Image

കന്യാസ്ത്രീകളുടെ സമരത്തില്‍ ജിഹാദികള്‍ക്കും സംഘപരിവാറിനുമൊപ്പം സഭാവിരുദ്ധരും കൈകോര്‍ത്തു; ക്വട്ടേഷന്‍ സ്വീകരിച്ച മാധ്യമങ്ങളുടെ നാടകത്തില്‍ കേരളസഭ പകച്ചുപോയി; ബിഷപ്പിന്റെ ലേഖനം

Published on 11 February, 2019
കന്യാസ്ത്രീകളുടെ സമരത്തില്‍ ജിഹാദികള്‍ക്കും സംഘപരിവാറിനുമൊപ്പം സഭാവിരുദ്ധരും കൈകോര്‍ത്തു; ക്വട്ടേഷന്‍ സ്വീകരിച്ച മാധ്യമങ്ങളുടെ നാടകത്തില്‍ കേരളസഭ പകച്ചുപോയി; ബിഷപ്പിന്റെ ലേഖനം

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് കന്യാസ്ത്രീ പീഡനമേറ്റു എന്ന സത്യം അറിയാതെയാണെങ്കിലും തുറന്നുസമ്മതിച്ച് തലശേരി രൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി. ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് സ്‌നേഹധാര എന്ന മാസികയില്‍ എഴുതിയ ലേഖനത്തിലാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് അബദ്ധത്തിലാണെങ്കിലും അംഗീകരിച്ചുപോയത്. കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ സന്യസ്തര്‍ നടത്തിയ സമരത്തിനു പിന്നില്‍ സഭാവിരുദ്ധരും ജിഹാദികളും സംഘപരിവാര്‍ ശക്തികളുമാണെന്നാണ് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഡോ.ജോസഫ് പാംപ്ലാനി പറയുന്നത്.

ആലപ്പുഴ ഐ.എം.എസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'സ്‌നേഹധാര' ഫെബ്രുവരി ലക്കത്തില്‍ എഴുതിയ 'സന്യാസത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നവര്‍' എന്ന ലേഖനത്തിലാണ് കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞും അവരെ പിന്തുണച്ചവരെ വര്‍ഗീയ വാദികളും സഭാവിരുദ്ധരുമായി ചിത്രീകരിച്ചിരിക്കുന്നത്. ലേഖനത്തിന്റെ രണ്ടാമത്തെ ഖണ്ഡികയിലാണ് ഇക്കാര്യം പറയുന്നത്. അത് ഇങ്ങനെയാണ്: 'സഭയുടെ ശക്തി സന്യാസമാണെന്ന തിരിച്ചറിവില്‍ നിന്ന് സന്യാസഹിംസയ്ക്കുള്ള പടപ്പുറപ്പാട് ആരംഭിച്ച വിവരം വൈകിയാണെങ്കിലും നാം തിരിച്ചറിയണം. കേരളത്തിലെ വര്‍ഗീയ ചേരിതിരിവിന്റെ വക്താക്കളായ ജിഹാദികളും സംഘികളും ഈ ലക്ഷ്യത്തിനായി കൈകോര്‍ത്തു എന്ന സത്യവും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സഭയുടെ ശത്രുക്കള്‍ കുമ്പസാരത്തിനും പൗരോഹിത്യത്തിനും സഭാസംഘടനയക്കും എതിരെ മുന്‍കൂട്ടി തയ്യാറാക്കിയ സമരപ്പന്തലില്‍ പീഡിതയായ സഹോദരിയുടെ സഹപ്രവര്‍ത്തകരായ സന്യസ്തരെ എത്തിച്ച സഭാവിരുദ്ധരുടെ തന്ത്രം ഒരു സംഘാതനീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയാന്‍ നാം വൈകി. കത്തോലിക്കാ സഭവിരുദ്ധരുടെ സമരത്തെ സന്യസ്തരുടെ സമരമാക്കാന്‍ കഴിഞ്ഞതാണ് അവരുടെ വിജയം. സഭാധ്വംസനത്തിന് സംഘപരിവാറില്‍ നിന്നോ ജിഹാദികളില്‍ നിന്നോ ക്വട്ടേഷന്‍ സ്വീകരിച്ചിട്ടുള്ള ചില മുഖ്യധാരാ മാധ്യമങ്ങളെ അണിനിരത്തി നടത്തിയ നാടകത്തില്‍ കേരളസഭ പകച്ചുപോയി എന്നതാണ് സത്യം-അദ്ദേഹം പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക