കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിയെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ 23 പാര്‍ട്ടികളും ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളുമാണ് പങ്കെടുത്തതെന്ന് അദ്ദേഹം പരിഹസിച്ചു.
എന്‍ഡിഎയ്ക്ക് ഒരു നേതാവേയുള്ളു. എല്ലാവരും പ്രധാനമന്ത്രി മോദിക്ക് പിന്നില്‍ അണിനിരക്കുകയാണെന്നും മാല്‍ഡയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കവെ അമിത് ഷാ അവകാശപ്പെട്ടു.
മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്രപ്രേദശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ അടക്കമുള്ളവരാണ് പങ്കെടുത്തത്. തൊട്ടുപിന്നാലെയാണ് ബിജെപിയും റാലി നടത്തിയത്.