Image

ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് മിഷ്യന്‍ ഹാക്കിംഗ് ; സത്യവും മിഥ്യയും

ജയമോഹന്‍ എം Published on 22 January, 2019
ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് മിഷ്യന്‍ ഹാക്കിംഗ് ; സത്യവും മിഥ്യയും
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ് സയീദ് ഷൂജ എന്ന ഹാക്കറുടെ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ബിജെപിക്ക് വേണ്ടി വോട്ടിംഗ് മിഷ്യന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹാക്ക് ചെയ്തു എന്നല്ലാതെ എങ്ങനെയാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് മിഷ്യന്‍ ഹാക്ക് ചെയ്തത് എന്നതിന്‍റെ വിവരണങ്ങളോ രീതികളോ സയീദ് ഷൂജ നല്‍കിയില്ല. അടിമുടി ദൂരൂഹതയില്‍ തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍. 
ഹാക്കിംഗ് നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുമ്പോള്‍ വീഡ്ഡിത്തമെന്നാണ് ഈ ആരോപണത്തെക്കുറിച്ച് ബിജെപി പറയുന്നത്. മോദിയുടെ കീഴില്‍ ബീജെപി വീണ്ടും വിജയം നേടുമെന്ന ഭയം കാരണം കോണ്‍ഗ്രസ് കെട്ടിച്ചമയ്ക്കുന്നതാണ് ഈ ഹാക്കിംഗ് ആരോപണം എന്നതാണ് ബിജെപിയുടെ പക്ഷം. 
വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ തിരഞ്ഞെടുപ്പിലെ പ്രധാന സാങ്കേതിക വിദ്യയായ ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യനെക്കുറിച്ച് ഏറെ നാളുകളായി പലവിധ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇവിഎം എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന വോട്ടിംഗ് മിഷ്യന്‍ ഹാക്ക് ചെയ്യുക എന്നത് അസംഭവ്യമാണെന്ന് ഐ.ടി വിദഗ്ധര്‍ തന്നെ പറയുന്നു. 

ഇവിഎം ഇംപ്ലിമെന്‍റ് ചെയ്ത 1999 മുതല്‍ ഇന്ത്യയില്‍ കേള്‍ക്കുന്ന ഒരു കാര്യമാണ് ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയുമെന്നത്. ഈ വാദം കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് ഇന്ന് ബിജെപിയിലുള്ള ശ്രീ.സുബ്രമണ്യന്‍ സ്വാമിയാണ് ആദ്യമായി ഉന്നയിക്കുന്നത്. പിന്നീടിങ്ങോട്ട് പരാജയപ്പെടുന്ന മുറയ്ക്ക് എല്ലാ രാഷ്ട്രീയ കക്ഷികളും ഈ ആരോപണം ഉന്നയിക്കാറുണ്ട്. 
കഴിഞ്ഞ പത്തൊമ്പത് വര്‍ഷത്തിനിടെ അഞ്ചൂറിലധികം ആരോപണങ്ങള്‍ ഇവിഎമ്മിനെക്കുറിച്ച് വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി ആരും പ്രൂവ് ചെയ്തിട്ടില്ല. 2009ല്‍ ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും ആര്‍ക്കെങ്കിലും അതിന് സാധിക്കുമെങ്കില്‍ നേരിട്ട് തെളിയിക്കാനും ആവശ്യപ്പെട്ടുകൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ ഓപ്പണ്‍ ചലഞ്ച് നല്‍കിയിരുന്നു. പക്ഷെ ആരും മുമ്പോട്ടു വന്നതുമില്ല തെളിയിച്ചുമില്ല. 
പിന്നീട് 2017 മെയ് മാസത്തിലെ ആദ്യ പത്ത് ദിവസങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ വീണ്ടും ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് തെളിയിക്കാന്‍ ലോകത്തെ എല്ലാ ടെക്നോക്രാറ്റുകള്‍ക്കും ഐ.ടി വിദഗ്ധര്‍ക്കും അവസരം നല്‍കി. ഒരാള്‍ പോലും ശ്രമിച്ചു നോക്കാന്‍ വേണ്ടിപ്പോലും മുമ്പോട്ടു വന്നില്ല എന്നതാണ് ഏറെ രസകരം. ആരോപണം ഉന്നയിച്ച ഒരു രാഷ്ട്രീയ കക്ഷിയും വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായില്ല. 

എന്താണ് ഇവിഎം - ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഇന്ത്യയും ചേര്‍ന്ന് നിര്‍മ്മിച്ച ഇവിഎം ഒരു സ്റ്റാന്‍ഡ് എലോണ്‍ മെഷീന്‍ ആണ്. അതായത് ഇന്‍റനെറ്റുമായോ അല്ലെങ്കില്‍ ഏതെങ്കിലും വയര്‍ലസ് ചാനലിലൂടെയോ ഒരു വിധത്തിലുമുള്ള കണക്ടിവിറ്റിയും എസ്റ്റാബ്ലിഷ് ചെയ്യാന്‍ ഇവിഎമ്മില്‍ കഴിയില്ല. യാതൊരു വിധത്തിലുമുള്ള റേഡിയോ സിഗ്നല്‍സ് സംപ്രേക്ഷണമോ, സ്വീകരണമോ നടത്താന്‍ കഴിയാത്ത ഒരു സ്റ്റാന്‍ഡ് എലോണ്‍ സിസ്റ്റമാണ് ഇവിഎം. ഹാക്കിംഗ് ഈ സിസ്റ്റത്തില്‍ അസാധ്യം. 
1982ല്‍ ആണ് ഇന്ത്യയില്‍ ഇവിഎം ആദ്യമായി ഉപയോഗിച്ചത്. കേരളത്തിലെ നോര്‍ത്ത് പറവൂര്‍ മണ്ഡലത്തിലെ ബൈ ഇലക്ഷനിലായിരുന്നു ഇത്. അന്ന് തിരഞ്ഞെടുത്ത് ഏതാനും ബൂത്തുകളില്‍ മാത്രമായിരുന്നു ഇവിഎം ഉപയോഗിച്ചതെങ്കില്‍ പിന്നീട് ഫുള്‍ ഫെഡ്ജ് ആയി ഒരു ഇലക്ഷന്‍ മുഴുവനും ഇവിഎം സഹായത്തോടെ നടത്തിയത് 1999ല്‍ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. 

ഇവിഎമ്മിന്‍റെ സെക്യൂരിറ്റി ഫീച്ചറുകളിലൊന്നാണ് വണ്‍ ടൈം പോഗ്രാമീംങ്. ഒരിക്കല്‍ പോഗ്രാം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അതില്‍ യാതൊരു മാറ്റങ്ങളും സാധ്യമല്ല. ഇനി ചിപ്പ് തന്നെ റിപ്ലേസ് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ഒരു ഇവിഎമ്മിലെ ചിപ്പിന് പകരം പുതിയതൊന്ന് ഇവിഎമ്മിന്‍റെ മറ്റുള്ള ഹാര്‍ഡ്വേര്‍ കമ്പോണന്‍റസിനോട് യോജിക്കില്ല. 
ഇത് കൂടാതെ ഇവിഎം ട്രാക്കിംഗ് സിസ്റ്റം, റിയില്‍ ടൈം ക്ലോക്കുകള്‍, ജിപിഎസ് സിസ്റ്റം എന്നിവയും ടെക്നിക്കല്‍ സെക്യൂരിറ്റീസായി കൂടെയുണ്ട്. ഇത് കൂടാതെ ഓഡിറ്റ് ട്രെയലിനു വേണ്ടി സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഢഢജഅഠ ഉം ഇവിഎമ്മിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഏതെങ്കിലും സംശയം വന്നാല്‍ ഢഢജഅഠ വിവരങ്ങള്‍ ക്രോസ് വെരിഫൈ ചെയ്യാന്‍ സാധിക്കും. ഈ ടെക്നിക്കല്‍ സുരക്ഷകളെക്കൂടാതെ അഡ്മിനിസ്ട്രേറ്റീവ് തലത്തില്‍ അതീവ സുരക്ഷാഘട്ടങ്ങളാണ് ഇവിഎം വോട്ടിംഗ് സമയത്തുള്ളത്. 
ആറ് ഘട്ടങ്ങളായിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ചെക്കീംഗുകളാണ് ഇവിഎം വോട്ടിംഗ് സമയത്തുള്ളത്. 
എഫ്.എല്‍.സി സെക്യൂരിറ്റി ചെക്ക്,
സ്റ്റേക്ക് ഹോള്‍ഡേഴ്സ് പാര്‍ട്ടിസിപ്പേഷന്‍, 
മോക് പോള്‍ ടെസ്റ്റ്, 
റാന്‍ഡമൈസേഷന്‍, 
കാന്‍ഡിഡേറ്റ് അലോക്കേഷന്‍, 
രണ്ടാം റാന്‍ഡമൈസേഷന്‍, 
പോളിംഗ് ദിവസത്തെ ടെസ്റ്റ്, 
പോളിംഗ് ദിവസത്തെ മോക് പോള്‍  എന്നിവയാണവ. 
ഓരോ ടെസ്റ്റിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ പങ്കാളികളാകുകയും ചെയ്യുന്നു. ഇതുകൂടാതെ ഇവിഎം മിഷ്യന്‍ രണ്ടു തവണ മാറ്റിയാണ് ഓരോ ബൂത്തിലും എത്തുന്നത്. ഏത് മിഷ്യന്‍ ഏത് ബൂത്തിലേക്ക് പോകുമെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല. ഇനി അറിഞ്ഞാലും ഏത് ബട്ടണാണ് ഏത് ചിഹ്നത്തിന് അസൈന്‍ ചെയ്യുന്നതെന്ന് അറിയാന്‍ കഴിയില്ല. ഇതെല്ലാം മറികടന്ന് ഏതെങ്കിലും ഹാക്കിംഗ് പരിപാടി നടന്നാല്‍ തന്നെ പോളിംഗ് ദിവസം പോളിംഗ് ബൂത്തിലുള്ള മോക്ക് പോളില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഇത് കൂടാതെ ഓരോ മിഷ്യന്‍റെയും പിങ്ക്സ്ലിപ് കവചം, 24 മണിക്കൂര്‍ പോലീസ് സെക്യൂരിറ്റി എന്നിവ വേറെ. ഇത്രമേല്‍ സങ്കീര്‍ണ്ണവും സുരക്ഷിതവുമാണ് ഇവിഎമ്മിന്‍റെ സെക്യൂരിറ്റി സംവിധാനങ്ങള്‍ എന്ന് ചുരുക്കം. 
ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇന്ന് വരെയും നേരിട്ട് ഈ ആരോപണം തെളിയിക്കാനുള്ള സാധ്യതകള്‍ തേടാത്തതും ഇലക്ഷന്‍ കമ്മീഷന്‍റെ വെല്ലുവിളി സ്വീകരിക്കാത്തതും ആരോപണങ്ങള്‍ വെറും ആരോപണങ്ങള്‍ മാത്രമാണ് എന്ന അവസ്ഥയിലെത്തിക്കുന്നു. ഇപ്പോള്‍ ഉന്നയിക്കുന്ന ഹാക്കറുടെ വെളിപ്പെടുത്തലും അതുപോലെയൊരു കെട്ടുകഥയാവാനുള്ള സാധ്യതയാണ് ഏറെയും മുമ്പിലുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക