്ടായിരുന്നത്. മെത്രാഭിഷേകം നടക്കുന്‌പോഴേക്കും അത് 23 ആയിരുന്നു. ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും അത് 33 ആയി. നിലവില്‍ ചെറുതും വലുതുമായി 52 ആരാധനാസമൂഹങ്ങളും 24 വൈദികരും 12 സന്യസ്തരുമാണുള്ളത്. റോമിലും നാട്ടിലുമായി ആറ് സെമിനാരി വിദ്യാര്‍ഥികളുമുണ്ട്. സോഷ്യല്‍ സര്‍വീസ്, ഷെപ്പേഡ് ഓഫ് ഫെയ്ത്, ഫാമിലി അപ്പസ്തലേറ്റ് എന്നിവയുള്‍പ്പെടെ ഇരുപത്തിയൊന്ന് ഡിപ്പാര്‍ട്‌മെന്റുകളാണ് ഇപ്പോള്‍ അല്‍മായരുടെയും മറ്റും നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. രൂപതയുടെ കാര്യത്തിലെന്നപോലെ കുടുംബയൂണിറ്റുകളും ശാക്തീകരണഘട്ടത്തിലാണ്. ഇതൊക്കെയാണ് രൂപതാപദവി എന്ന സ്വപ്നം കുറഞ്ഞ സമയത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുന്നതിനു തുണയായത്.

ടൊറന്റോ സെന്റ് തോമസ്, മിസ്സിസാഗ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍, എഡ്മിന്റന്‍ സെന്റ് അല്‍ഫോന്‍സ് ഫൊറനോ എന്നിവയ്ക്ക് പുറമെ നാലാമത്തെ സ്വന്തം ദേവാലയം ലണ്ടനില്‍ കൂദാശ ചെയ്യുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയായിരുന്നു രൂപതാ പദവി പ്രഖ്യാപനമെന്നത് ഇരട്ടിമധുരമായി. ഏവരും പ്രതീക്ഷയോടെയും പ്രാര്‍ഥനയോടെയും കാത്തിരുന്ന വലിയ അനുഗ്രഹത്തിലേക്കാണ് കര്‍ത്താവ് നമ്മെ നയിക്കുന്നതെന്ന ആമുഖത്തോടെയാണ് മിസ്സിസാഗ രൂപതാ രൂപീകരണവും മാര്‍ ജോസ് കല്ലുവേലിനെ മെത്രാനായി നിയോഗിക്കുന്നതുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം മാര്‍ അങ്ങാടിയത്ത് പങ്കുവച്ചത്. കൂര്‍ബാനയോടനുബന്ധിച്ചു നടന്ന ചടങ്ങിനൊടുവില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മാര്‍ കല്ലുവേലിലിന് മധുരം നല്‍കി. രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ അരിക്കാട്ട്, പ്രൊക്യുറേറ്റര്‍ ഫാ. ജേക്കബ് എടക്കളത്തൂര്‍, ചാന്‍സലര്‍ ഫാ. ജോണ്‍ മൈലംവേലില്‍, ഫാ. പത്രോസ് ചന്പക്കര, ബിഷപ്പിന്റെ സെക്രട്ടറി ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിസ്തൃതിയില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ കാനഡയിലെ ഈ രൂപതയാണ് സിറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ രൂപതയെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം; കാനഡയുടെ കാര്യത്തിലെന്നപോലെ ജനസംഖ്യയില്‍ പിന്നിലാണെങ്കിലും. മാര്‍ കല്ലുവേലിലിന്റെ ഭാഷ കടമെടുത്താല്‍ ഒറ്റ വ്യത്യാസം മാത്രം “കാനഡ സന്പന്നമായ രാജ്യമാണ്, പക്ഷേ നമ്മുടെ രൂപത ദരിദ്രമാണ്. സാധാരണക്കാരായ വിശ്വാസികളുടെ കൂട്ടായ്മയിലൂടെയാണ് ഇതു നിലനില്‍ക്കുന്നത്. അല്‍മായരുടെ കൂട്ടത്തില്‍നിന്നുള്ള നേതൃത്വവും പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിയേകുന്നു.”. അചഞ്ചലവും തീഷ്ണവുമായ ഈ വിശ്വാസപാരന്പര്യവും കഠിനാധ്വാനവുമാണ് രൂപതയുടെ മുതല്‍ക്കൂട്ടും വളര്‍ച്ചയിലെ ചാലകശക്തിയും.

രൂപതായി ഉയര്‍ത്തപ്പെട്ടതോടെ വിശ്വാസിസമൂഹത്തെ കോര്‍ത്തിണക്കാനും വൈദികരെ കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് വേഗം കൈവരിക്കാനുമാകും. ഈ മണ്ണില്‍നിന്നുതന്നെ ദൈവവിളിയുള്ളവരെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതും തുടരും. ഈ ചെറിയവരില്‍ ഒരാള്‍പോലും നശിക്കാന്‍ പാടില്ല എന്ന ബൈബിള്‍വചനവും യേശുവിന്റെ സുവിശേഷദൌത്യവുമാണ് പ്രചോദനം. ജനോന്മുഖ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഇനിയുള്ള ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലും രൂപതയുടെ സാന്നിധ്യമറിയിക്കുമെന്നും ഇതിനുള്ള ശ്രമങ്ങളിലാണെന്നും മാര്‍ ജോസ് കല്ലുവേലില്‍ വ്യക്തമാക്കി. വാന്‍കൂവര്‍, കാല്‍ഗരി, ഹാമില്‍ട്ടന്‍, നയാഗ്ര, കേംബ്രിജ് എന്നിവടങ്ങളിലെ വിശ്വാസസമൂഹവും സ്വന്തമായ ദേവാലയമെന്ന സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലാണ്. ധ്യാന ടീമിനെയും മറ്റും പ്രാദേശികമായി കണ്ടെത്തും. യുവതലമുറയ്ക്ക് ഇടവകളുടെ നടത്തിപ്പില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ്‌സിനെയും സീനിയേഴ്‌സിനെയും കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള ഒരുക്കത്തിലാണ്. വിവിധ മേഖലകളിലെ പ്രഫഷനലുകളുടെ സഹകരണത്തോടെ എക്‌സാര്‍ക്കേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സിറോ മലബാര്‍ സമൂഹത്തിനു പുറത്തേക്കും വ്യാപിപ്പിക്കും. എല്ലാ ഇടവകളിലും കാരുണ്യസംരംഭങ്ങള്‍ക്കുള്ള കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനു നടപടിയെടുക്കും. സഭാസമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി ഡിവൈന്‍ അക്കാദമി കൂടുതല്‍ സജീവമാക്കും.

ആറു പതിറ്റാണ്ടു മുന്പ് കുറവിലങ്ങാട് തോട്ടുവയില്‍നിന്നു പാലക്കാട് ജെല്ലിപ്പാറയിലേക്കു കുടിയേറിയ കല്ലുവേലില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് കാനഡയിലെ കുടിയേറ്റ സമൂഹത്തിന്റെ അജപാലകന്‍ മാര്‍ ജോസ് കല്ലുവേലില്‍. സിറോ മലബാര്‍ സഭയുടെ ഭാരതത്തിനു പുറത്തുള്ള കന്നി എക്‌സാര്‍ക്കേറ്റായിരുന്നു കാനഡയിലേത്. മാര്‍ ജോസ് കല്ലുവേലിലാകട്ടെ പാലക്കാട് രൂപതയില്‍നിന്നു മെത്രാനാകുന്ന ആദ്യ വൈദികനും. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് ഇരിന്പന്‍ വൈദികരാകാന്‍ തിരഞ്ഞെടുത്ത ആദ്യ ബാച്ചിലെ പത്തുപേരില്‍ ഒരാളാണ്. തിരുപ്പട്ടം സ്വീകരിച്ചത് 1984 ഡിസംബര്‍ 18ന്. അഞ്ചു വര്‍ഷം മുന്പ് കാനഡയിലേക്ക് വൈദികനായി കുടിയേറും മുമ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ കീഴില്‍ പതിനൊന്ന് വര്‍ഷത്തോളം രൂപതാ മതബോധന ഡയറക്ടറായിരുന്നു. പാസ്റ്ററല്‍ സെന്ററിന്റെയും കെസിഎസ്എല്ലിന്റെയും ചുമതലകളും വഹിച്ചിട്ടുണ്ട്. പാലക്കാട് കത്തീഡ്രലിലും കാഞ്ഞിരപ്പുഴ ഫൊറോന പള്ളിയിലും അഗളി, കുറുവന്പാടി, പുലിയറ, പന്തലാംപാടം, ഒലവക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുക്കുംപാറ തുടങ്ങിയ ഇടവകളിലും വികാരിയായിരുന്നു. ഇറ്റലിയിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ സര്‍വകലാശാലയില്‍ മതബോധനത്തില്‍ ഗവേഷണബിരുദവും നേടി.
ഇനി മിസ്സിസാഗ രൂപത; അജപാലകനായി മാര്‍ കല്ലുവേലില്‍
ഇനി മിസ്സിസാഗ രൂപത; അജപാലകനായി മാര്‍ കല്ലുവേലില്‍
ഇനി മിസ്സിസാഗ രൂപത; അജപാലകനായി മാര്‍ കല്ലുവേലില്‍
ഇനി മിസ്സിസാഗ രൂപത; അജപാലകനായി മാര്‍ കല്ലുവേലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക