Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 32: സാംസി കൊടുമണ്‍)

Published on 11 February, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 32: സാംസി കൊടുമണ്‍)
ജീവിതത്തിന്റെ പുറംപോക്കിലേക്ക് ചില ജീവിതങ്ങള്‍ നടന്നു കയറാറില്ലേ...? ഷീല അത്തരത്തിലൊരാള്‍ ആണോ? അവള്‍ ദുഃഖിതയും വിഷാദിയുമായിരുന്നു. പൊടിയുന്ന ചെറുമഞ്ഞ് അവള്‍ അറിഞ്ഞില്ലെന്നു തോന്നുന്നു. വെളുത്ത മഞ്ഞില്‍ അവളുടെ കാലടികള്‍. അവള്‍ പത്തടി നടന്നപ്പോഴേക്കും അവളുടെ കാല്‍പാടുകള്‍ മഞ്ഞ് തുടച്ചു. അവളുടെ അസ്തിത്വം എന്നപോലെ. സാധാരണ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ അവള്‍ മനോഹരമായി ചിരിച്ച്, നാളെ കാണാം എന്നു പറയാറുണ്ട ്. ഇന്ന് ഒരപരിചിതയെപ്പോലെ അവള്‍ ഇറങ്ങിപ്പോയി. അവള്‍ കണ്ണുകള്‍കൊണ്ട ് ഒന്ന് നോക്കി, വിഷാദമായിരുന്നു. കരയാന്‍ വെമ്പുന്നപോലെ. കുറെ നാളുകളായി വൈകിട്ട് നാലുമണിയുടെ ട്രിപ്പിനവള്‍ സബ്‌വേയില്‍ നിന്നു കയറും. ഒരു മലയാളി എന്ന നിലയില്‍ സംഭാഷണം തുടങ്ങിയത് താനാണ്. ആദ്യമൊക്കെ ഒന്നു മടിച്ചെങ്കിലും പിന്നെ അവള്‍ നല്ല സുഹൃത്തായി. അവള്‍ക്ക് ജോണിനെ അറിയാം എന്നു പറഞ്ഞു. കഴിഞ്ഞ പിക്കിന്, ഇത് ജോണിന്റെ റണ്ണായിരുന്നു. അവര്‍ മുന്‍പേ പരിചിതര്‍ ആയിരുന്നു. ജോണ്‍ അവളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെ ന്ന കാര്യം അയാള്‍ അവളില്‍ നിന്നും മറച്ചു. അല്പം കറുത്തിട്ടാണെങ്കിലും, അവള്‍ സുന്ദരിയായിരുന്നു. ആത്മാവില്‍ അവള്‍ നിഷ്കളങ്കയായിരുന്നു. അതുകൊണ്ട ു തന്നെ അവളുമായി സംസാരിക്കുമ്പോള്‍, മനസ്സിനൊരുണര്‍വ്വും ഉന്മേഷവും തോന്നും. എപ്പോഴും അതിരുകള്‍ സൂക്ഷിക്കാന്‍ രണ്ട ു പേരും ശ്രദ്ധിച്ചിരുന്നു. അവളുടെ കണ്ണുകളിലെ ദുഃഖം, ജോസേട്ടാ.... ഞാന്‍ നന്നായി പറ്റിക്കപ്പെട്ടിരിക്കുന്നു എന്നു പറയുംപോലെ. ജോണ്‍ അവളെയും വിട്ടു കാണും. അവന് പുതിയ ഇരകള്‍ കൈവന്നു കാണും.

മഞ്ഞ് കട്ടിയായി വീഴാന്‍ തുടങ്ങുന്നു. ഇതു ലാസ്റ്റ് ട്രിപ്പാണ്. ഷീല അങ്ങു ദൂരെ മഞ്ഞില്‍ അലിഞ്ഞ് ഇല്ലാതാകുംപോലെ. അല്ലെങ്കിലും അവള്‍ ഇല്ലാതായവളാണല്ലോ. ജോണിനുവേണ്ട ി അവള്‍ എന്തും ചെയ്യുമായിരുന്നു. ശരീരം ഒരിലഞ്ഞിമരംപോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന കാലത്താണ് ജോണുമായി അവള്‍ പരിചയപ്പെട്ടത്. ജോണ്‍ അവളുടെ കണ്ണുകളിലേക്കു നോക്കി അവളെ വായിച്ചു. അവന്‍ അവളിലേക്ക് ചാഞ്ഞു. നോക്കി ദഹിപ്പിക്കുന്ന അനേകം പുരുഷന്മാരെ അവള്‍ കണ്ട ിട്ടുണ്ട ്. പക്ഷേ ജോണ്‍ അവള്‍ പറയാന്‍ കൊതിച്ചതൊക്കെ പറഞ്ഞു. മുപ്പതു വര്‍ഷമായി പൊതിഞ്ഞുവെച്ചതൊക്കെ ഒന്നു തുറന്നു കാട്ടാന്‍ അവള്‍ കൊതിക്കുന്നുണ്ട ായിരുന്നു. നാട്ടില്‍ നിന്നും ചേച്ചി കൊണ്ട ുവന്നു. ആര്‍. എന്‍.പാസ്സായി ജോലി ആരംഭിച്ചിട്ട് നാലു വര്‍ഷം. പല കല്യാണാലോചനകളും വരുന്നു. ഒന്നും ശരിയാകുന്നില്ല. ജോണുമായി കണ്ട ുമുട്ടിയ അവള്‍ എന്തോ കണ്ടെ ത്തിയപോലെ ആയിരുന്നു. ജന്മാന്തരങ്ങളുടെ പരിചയം ഉള്ള ആരോ ഒരാള്‍ അടുത്തു വന്നപോലെ അവള്‍ക്കു തോന്നി. അവള്‍ക്കവളെ അടക്കാന്‍ കഴിയുന്നില്ല. ആവേശമായിരുന്നു. കാണാനും മിണ്ട ാനും അവള്‍ കൊതിച്ചു.

അവളുടെ കയ്യില്‍ പണമുണ്ടെ ന്നും, ഭാവിയില്‍ തനിക്ക് ബാദ്ധ്യതയാകില്ലെന്നും ഉറപ്പു വരുത്തി ജോണ്‍ ഓരോ ചുവടും മുന്നേറി. “”എനിക്ക് ഒത്തിരി കാര്യങ്ങള്‍ പറയുവാനുണ്ട ്....” അവള്‍ പറഞ്ഞു. “”എനിക്ക് കേള്‍ക്കാനും കൊതിയാ....” ജോണ്‍ മൊഴിഞ്ഞു. അല്പം ആലോചനയില്‍ ജോണ്‍ പറഞ്ഞു “”എനിക്ക് എപ്പോഴും ഷീലയുടെ അടുത്തിരിക്കണമെന്നാഗ്രഹമുണ്ടെ ങ്കിലും സാധിക്കുന്നില്ല. നമുക്ക് ഒരു ഫോണുണ്ട ായിരുന്നെങ്കില്‍....” സെല്‍ഫോണ്‍ പ്രചാരത്തിലാകുന്നേയുള്ളൂ. അവള്‍ രണ്ട ു ഫോണ്‍ വാങ്ങി. ഒന്നവനു സമ്മാനമായി കൊടുത്തു. എല്ലാ മാസവും ബില്‍ അവള്‍തന്നെ കൊടുത്തു. സ്വരമാധുരിയില്‍ മോഹങ്ങള്‍ വളര്‍ന്നതേയുള്ളൂ.... എപ്പോഴും അടുത്തുണ്ട ായിരുന്നെങ്കില്‍.... അതിനും അവന്‍ പരിഹാരം പറഞ്ഞു “”നോക്ക് എനിക്ക് ഭാര്യയും കുട്ടികളുമുണ്ട ്... നമുക്ക് സന്ധിക്കാനൊരിടമില്ല... ഒരു വാന്‍ വാങ്ങിയാല്‍ നമുക്ക് നമ്മുടെ സൗകര്യത്തിന്.....” അവള്‍ കാരവാനിന്റെ ഒരു മിനിവാന്‍ ലീസു ചെയ്തു. അവള്‍ പണമടച്ചു. വാനിന്റെ പുറകിലെ സീറ്റ് നിവര്‍ത്തിയാല്‍ അതൊരു ബഡ്ഡ് പോലെ സൗകര്യപ്രദമായിരുന്നു. അതു മണിയറയായി. ജോണ്‍ എന്ന ആദ്യപുരുഷന്‍ അവള്‍ക്ക് ലഹരിയായി. ജോണില്ലാതെ ഇനി വയ്യ. എന്നെക്കൂടി ഒപ്പം കൂട്ടൂ. അവള്‍ കെഞ്ചി. ഒന്നാം സ്ഥാനം വേണ്ട , രണ്ട ാംസ്ഥാനം മതി. എനിക്കും ഒരവകാശം. ഒരു ചിന്നവീട്. ഞാന്‍ എന്നും ദാസിയായിക്കോളാം. എന്നാലും എനിക്ക് നിങ്ങളില്ലാതെ വയ്യ. ജോണ്‍ പിടി ഒന്നുകൂടി മുറുക്കി. “”ആ ശവത്തിനെയും പിള്ളാരേയും നാട്ടില്‍ വിട്ടാല്‍.... പക്ഷേ.... ഒരു വീടു വേണം....” ഷീലയില്‍ ഒരു പുതിയ മോഹം വിടരുകയായിരുന്നു. അവര്‍ നാട്ടില്‍ പോയാല്‍ ഇവിടെ ജോണിനൊപ്പം.... അവള്‍ വീടു പണിയാന്‍ പ്രേരിപ്പിച്ചു. ഒന്നരലക്ഷം ഡോളര്‍. “”പണം ഞാന്‍ തരാം....” ഷീല ആവേശത്തിലായിരുന്നു. ജോണ്‍ ഒരു പദ്ധതി പഴുതുകളില്ലാതെ സാധിച്ചതിന്റെ തൃപ്തിയിലും.

“”എങ്കിലും അതു മോശമല്ലേ....’’ അവന്‍ രംഗം ഒന്നുകൂടി കൊഴുപ്പിക്കാനെന്നപോലെ ചോദിച്ചു.

“”എന്നെ അന്യയായി കാണുന്നു അല്ലേ.... എന്നാല്‍ വിശ്വാസം വരാന്‍ എല്ലാ ആഴ്ചയും ചെക്ക് ഞാന്‍ ചേട്ടായിക്കു തരാം....’’ അവള്‍ ഉച്ചസ്ഥായിലായി. ജോണ്‍ അവളെ ഉള്ളം കയ്യിലെടുത്തെന്നുറപ്പാക്കി. ഇനി അവള്‍ എന്തും ചെയ്യും. അവള്‍ പ്രേമത്തിലാണ്.

ഒന്നരലക്ഷം ഡോളര്‍ അവളുടെ അക്കൗണ്ട ില്‍ നിന്നും ഒഴുകി. അവള്‍ക്ക് സങ്കടം തോന്നിയില്ല. ഒരു ജീവിതം ജീവിക്കാനല്ലേ.... അവളുടെ ജ്യേഷ്ടത്തിയും ചേട്ടനും ഒന്നും അറിഞ്ഞില്ല. അവര്‍ ഒന്നിലും ഇടപെടാറില്ല. ചിലപ്പോഴൊക്കെ ചോദിക്കും. “”അപ്പന്‍ പറഞ്ഞ ആലോചനക്കാര്യം നീ ഒന്നും പറഞ്ഞില്ലല്ലോ....?’’ അവള്‍ പറയും “”കുറച്ചുകൂടി കഴിയട്ടെ....’’

“”എന്താ സന്യസിക്കാനാണോ പുറപ്പാട്....പ്രായം കഴിഞ്ഞ പെണ്ണും പഴുത്ത ചക്കയും ഒരുപോലാ.... അധികം ആയുസ്സില്ല.’’ ചേച്ചി ഒന്നു നീട്ടി മൂളി. ഷീല ഉള്ളില്‍ ചിരിച്ചു. പാവം അവര്‍ എന്തറിഞ്ഞു. ചലിക്കുന്ന മണിയറ! അവള്‍ ഊറിചിരിച്ചു. എന്നാലും ഇനി അധികം നീട്ടിക്കൂടാ....

ജോണിന്റെ കൊട്ടാരംപോലെയുള്ള വീട് നാട്ടില്‍ ഉയര്‍ന്നു. ഘട്ടം ഘട്ടമായ ചിത്രങ്ങള്‍, അയാള്‍ അവളെ കാണിച്ചു. മേല്‍ക്കൂ മേല്‍ വയ്ക്കുന്ന ഓരോ കല്ലുകളും അവളുടെ സ്വപ്നങ്ങളാണെ ന്നവളറിഞ്ഞു. ഒടുവില്‍ വീട് തീര്‍ന്നു. ചിത്രങ്ങളില്‍ അവന്‍ ഓരോന്നും കാട്ടി പറഞ്ഞു. ഇത് നിന്റെ വീടാണ്. അവള്‍ക്കും അഭിമാനം തോന്നി. അവള്‍ എന്തോ കേള്‍ക്കുവാന്‍ കാതോര്‍ത്തു. അതു മാത്രം ജോണ്‍ പറയുന്നില്ല. അവളുടെ അപ്പന്റെ ദീര്‍ഘമായ കത്തു കിട്ടിയിട്ട് അധികമായിട്ടില്ല. ഇളയ മോളെ മാന്യമായി കെട്ടിച്ചയച്ച് മരിക്കാന്‍ നീ സമ്മതിക്കില്ലേ.... ചേച്ചിക്ക് ചില സൂചനകള്‍ കിട്ടിയിട്ട് അപ്പനെഴുതിയതാകാം. എന്തായാലും ഇനി താമസിക്കരുത്. ഒരു തീരുമാനം അറിയിക്കാനും അറിയാനും സമയമായി.

“”എന്തെങ്കിലും ഒന്നു പറയൂ..... എനിക്കിനി പിടിച്ചു നില്‍ക്കാനാവില്ല....’’ അവള്‍ പറഞ്ഞു. ജോണ്‍ നീണ്ട മൗനത്തിലായിരുന്നു. അയാള്‍ എന്തോ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

“”ഷീലേ.....’’ അയാള്‍ പറയുകയാണ്. സ്വരം ആര്‍ദ്രമായിരുന്നു. “”അവരെ വിടാനുള്ള എല്ലാ ഏര്‍പ്പാടുകളും ഞാന്‍ ചെയ്തതാണ്. ഒരു പ്രൈവറ്റു സ്കൂളില്‍ കഴിഞ്ഞ വര്‍ഷമേ പറഞ്ഞു വെച്ചതാ.... എന്നാല്‍ ഇപ്പം അവരു പറയുന്നു, ഏഴാം ക്ലാസ്സില്‍ മൂത്തവളെ ഇരുത്താന്‍ പറ്റില്ല. ഒന്നുകില്‍ എട്ടാം ക്ലാസ്സ്. അല്ലെങ്കില്‍ അഞ്ചാം ക്ലാസ്സ്. ഇളയവനു കുഴപ്പമില്ല.... ഞാനിപ്പം എന്താ ചെയ്യുന്നത്.... പിള്ളാരുടെ ഭാവിയുടെ കാര്യമല്ലേ.... ഇനി ഒരു വര്‍ഷംകൂടി അത്ര നാള്‍ ആ വാഴപ്പിണ്ട ി സഹിക്കണമെന്നോര്‍ക്കുമ്പോ....’’ അയാള്‍ നിര്‍ത്തി.

“”എന്നാ നമുക്കൊരു വീടെടുത്ത് ഒന്നിച്ചു താമസിച്ചാലോ....’’ കാര്യത്തിന്റെ കിടപ്പ് എങ്ങോട്ടെന്നറിഞ്ഞ് അവള്‍ ചോദിച്ചു.

“”എന്റെ ഷീലമോള്‍ എന്താ ഈ പറയുന്നെ....’’ അവളെ അയാള്‍ അമര്‍ത്തി ചുംബിച്ചു. അവളുടെ കണ്ണുകളിലേക്ക് ആഴത്തില്‍ എത്തി നോക്കി അയാള്‍ പറഞ്ഞു. “”നമ്മള്‍ കുട്ടികളല്ല. വരുംവരാഴികകള്‍ അറിയണം. എനിക്ക് ഒരാണിന്റെ മേലങ്കിയോട് കാര്യങ്ങള്‍ നേരിടാം... നഷ്ടപ്പെടാന്‍ ഒന്നും ഇല്ല. എന്നാല്‍ നിന്റെ ചേച്ചിയും കുടുംബവും കേള്‍ക്കേണ്ട ി വരുന്ന പേരുദോഷം. നാട്ടിലെ നിന്റെ അപ്പന്റെ നിലയും വിലയും. ഇതൊന്നും കണ്ട ില്ലെന്നു നടിക്കാന്‍ പറ്റുമോ?’’ വളരെ നിര്‍ത്തിയും സ്വരത്തില്‍ നാടകീയത വേണ്ട ുവോളം ചേര്‍ത്തും അയാള്‍ അര്‍ത്ഥവിരാമമിട്ട് അവളെ നോക്കി. ഉരുണ്ട ുകൂടിയ അവളുടെ കണ്ണുകള്‍ അയാള്‍ തുടച്ചു. അവള്‍ അപ്പന്റെ കത്ത് അയാളെ കാണിച്ചു. ഒരു വഴി തുറന്നവനെപ്പോലെ അയാള്‍ പറഞ്ഞു.

“”നോക്ക് നിന്റെ അപ്പന്റെ ഹൃദയം എരിയുന്നതു നീ കാണുന്നില്ലേ.... നമ്മള്‍ എപ്പോഴും നമ്മെപ്പറ്റി ചിന്തിക്കുന്നു. മറ്റുള്ളവരുടെ വേദന അറിയണം... ഒന്നാലോചിച്ചു നോക്കൂ. നമ്മള്‍ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയാല്‍, നീ ഒളിച്ചോടി മുന്ന് പിള്ളേരുള്ള ഒരുത്തന്റെ കൂടെ താമസിക്കുന്നു എന്നല്ലേ അവര്‍ പറയൂ. നമ്മുടെ പ്രേമം അവര്‍ കാണില്ല. നിനക്കെന്തു വിലയാണു പിന്നെ.... നിന്റെ ബന്ധുക്കളുടെ അവസ്ഥ എന്താണ്? ഇനി ശ്രദ്ധിച്ചു കേള്‍ക്കണം. നിന്റെ അപ്പന്‍ പറഞ്ഞ ആലോചന നടക്കട്ടെ.... പേരിനൊരു ഭര്‍ത്താവ്. നമുക്കെന്നും മരണം വരെ ഇങ്ങനെ സ്‌നേഹിച്ചുകൊണ്ട ിരിക്കാം. നിന്റെ ഹൃദയം മറ്റാര്‍ക്കും കൊടുക്കരുത്. അതു താങ്ങാന്‍ എനിക്കു കഴിയില്ല..’’ എവിടെ നിന്നോ വരുത്തിയ ഒരു തുള്ളി കണ്ണീര്‍ അവള്‍ കാണാനെന്നപോലെ അയാള്‍ തുടച്ചു.

അവള്‍ ഒന്നും പറഞ്ഞില്ല. ജോണിനു തെറ്റിയില്ല. അവള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ട ു മൂന്നു വര്‍ഷമായി അയാളുടെ സന്നിധിയില്‍ അവള്‍ ആനന്ദമനുഭവിക്കുകയായിരുന്നു. ഒരു നിറവ് പുരുഷന്റെ കരുത്ത്, ഇനി ആരെ ഭയപ്പെടണമെന്ന ഒരു തോന്നല്‍. എല്ലാം തികഞ്ഞവളായിരുന്നു. അവള്‍ അനുസരിക്കാന്‍ തയ്യാറായിരുന്നു. ഒരിക്കലും കൈവിടരുതെന്ന അപേക്ഷ മാത്രം. അന്ധമായ ആരാധന. അവള്‍ സ്വയം പറഞ്ഞു പേരിനൊരു ഭര്‍ത്താവ്..... മൂന്നു മാസംകൊണ്ട ് കല്യാണം. ഒരു ഐ.റ്റി.ക്കാരന്‍. ഒരാഴ്ച. അവള്‍ പുതിയ പുരുഷനെ പരിചയപ്പെട്ടു. കമ്പ്യൂട്ടറുകളുടെ സൈബര്‍ ലോകത്ത്, ആകാശഗംഗയില്‍ എന്നപോലെ ഒഴുകി നടക്കുന്ന ഒരുവന്‍. അവന്റെ ഭാഷ പുതുമയുള്ളതായിരുന്നു. അമേരിക്ക എന്ന സാമ്രാജ്യത്തില്‍ എത്തി പണക്കാരനാകുക എന്ന ലക്ഷ്യത്തില്‍, അവന്‍ ഷീലയെ ജോണ്‍ കണ്ട തുപോലെയല്ല കണ്ട ത്. ജോണ്‍ അവളുടെ ഓരോ ഞരമ്പുകളെയും തൊട്ടുണര്‍ത്തുമ്പോള്‍, പുതിയ പുരുഷന്‍ അവളുടെ ഒരു തന്ത്രിപോലും ഉണര്‍ത്താന്‍ കഴിവുള്ളവനായിരുന്നില്ല. അവള്‍ പുതു മണവാളന്റെ കൈകളില്‍ കിടന്ന് ഊറിച്ചിരിച്ചു. അവന്‍ മണവാട്ടിയെ രമിപ്പിച്ചവനെപ്പോലെ അവളെ ചുംബിച്ചു.

കല്യാണം കഴിഞ്ഞ് അവള്‍ ഓടി വരികയായിരുന്നു കാമുകനൊപ്പം ചേരാന്‍.

“”എങ്ങനെയുണ്ട ായിരുന്നു.’’ ജോണ്‍ ചോദിച്ചു.

“”പേരിനൊരു ഭര്‍ത്താവ്...’’ അവള്‍ പറഞ്ഞു. രണ്ട ുപേരും ചിരിച്ചു. വളരെ നാള്‍ പട്ടിണി കിടന്ന ഒരു പശുവിനെ പുല്‍ത്തകിടിയിലേക്കിറക്കിവിട്ടപോലെ ഷീല ആര്‍ത്തിയിലായിരുന്നു.

“”ആദ്യത്തെ കണ്മണി ചേട്ടായിയുടേതാകട്ടെയെന്നു ഞാന്‍ നേരത്തെ തീരുമാനിച്ചതാ....’’ ഒരു ചെറു ചിരിയോടവള്‍ പറഞ്ഞു.

“”അപ്പോള്‍ മരുന്നു കഴിച്ചില്ലേ....’’ ജോണ്‍ അല്പം അങ്കലാപ്പിലായിരുന്നു.

“”ഇനി അതിന്റെ ആവശ്യമില്ലല്ലോ.... പേരിനൊരു ഭര്‍ത്താവില്ലേ....’’ അവള്‍ ചോദിച്ചു.

“”അപ്പോള്‍ അവനുമായി....’’

“”പേരിനുവേണ്ട ി.... സംശയങ്ങള്‍ കൊടുക്കരുതല്ലോ.... പിന്നെ പ്രിക്വേഷന്‍ എടുത്തിരുന്നു. ഇനി ഒരേ സമയം ഭാര്യയും കാമുകിയും ആയി പകര്‍ന്നാടേണ്ട തല്ലേ.... അവനെ പറ്റിക്കാന്‍ പഠിക്കണ്ടേ ....’’ ജോണ്‍ ഒന്നും പറഞ്ഞില്ല. ഒരു പ്രശ്‌നം ഭംഗിയായി പരിഹരിച്ചു. ഇനി..... ഇനി അവള്‍ വിസ്മൃതിയില്‍.... പുതിയ ഒരാള്‍. അയാളുടെ മനസ്സ് അങ്ങനെ പറയുകയായിരുന്നു. സ്ത്രീ സമര്‍പ്പിക്കുമ്പോഴെല്ലാം പുരുഷന്‍ നിന്ദയോടെ അതിനെ തട്ടിത്തെറിപ്പിക്കുകയല്ലേ.... ഷീലയുടെ ഉള്ള് കൊതിച്ചപോലെ ജോണ്‍ അവളിലേക്ക് ഇറങ്ങുന്നില്ലെന്നൊരു തോന്നല്‍. നിറഞ്ഞുവരുന്ന ഗര്‍ഭത്തെ തലോടി അവളുടെ വ്യാക്കൂണുകള്‍ പറയുവാന്‍ ഒരാണിനുവേണ്ട ി അവള്‍ കൊതിച്ചു. ജോണ്‍ പറഞ്ഞു. “”ഷീലേ നിനക്ക് ഒരു തുണ വേണ്ട സമയമാ വരാന്‍ പോകുന്നത്. നീ അവനുള്ള പേപ്പറുകള്‍ അയയ്ക്കണം. എനിക്കെപ്പോഴും നിന്റെ അടുത്തിരിക്കണമെന്നുണ്ടെ ങ്കിലും നമ്മുടെ പരിമിതികള്‍ അറിയാമല്ലോ....’’ ജോണിലെ തണുപ്പ് അവള്‍ അറിയുന്നുണ്ട ായിരുന്നു. സിറ്റിസണ്‍ ആയതിനാല്‍ അധിക കാലതാമസമില്ലാതെ കുര്യനെ കൊണ്ട ുവരാം. അവള്‍ സമ്മതിച്ചു.

ഒരിടത്തരം കുടുംബത്തിലെ മൂത്ത മകനാണ് കുര്യന്‍. അപ്പന്‍ ഗള്‍ഫുമോഹങ്ങളുമായി ഉണ്ട ായിരുന്ന പലചരക്കു കടയും പത്തുസെന്റു സ്ഥലവും വിറ്റ്, ഗതിപിടിക്കാതെ നിറയെ അസുഖങ്ങളുമായി തിരികെ വന്നവനാണ്. അമ്മ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയും. വകതിരുവുള്ള മാതാപിതാക്കള്‍. എടുത്തു ചാട്ടങ്ങളില്ലാത്ത കുര്യന്‍. താഴ്മയും വിനയവുമുള്ളവന്‍. എന്തിനു കുര്യനെ തിരഞ്ഞെടുത്തു. പേരിനൊരു ഭര്‍ത്താവ്. ഒപ്പം നടക്കാനും ചൂണ്ട ിക്കാണിക്കാനും ഒരുവന്‍. ഇങ്ങനെ ഒരുവന്‍ ഏറെ നന്നായി. മനസ്സു പറഞ്ഞു. അമ്മ അവളെ ആദരവോടെ ആനയിച്ചു. മോളെ ഇവിടെ സൗകര്യങ്ങള്‍ കുറവാണ്. നീ അത് കാര്യമാക്കരുത്. ഞങ്ങളവനെ വളരെ കഷ്ടപ്പെട്ടാ പഠിപ്പിച്ചത്. അവനു താഴെ രണ്ട ുപേര്‍ കൂടി ഉണ്ടെ ന്നറിയാമല്ലോ... ആ അമ്മ മറ്റെന്തൊക്കെയോ പറയുകയാണെന്നവള്‍ക്കു തോന്നി. ഈ കുടുംബത്തിനു പണമാണ് പ്രശ്‌നം അവള്‍ തിരിച്ചറിഞ്ഞു. കൊടുക്കാം പണം കൊടുക്കാം.... തിരഞ്ഞെടുപ്പു മോശമായില്ല. വരുതിയില്‍ നില്‍ക്കുന്ന പേരിനൊരു ഭര്‍ത്താവ്. അവള്‍ ഉള്ളത്തില്‍ സന്തോഷിച്ചു.

ഭാര്യാവീട്ടിലെ ആര്‍ഭാടങ്ങളില്‍ അപകര്‍ഷതയുടെ താളങ്ങളുമായി കുര്യന്‍ കിടപ്പുമുറിയില്‍ കാത്തിരുന്നു. അവന്റെ മനസ്സില്‍ എന്തൊക്കെയോ കണ്ട ചില സിനിമകളിലെ ഫ്രെയിമുകള്‍ ഇളകി. ഷീല ഔപചാരികതകളൊന്നുമില്ലാതെ ഒരു നേര്‍ത്ത നൈറ്റിയില്‍ കിടപ്പുമുറിയില്‍. അവന്റെ മനസ്സില്‍ ഒരു താളം. എങ്ങനെ എന്ത്....

വന്നപാടെ അവള്‍ ചോദിച്ചു. “”എങ്ങനെ കൂര്‍ക്കം വലിക്കുമോ....?’’ ഒരു ഭാര്യയുടെ ആദ്യചോദ്യമാണ്. മനസ്സില്‍ തെളിഞ്ഞ ഫ്രെയിമുകളിലെ ചിത്രങ്ങള്‍ ചിരിച്ചു. അവന്‍ ഒന്നും പറയാതെ അവളെ നോക്കി. അവളില്‍ പരിഭ്രമമൊന്നുമില്ലായിരുന്നു. അവള്‍ തിടുക്കത്തില്‍ ഉറക്കത്തിലേക്ക് നീന്തി ഇറങ്ങുവാനുള്ള ഭാവമായിരുന്നു. ഒരു മുന്‍ കരുതലിനായി അവള്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഗുളികകള്‍ വിഴുങ്ങിയിരുന്നു.

കുര്യന്‍ അസ്വസ്ഥനായിരുന്നു. ആദ്യരാത്രിയില്‍ ഭാര്യയോടു പറയാന്‍ ചിലതെല്ലാം കരുതിയിരുന്നു. പ്രതിജ്ഞകളും പാലിക്കേണ്ട വിശ്വാസപ്രമാണങ്ങളും ഉരുവിട്ടു പഠിച്ചിരുന്നു. ഒന്നും വേണ്ട ി വന്നില്ല. അവള്‍ ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ പറ്റിച്ച കാര്യം ജോണിച്ചേട്ടനോടു പറഞ്ഞ് ചിരിക്കുന്നതോര്‍ത്ത് ഉറക്കത്തിലേക്ക് വഴുതി. രാവിലെ തന്നെ വിരുന്നുവീടുകളിലേക്കുള്ള പ്രയാണം. പിന്നെ ഷോപ്പിങ്ങ്.
(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക