ശബരിമലയില്‍ ദര്‍ശനം നടത്താതെ പിന്നോട്ടില്ലെന്ന് രേഷ്മ നിഷാന്തും ഷാനിലാ സജേഷും. ഇരുവരും പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയാണ്. അതേസമയം ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നിരാഹാര സമരം തുടങ്ങി.ഇന്ന് രാവിലെയാണ് രേഷ്മയും ഷാനിലയും ശബരിമല ദര്‍ശനത്തിനായി എത്തിയത്. പുലര്‍ച്ചെ നാലരയോടെ ഇരുവരും മല കയറാന്‍ ആരംഭിച്ചു.
ഇവര്‍ക്കൊപ്പം പുരുഷന്മാര് അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. പമ്ബ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.
ഇതോടെ ചിലര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. വാര്‍ത്ത പരന്നതോടെ നിരവധി പേര് തടിച്ച് കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.
അന്യസംസ്ഥാനത്ത് നിന്ന് വന്നവരായിരുന്നു പ്രതിഷേധിച്ചവരില്‍ ഏറെയും. എന്നാല്‍ ഇരുവരും പിന്തിരിയാന് തയ്യാറായില്ല. ഇതോടെ ബലംപ്രയോഗിച്ചാണ് ഇരുവരേയും ഇറക്കിയത്.
എന്തൊക്കെ സംഭവിച്ചാലും ദര്‍ശനം നടത്തിയേ മടങ്ങുള്ളൂവെന്ന് കണ്ണൂര്‍ സ്വദേശിയായ രേഷ്മ പറഞ്ഞു. വ്രതമെടുത്താണ് മാലയിട്ടത്. അതിനാല്‍ ദര്‍ശനം നടത്താതെ പോകില്ലെന്നും രേഷ്മ വ്യക്തമാക്കി