Image

കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് വനിതാ മതില്‍ "മറ'യില്‍ ജോലി

(ശ്രീകുമാര്‍) Published on 31 December, 2018
കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് വനിതാ മതില്‍ "മറ'യില്‍ ജോലി
ക്രിമിനല്‍ പശ്ചാത്തലമുള്ള ഡി.വൈ.എസ്.പി റോഡില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം ഇന്ന് (ഡിസംബര്‍ 31) അവസാനിപ്പിക്കാന്‍ കാരണം വനിതാമതില്‍. ലിംഗ സമത്വവും സ്ത്രീ സുരക്ഷയും ഉയര്‍ത്തിപ്പിടിച്ച് ജനുവരി ഒന്നിന് ഇടതു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വന്‍ വനിതാ മതില്‍ ഉയരുകയാണല്ലോ. ഈ സാഹചര്യത്തില്‍ നീതിക്കുവേണ്ടി ഒരു വിധവ വിജിയും മക്കളും സെക്രട്ടേറിയറ്റ് നടയില്‍ സമരമിരിക്കുന്നത് സര്‍ക്കാരിന് മാനക്കേടാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിജിക്ക് ജോലിനല്‍കാമെന്ന് ഉറപ്പ് കൊടുത്തത്. വിജിക്ക് സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. സി.എസ്.ഐ സഭാ നേതൃത്വം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സ്വഭാവികമായും വിജി സമരം അവസാനിപ്പിച്ചു. ഈ ഉറപ്പ് കിട്ടാന്‍ പക്ഷേ, 22 ദിവസമടുത്തുവെന്നതാ കുറ്റകരമായ അനാസ്ഥയാണ്. നീതി വൈകുന്നത് വീതി നിഷേധിക്കുന്നതിന് തുല്യമാണെന്നാണല്ലോ ആപ്തവാക്യം. ഇന്ന് കിട്ടിയ ഉറപ്പ് നേരത്തെ ആയിക്കൂടായിരുന്നോ എന്ന സ്ഥിരം ചോദ്യം വിജിയുടെ കാര്യത്തിലും ഉയരുന്നു. അതിന് കാരണം അവരുടെ ദയനീയമായ ജീവിത സാഹചര്യങ്ങളാണ്. വനിതാ മതില്‍ പണിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഉറപ്പ് വന്നത്. വനിതാ മതില്‍ പരിപാടി ഇല്ലായിരുന്നെങ്കില്‍ വിജിയുടെ സമരം അനിശ്ചിതമായി നീണ്ടുപോയേനേ എന്നാണ് ഈ അവസാന നിമിഷ മുഖം രക്ഷിക്കലില്‍ നിന്ന് മനസിലാക്കുന്നത്.

വിജിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ ചില വാക്കുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതായിരുന്നു. സമരം അവസാനിപ്പിക്കാന്‍ തന്നെക്കൊണ്ടാവില്ലെന്നും അത് സമരം ചെയ്യുന്നവര്‍ തീരുമാനിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അതാകട്ടെ ജനക്ഷേമ തത്പരനായ ഒരു മുഖ്യമന്ത്രിയുടെ ശബ്ദമല്ല. പതിവ് ധാര്‍ഷ്ട്യത്തിന്റെ പല്ലവിയാണ്. വിജി എന്തിനുവേണ്ടി സമരം ചെയ്യുന്നുവോ, അക്കാര്യം ബന്ധപ്പെട്ടവര്‍ സാധ്യമാക്കിയാലല്ലേ അവര്‍ക്ക് സമരത്തില്‍ നിന്ന് പിന്‍മാറാനൊക്കൂ എന്ന സാമാന്യ ബുദ്ധി പിണറായിക്ക് ഇല്ലാഞ്ഞിട്ടല്ല. പക്ഷേ ഇങ്ങനെയൊക്കെ പറഞ്ഞേ ശിലമുള്ളൂ, സഖാവിന്.

സര്‍ക്കാര്‍ നല്‍കിയ വാക്കു പാലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 22 ദിവസമായി വിജി സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരത്തിലായിരുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ ഈ പുതു വര്‍ഷം മുതല്‍ കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കാനിരിക്കുകയായിരുന്നു വിജിയും കുടുംബവും. 2018 നവംബര്‍ അഞ്ചിനാണ് സനല്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡി.വൈ.എസ്. പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. നെയ്യാറ്റിന്‍കര മുന്‍ ഡി.വൈ.എസ്.പി ഹരികുമാര്‍ ഓടുന്ന വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് െ്രെകം ബ്രാഞ്ച് കേസ്.

നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി ഹരികുമാര്‍ അതിവേഗതയില്‍ വരുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ടതാണ് സനല്‍ മരിക്കാന്‍ ഇടയാക്കിയത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി സനല്‍കുമാറിനെ മര്‍ദിച്ച ശേഷം റോഡിലേക്ക് പിടിച്ചു തള്ളുകയായിരുന്നു. തള്ളിയ വേളയില്‍ വാഹനമിടിച്ച് സനലിന്റെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് പോലീസുകാര്‍ തന്നെ സനലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സനല്‍കുമാര്‍ വന്നിടിച്ച വാഹനത്തിന്റെ ഉടമസ്ഥനായ നിഖില്‍ കുമാര്‍ ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിന്നു. ആശുപത്രിയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പെട്ടെന്ന് കാറിലേക്ക് എന്തോ വീഴുകയായിരുന്നെന്നാണ് നിഖില്‍ വ്യക്തമാക്കിയത്. ഹമ്പ് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് എന്തോ ഒന്നു വണ്ടിയിലേക്ക് വന്നു വീണു. പ്രതികരിക്കാന്‍ സമയം കിട്ടിയിരുന്നില്ല. പെട്ടെന്ന് വണ്ടി ബ്രേക്ക് ചവിട്ടി നിര്‍ത്തി പുറത്തിറങ്ങി നോക്കിയമ്പോഴാണ് വന്നിടിച്ചത് മനുഷ്യനാണെന്ന് മനസ്സിലായത്.

കാര്‍ പെട്ടെന്ന് തന്നെ നിര്‍ത്തിയിതിനാല്‍ സനലിന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയിരുന്നില്ല. ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ക്ക് ശ്വാസം ഉണ്ടായിരുന്നു. പെട്ടെന്ന് നാട്ടുകള്‍ സ്ഥലത്ത് ഓടിക്കൂടി. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസും എത്തി. അവരോടെല്ലാം താന്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചെന്നും നിഖില്‍ പറയുന്നു. തലക്കേറ്റ ക്ഷതമാണ് സനലിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എല്ലുകള്‍ ഒടിഞ്ഞു. കൂടാതെ റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ വീണ്ടും തലയിടിച്ചു. വാരിയെല്ലും വലതു കൈയ്യുടെ എല്ലുമാണ് പൊട്ടിയത്. റോഡിലേക്ക് വീണ സനലിന്റെ തലയില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. മരണ വെപ്രാളത്തില്‍ കഴിയുമ്പോള്‍ സനലിനെ പോലീസ് മദ്യം കുടിപ്പിച്ചെന്ന് സഹോദരി നേരത്തെ ആരോപിച്ചിരുന്നു.

സംഭവശേഷം മുങ്ങിയ ഡി.വൈ.എസ്.പിയെ ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ""മരണം എല്ലാവര്‍ക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്. ദൈവത്തിന്റെ വിധി നടപ്പിലായി...'' എന്നായിരുന്നു ഹിരികുമാര്‍ മരിച്ചതറിഞ്ഞ് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചത്. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കുരുക്കുമുറുക്കിയതോടെ താന്‍ ജയിലിലാകുമെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയവും ഹരികുമാറിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് ഇയാള്‍ ധരിച്ച ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്നു. ""സോറി ഞാന്‍ പോകുന്നു...എന്റെ മകനെകൂടി ചേട്ടന്‍ നോക്കിക്കോണം...'' എന്ന് മാത്രമായിരുന്നു ഭാര്യക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ എഴുതിയിരുന്നത്. ഹരികുമാറിനെ തേടി െ്രെകംബ്രാഞ്ച് സംഘം ഇതര സംസ്ഥാനങ്ങളില്‍ തിരയുന്നുതിനിടെയാണ് സ്വന്തം വിട്ടീലെത്തി ജീവനൊടുക്കിയത്. നായകള്‍ക്ക് ആഹാരം നല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ഹരികുമാര്‍ മുണ്ടില്‍ തൂങ്ങിമരിച്ചതായി ആദ്യം കണ്ടതും പോലീസിനെ അറിയിച്ചതും.

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വിജിയുടെ വീട് ജപ്തി ഭീഷണിയിലാണ്. വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ് മേധാവി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍നടപടി നിലച്ചതാണ് കുടുംബത്തെ സമരത്തിന് പ്രേരിപ്പിച്ചത്. വിജിക്ക് ജോലിയും കുടുംബത്തിന് സഹായവും നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം നടത്തിയിരുന്നു.35 ലക്ഷം രൂപയുടെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിന്റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു. സനലിന്റെ അച്ഛന്‍ ജോലിയില്‍ നിന്ന് വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ആത്മഹത്യ ചെയ്തിരുന്നു. സനല്‍ കൂടി മരിച്ചതോടെ ചെറിയ മക്കളെയും കൊണ്ട് വീട് വിട്ടിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി വിജി.

വിജി സമരം ചെയ്യുന്നതിനിടെ സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി എം.പിയും രംഗത്തെത്തിയിരുന്നു. വിജിക്ക് അദ്ദേഹം മൂന്ന് ലക്ഷത്തിന്റെ ചെക്ക് കൈമാറുകയും ചെയ്തു. വീട് പണയം വച്ച് വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനായിരുന്നു സുരേഷ് ഗോപിയുടെ സഹായം. വിജിക്കൊപ്പം മക്കളും സനലിന്റെ അമ്മയുമാണ് ഈ വീട്ടിലുളളത്. വിജിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിയില്ലത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 10നാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ വിജിയും മക്കളും അമ്മയും സമരം ആരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക