Image

പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സര്‍ക്കുലര്‍ പിന്‍വലിച്ചു, തിരുവാഭരണ ഘോഷയാത്രയെ ആയിരങ്ങള്‍ അനുഗമിക്കും

Published on 12 January, 2019
 പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സര്‍ക്കുലര്‍ പിന്‍വലിച്ചു, തിരുവാഭരണ ഘോഷയാത്രയെ ആയിരങ്ങള്‍ അനുഗമിക്കും

നാമജപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുള്ളവര്‍ക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പൊലീസിന്റെ നിലപാട് മറികടന്ന് ആയിരങ്ങള്‍. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സര്‍ക്കുലര്‍ പിന്‍വലിച്ചു. ക്ഷേത്രോപദേശക സമിതിക്ക് അപേക്ഷ നല്‍കിയ ആയിരം പേര്‍ക്ക് ദേവസ്വം അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ പാസ് ഒപ്പിട്ട് നല്‍കി.

ഇതോടെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് പന്തളത്തേക്ക് എത്തിയത്. നാമജപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന തോന്നല്‍ വന്നതോടെ കൊട്ടാരം നിര്‍വാഹക സമിതി ശക്തമായ നിലപാടുമായി രംഗത്തെത്തി. അനുകൂലിച്ച്‌ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയതോടെ തിരുവാഭരണ ഘോഷയാത്ര തന്നെ അനിശ്ചിതത്വത്തിലാകുമെന്ന അന്തരീക്ഷം ഉടലെടുത്തു.

ഇന്ന് പുലര്‍ച്ചെ നടപടി പൂര്‍ത്തിയാക്കി പന്തളം സാമ്ബ്രിക്കല്‍ കൊട്ടാരത്തിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ പേടകങ്ങളിലാക്കി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുവച്ചു.വിഷയം വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും വഴിതെളിക്കുമെന്ന് കണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് ചര്‍ച്ച നടത്തി.

പുലര്‍ച്ചെ 4 മുതല്‍ തന്നെ വന്‍ ഭക്തജനത്തിരക്കാണ് പന്തളത്ത് അനുഭവപ്പെടുന്നത്. ഉച്ചയോടെ ശൈവ-വൈഷ്ണവ സാന്നിദ്ധ്യം വിളിച്ചോതി ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറക്കുന്നതോട പന്തളം താര എന്നറിയപ്പെടുന്ന പരമ്ബരാഗത കാനന പാതയിലൂടെ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. ആദ്യ ദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും വിശ്രമിക്കുന്ന തിരുവാഭരണ ഘോഷയാത്ര 14ന് വൈകിട്ട് 4 ഓടെ ശരംകുത്തിയിലെത്തും.

ഇവിടെനിന്ന് ദേവസ്വം ബോര്‍ഡും പൊലീസും അയ്യപ്പസേവാസംഘം വാളന്റിയമാരും ചേര്‍ന്ന് സ്വീകരിച്ച്‌ സന്നിധാനത്ത് എത്തിക്കും.സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച്‌ ശ്രീലകത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നട അടച്ച്‌ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തും. നടതുറക്കുന്നതോടെ പൊന്നമ്ബല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും. ഇതാണ് കാലാ കാലങ്ങളായുള്ള ആചാരം. ഇത്തവണയും അതിനു മാറ്റമൊന്നും വരില്ലെന്നാണ് ഭക്തരുടെ പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക