Image

പ്രീയങ്ക ഗാന്ധിയുടെ പാരമ്പര്യം മോദി രാഷ്ട്രീയത്തിന് ബദലാകുമോ (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 23 January, 2019
പ്രീയങ്ക ഗാന്ധിയുടെ പാരമ്പര്യം മോദി രാഷ്ട്രീയത്തിന് ബദലാകുമോ (കലാകൃഷ്ണന്‍)


ഒരു തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിന് മുമ്പ് ഒരു തരംഗം സൃഷ്ടിച്ചെടുക്കുക. 2014ല്‍ മോദിയെന്ന വികസന നായകന്‍ ഇമേജ് തീര്‍ത്ത തരംഗമാണ് ബിജെപിക്ക് ഒരു പുതുരാഷ്ട്രീയ വാതില്‍ തുറന്നു നല്‍കിയത്. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ബിജെപിയുടേത് തനി വര്‍ഗീയ രാഷ്ട്രീയമാണെന്ന് രാജ്യം നേരിട്ട അനുഭവങ്ങള്‍ നിരവധി. ഇതിനിടയില്‍ ലോക്സഭയുടെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സുപ്രധാന സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് മടങ്ങി വരുമെന്ന് ഒരു പ്രതീതി എവിടെയുമുണ്ടായിരിക്കുന്നു. 

എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ച മഹാസഖ്യം പൊളിഞ്ഞു. എസ്.പിയും ബിഎസ്പിയും സഖ്യം ചേര്‍ന്നു. കോണ്‍ഗ്രസ് പുറത്തായി. ബീഹാറിലും സഖ്യസാധ്യതകള്‍ പരുങ്ങലിലാണ് കോണ്‍ഗ്രസിന്. ഫലത്തില്‍ കൈയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് ഇപ്പോഴും കോണ്‍ഗ്രസിന്‍റെ കാര്യങ്ങള്‍.

ഇവിടേക്കാണ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രീയങ്കാ ഗാന്ധി കടന്നുവരുന്നത്. ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് കരുതിയിരുന്ന നെഹ്റു കുടുംബത്തിലെ ഇളമുറക്കാരി. താരപരിവേഷം വേണ്ടുവോളമുള്ള റാണി. പ്രീയങ്കയെ കളത്തിലറക്കുമ്പോള്‍ ഒരു തരംഗം തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ മഹാസഖ്യം എന്ന ആശയത്തെയും മറികടന്ന് ബിജെപി കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യം എന്ന ആശയവും ശക്തമാണ് എന്ന് കോണ്‍ഗ്രസ് നന്നായി മനസിലാക്കുന്നുണ്ട്. കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാതെ എസ്പിയും ബിഎസ്പിയും യുപിയില്‍ സഖ്യമുണ്ടാക്കിയപ്പോള്‍ മുതല്‍ ആ പ്രതിസന്ധി കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. 

എന്നാല്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമെന്ന ഒരു തരംഗം സൃഷ്ടിച്ചെടുക്കുക എന്നതാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ഏറ്റവും അത്യാവശ്യം. അതിന് മോദിക്ക് എതിരാളി രാഹുല്‍ എന്ന സമവാക്യം പോര. കൂടുതല്‍ കരുത്തനായ ഒരു  എതിരാളി കളത്തിലേക്ക് ഇറങ്ങേണ്ടതുണ്ടായിരുന്നു. കരുത്തയായ എതിരാളി എന്നതിനേക്കാള്‍ മോദിക്ക് ഒത്ത സ്റ്റൈലിഷ് എതിരാളി തന്നെയാണ് പ്രീയങ്കാ ഗാന്ധി. 

പ്രസംഗകലയില്‍ മോദി വിദഗ്ധനെങ്കില്‍ തേച്ച് മിനുക്കിയെടുത്താല്‍ മോദിക്കും ഒരുപടി മുകളില്‍ നില്‍ക്കും പ്രീയങ്കാ ഗാന്ധി. ബുദ്ധമത പഠനത്തില്‍ ബിരുദാനന്തര ബിരുദമുള്ള പ്രീയങ്കയ്ക്ക് അത് നിസാരമായി സാധിക്കുമെന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. രണ്ടാമതായി പ്രീയങ്ക ജനങ്ങളിലേക്ക് സംവദിക്കുന്ന ഒരു ലുക്ക് ആന്‍ഡ് ഫീലാണ്. സോ സ്റ്റൈലിഷ് എന്ന് ആരും പറയുന്ന പ്രീയങ്ക കളത്തിലിറങ്ങിയാല്‍ ചെറുപ്പക്കാരുടെ ഒരു ട്രെന്‍ഡ് സെറ്ററാകുമെന്ന് തീര്‍ച്ച. ചുരുദാറിലും കോട്ടണ്‍ സാരിയിലും ബോളിവുഡ് റാണിയെ പോലെ തിളങ്ങുന്ന പ്രീയങ്ക ആഭരണങ്ങള്‍ തീരെ ഉപയോഗിക്കാത്ത കൂട്ടത്തിലുമാണ്. എന്നാല്‍ വസ്ത്രധാരണത്തില്‍ സ്വന്തമായ ഐഡന്‍റിറ്റി നിലനിര്‍ത്തുന്നയാളുമാണ്. എല്ലാത്തിനും ഉപരിയായി ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന മുഖം പ്രീയങ്കയ്ക്ക് രാഷ്ട്രീയത്തില്‍ ഏറെ ഗുണം ചെയ്യും. 

രാഷ്ട്രീയക്കസേര രാഹുലിന് നല്‍കി നെഹ്റു കുടുംബത്തിന് ഉള്ളിലേക്ക് ഒതുങ്ങിയ പ്രീയങ്ക ഇപ്പോള്‍ തിരിച്ചെത്തുന്നത് ഇത് തങ്ങള്‍ക്കുള്ള അവസാന അവസരമാണ് എന്ന് മനസിലാക്കി തന്നെയാണ്. നിയമസഭയില്‍ നേടിയ വിജയങ്ങളിലൊന്നുമല്ല കാര്യം. ഇത്തവണ രാജ്യം കൈവിട്ടാല്‍ ബിജെപിയുടെ മുദ്രാവാക്യമായ കോണ്‍ഗ്രസ് വിമുക്ത ഭാരതം അക്ഷരാര്‍ഥത്തില്‍ സംഭവിക്കുമെന്ന് തീര്‍ച്ച. അതിനെ മറികടക്കണമെങ്കില്‍ ഒരു തരംഗം തീര്‍ച്ചയായും വേണം. അതാണ് കോണ്‍ഗ്രസിന് പ്രിയങ്കാ ഗാന്ധി. 
എന്നാല്‍ കേവലം ഒരു തരംഗത്തിന് അപ്പുറത്തേക്ക് പ്രീയങ്കയ്ക്ക് രാഷ്ട്രീയത്തെ

 ചലിപ്പിക്കാന്‍ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. പ്രീയങ്കയ്ക്ക് ഏറ്റവും വലിയ ഭാരമാകുക ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ ഇമേജ് തന്നെ. തികച്ചും അഴിമതിക്കാരന്‍ എന്ന വധേരയുടെ ഇമേജിനെ നാളെ ബിജെപി ഏത് വിധമാണ് വലിച്ചു പുറത്തേക്കിടുക എന്ന പ്രവചിക്കുക അസാധ്യം. ഇന്ത്യന്‍ ജനാധിപത്യത്തെയും ആം ആദ്മി അഥവാ പൊതുജനത്തെയും പരിഹസിച്ചുകൊണ്ട് മാംഗോ പീപ്പിള്‍ ഇന്‍ ബനനാ റിപ്ലബിക്ക് എന്ന് ഫേസ്ബുക്കില്‍ കുറിച്ച റോബട്ട് വധേരയുടെ ഭാര്യയെ രാജ്യം ഏല്‍പ്പിച്ചുകൊടുക്കാന്‍ പോകുന്നോ എന്ന് ഉറക്കെ ഉറക്കെ ചോദിക്കാന്‍ പോകുന്ന മോദിയുടെ പ്രസംഗങ്ങള്‍ക്ക് എന്ത് മറുപടിയാണ് കോണ്‍ഗ്രസിന്‍റെ പക്കലുണ്ടാകുക എന്നത് ഇനി അറിയേണ്ട കാര്യമാണ്. 

ഒരു ട്രെയിന്‍ഡ് പൊളിറ്റീഷ്യനായ നരേന്ദ്രമോദിയോട് ഇപ്പോഴും എതിര്‍ത്ത് നില്‍ക്കാന്‍ ഇത്രനാളത്തെ കരിയര്‍ കൊണ്ട് രാഹുലിന് കഴിയുന്നില്ലെങ്കില്‍ പിന്നെ പ്രീയങ്കയ്ക്ക് എങ്ങനെ കഴിയുമെന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യത്തിനെല്ലാം മറുപടി നല്‍കേണ്ടത് പ്രീയങ്കയാണ്. ആ മറുപടികളുമായി പ്രീയങ്ക അടുത്ത ആഴ്ച കിഴക്കന്‍ യുപിയില്‍ എത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക