Image

യുവതികളെ മലയിറക്കി, ശബരിമലയില്‍ സമാധാനം പമ്പ കടക്കുന്നു (ശ്രീകുമാര്‍)

ശ്രീകുമാര്‍ Published on 24 December, 2018
യുവതികളെ മലയിറക്കി, ശബരിമലയില്‍ സമാധാനം പമ്പ കടക്കുന്നു (ശ്രീകുമാര്‍)
ഏതാനും ദിവസം ശാന്തമായിരുന്ന പമ്പയും ശബരിമല സന്നിധാനവും വീണ്ടും സംഘര്‍ഷ ഭൂമിയായി. തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം ദര്‍ശനം നടത്താന്‍ ആകാതെ തിരിച്ചുപോയതിന് ശേഷം രണ്ട് മലയാളി യുവതികള്‍ ദര്‍ശനത്തിന് എത്തിയെങ്കിലും അവര്‍ക്കും പതിനെട്ടാം പടി കയറാന്‍ സാധിച്ചില്ല. സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടി വന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ദര്‍ശനത്തിനായി എത്തിയത്. 45 വയസില്‍ താഴെ പ്രായമുള്ളവരാണിവര്‍. ഡിസംബര്‍ 24ന് പുലര്‍ച്ചെ 3.30 ഓടെ ഇവര്‍ പമ്പയിലെത്തിയിരുന്നു. സന്ദര്‍ശന വിവരം മുന്‍കൂട്ടി അറിയിക്കുകയോ സുരക്ഷ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. എങ്കിലും പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് വലയത്തിലാണ് ഇവര്‍ മലകയറിയത്. ഇതിനിടെ ശബരിമലയില്‍ സുരക്ഷയ്ക്കായി ദ്രുതകര്‍മസേനയേയും വിന്യസിച്ചു. അപ്പാച്ചിമേട് വരെ ശക്തമായ പ്രതിഷേധമാണ് ഇരുവര്‍ക്കും നേരെ ഉയര്‍ന്നത്. ഒടുവില്‍ പോലീസ് ഇവരെ തിരിച്ചിറക്കി.

മനിതി സംഘത്തിനും കനത്ത പ്രതിഷേധം നേരിടേണ്ടി വന്നു. ആറു മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ചെന്നൈ ആസ്ഥാനമായുള്ള സ്ത്രീ ശാക്തീകരണ സംഘടനയായ മനിതിയുടെ യുവതികള്‍ ദര്‍ശനം സാധ്യമാവാതെ നിരാശരായി മടങ്ങിയത്. 23ന് പുലര്‍ച്ചെ 3.30ന് പമ്പയിലെത്തിയതു മുതല്‍ വലിയ പ്രതിഷേധങ്ങളാണ് 11 അംഗ സംഘത്തിന് നേരെ ഉയര്‍ന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ നടന്നെങ്കിലും തുടക്കത്തില്‍ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. ഇതോടെ പ്രതിഷേധം കനത്തു. എന്നാല്‍ ദര്‍ശനം നടത്തണമെന്ന് തന്നെയാണ് ആഗ്രഹമെന്നും പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്നും യുവതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല ദര്‍ശനത്തിനായി ഉടന്‍ മടങ്ങി വരുമെന്നും ഇവര്‍ വ്യക്തമാക്കി.

തമിഴ്‌നാട് അതിര്‍ത്തി കടന്നതു മുതല്‍ വലിയ പ്രതിഷേധങ്ങളാണ് മനിതി സംഘത്തിന് നേരെ ഉണ്ടായത്. ഇടുക്കിയിലും കോട്ടയത്തും ഇവരുടെ വാഹനം തടയുകയും വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. മനിതി സംഘം പുലര്‍ച്ചെ പമ്പയിലെത്തിയതു മുതല്‍ പ്രതിഷേധക്കാരും ഇവിടെ തമ്പടിച്ചിരുന്നു. സംഘത്തിന് ചുറ്റുമിരുന്ന് നാമജപ പ്രതിഷേധം നടത്തുകയും ചെയ്തു. എന്നാല്‍ ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന നിലപാടിലായിരുന്നു മനിതി പ്രവര്‍ത്തകര്‍. കടുത്ത പ്രതിഷേധമുയര്‍ത്തി പമ്പയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതോടെ നാടകീയ രംഗങ്ങളാണ് പിന്നീട് പമ്പയില്‍ നടന്നത്. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതും വന്‍ ഭക്തജനത്തിരക്കും പോലീസിന് തലവേദനയായി.

ഇതിനിടയില്‍ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേയ്ക്ക് കടക്കാന്‍ മനിതി സംഘം ശ്രമം നടത്തി. എന്നാല്‍ പമ്പയില്‍ നിന്നും 50 മീറ്റര്‍ കയറിയപ്പോള്‍ പ്രതിഷേധക്കാര്‍ കൂട്ടമായി എത്തിയതോടെ ഇവര്‍ ചിതറി ഓടി. പോലീസും യുവതികളും ഓടി ഗാര്‍ഡ് റൂമില്‍ കയറുകയായിരുന്നു. പിന്നീട് ഇവരെ പോലീസ് വാഹനത്തിലേക്ക് മാറ്റി. യുവതികളെത്തുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും പമ്പയില്‍ ആവശ്യത്തിന് പോലീസ് വിന്യാസം ഉണ്ടായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഒടുവില്‍ മടക്കം പ്രതിഷേധം നിയന്ത്രണാതീതമായതോടെ മനിതിയുമായി പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. സുരക്ഷ ഒരുക്കാമെന്ന് യുവതികളെ അറിയിച്ചെന്നും എന്നാല്‍ അവര്‍ മടങ്ങിപ്പോകാന്‍ തയാറാവുകയായിരുന്നുവെന്നും പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുല ചന്ദ്രന്‍ വ്യക്തമാക്കി.

സംഘം വീണ്ടുമെത്തിയാല്‍ വീണ്ടും സുരക്ഷ നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമല്ല പോലീസ് ബലം പ്രയോഗിച്ച് തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് മനിതി നേതാവ് സെല്‍വി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി ഉടന്‍ തന്നെ തിരികെ വരുമെന്നും അവര്‍ വ്യക്തമാക്കി. പോലീസ് വാഹനത്തിലാണ് ഇവരെ നിലയ്ക്കലില്‍ എത്തിച്ചത്. ശബരിമല ദര്‍ശനത്തിനായി മനിതിയുടെ നേതൃത്വത്തില്‍ ഒരു സംഘം കൂടി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് അവര്‍ പിന്മാറിയെന്നാണ് വിവരം. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മനിതി അംഗങ്ങള്‍ക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തില്‍ നിന്ന് ആദിവാസി നേതാവ് അമ്മിണിയും പിന്മാറി. പമ്പയിലേക്ക് പുറപ്പെട്ട അമ്മിണിയേയും എട്ടംഗ സംഘത്തെയും പോലീസ് എരുമേലിയില്‍ വെച്ച് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സന്നിധാനത്തേയ്ക്ക് എത്തിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് ഇവരെ അറിയിക്കുകയായിരുന്നു.

കാര്യങ്ങള്‍ ഇത്രയും രൂക്ഷമായി തുടരുമ്പോഴും, മകരവിളക്കിന് മുമ്പായി വീണ്ടും സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകള്‍ എത്താനിടയുണ്ടത്രേ. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളും ശബരിമല വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നുണ്ട് എന്നാണ് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ സംഘടനകള്‍ക്ക് കേരളവുമായ ബന്ധമുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ പുറത്ത് വരുന്നുണ്ട്. മകരവിളക്കിന് ശേഷം ജനുവരി 19നാണ് ശബരിമല നടയ്ക്കുക. അതിന് മുമ്പ് തന്നെ പല സംഘങ്ങളും ശബരിമലയില്‍ എത്തിയേക്കും. ഇപ്പോള്‍ തന്നെ പത്തിലധികം സംഘടനകള്‍ നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ഇതിനിടയില്‍ രണ്ട് ദിവസം നട അടയ്ക്കും. എന്തായാലും ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മനിതി സംഘം എത്തിയതോടെ ആണ് ശബരിമലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധി വന്ന് മാസങ്ങള്‍ക്ക് കഴിഞ്ഞിട്ടും ഒരു യുവതിക്ക് പോലും ഇതുവരെ സന്നിധാനത്ത് എത്താന്‍ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പോലീസ് സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയവര്‍ക്ക് പോലും പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നു. പിണറായി സര്‍ക്കാര്‍ നവോത്ഥാനം പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും പ്രവര്‍ത്തിയില്‍ അതില്ലെന്നും വിമര്‍ശനം ശക്തമാവുകയാണ്. അതേസമയം യുവതീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ ഇനി റിസിക് എടുക്കില്ലെന്നാണറിയുന്നത്. ഭക്തര്‍ പ്രകോപിതരാണെന്നും അതുകൊണ്ട് തന്നെ യുവതികളെ സന്നിധാനത്തേക്ക് പൊലീസ് കൊണ്ടു പോകില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചുകഴിഞ്ഞു. മലയിറങ്ങേണ്ടി വന്ന ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും വീടുകളിലും ആക്രമണമുണ്ട്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും മലകയറാന്‍ എത്തിയത്. ഇതിനിടെയാണ് യുവതികളെ പന്തിരിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ അറിയിച്ചത്.

സത്രീ പ്രവേശനമടക്കം ശബരിമലയില്‍ ഉയര്‍ന്ന് വന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ നിരീക്ഷക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സാധാരണക്കാരായിട്ടുള്ള ആളുകള്‍ അല്ല സമിതിയില്‍ ഉള്ളത്. രണ്ട് സമുന്നതരായ മുതിര്‍ന്ന ജഡ്ജിമാരും ഐപിഎസ് ഓഫീസറുമാണ്. അവര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. മറ്റുള്ള കാര്യങ്ങള്‍ക്ക് അവിടെ മറ്റൊരു സമിതി ഉണ്ട്. ഇവര്‍ എല്ലാ ദിവസവും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. സന്നിധാനത്ത് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണെന്ന് ഡി.ജി.പിയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ശബരിമലയില്‍ എത്ര കക്കൂസ് ഉണ്ടെന്നുള്ള അന്വേഷണത്തിനല്ല സമിതിയെ നിയോഗിച്ചതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഹൈക്കോടതി നിരീക്ഷക സമിതി രംഗത്തെത്തി. കടകംപള്ളി സുരേന്ദ്രന് എന്തും പറയാം. ഞങ്ങള്‍ക്കതിനോട് പ്രതികരിക്കാന്‍ കഴിയില്ല. സാദാരണ പോലെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ ചെയ്യുമെന്നും നിരീക്ഷണ സംഘത്തിലെ ജസ്റ്റിസ് പി.ആര്‍ രാമന്‍ പറഞ്ഞു. ഏതായാലും മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ധനയുണ്ട്. 
യുവതികളെ മലയിറക്കി, ശബരിമലയില്‍ സമാധാനം പമ്പ കടക്കുന്നു (ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക